ഫ്രഞ്ച് ദശീയ പതാകയ്ക്കു വര്‍ണ്ണമാറ്റം വരുത്തി മാക്രോണ്‍; വിപ്ലവ സ്മരണയുണര്‍ത്താന്‍ 'നേവി ബ്ലൂ' നിറവും

ഫ്രഞ്ച് ദശീയ പതാകയ്ക്കു വര്‍ണ്ണമാറ്റം വരുത്തി മാക്രോണ്‍;  വിപ്ലവ സ്മരണയുണര്‍ത്താന്‍ 'നേവി ബ്ലൂ' നിറവും

പാരിസ്: ദേശീയ പതാകയുടെ നിറം മാറ്റി ഫ്രാന്‍സ്. പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ഇതു നടപ്പാക്കിയിരുന്നെങ്കിലും പൊതുജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നില്ലെന്ന് യൂറോപ്പ് 1 റേഡിയോ റിപ്പോര്‍ട്ട് ചെയ്തു. എലീസീ കൊട്ടാരത്തിന് മുകളില്‍ പറക്കുന്ന ചുവപ്പ്-വെളുപ്പ്-നീല പതാകകളിലെ വര്‍ണ്ണ മാറ്റം കണ്ടെത്താന്‍ വാര്‍ത്താസമ്മേളനങ്ങളിലെ വീഡിയോയില്‍ കഴിഞ്ഞിരുന്നില്ല.

അതിസൂക്ഷ്മമാണു മാറ്റം; സൂക്ഷിച്ച് നോക്കിയാല്‍ മാത്രം തിരിച്ചറിയാം. മുമ്പ് ഉണ്ടായിരുന്ന തിളക്കമുള്ള നീല നിറത്തിന് പകരം ഇരുണ്ട നേവി ബ്ലൂ നിറമാണ് പതാകയ്ക്ക് നല്‍കിയിരിക്കുന്നത്. മാക്രോണിന്റെ ഓപ്പറേഷന്‍സ് ഡയറക്ടര്‍ അര്‍നൗഡ് ജോലെന്‍സും ഉപദേശകന്‍ ബ്രൂണോ റോജര്‍-പെറ്റിറ്റും ഉള്‍പ്പെടെയുള്ളവരുടെ നിര്‍ദ്ദേശപ്രകാരമാണേ്രത ഈ മാറ്റം വരുത്തിയത്.

പാരമ്പര്യത്തിലേക്കുള്ള തിരിച്ചുവരവിനെയാണ് നേവി ബ്ലൂ നിറം അടയാളപ്പെടുത്തുന്നത്.ഫ്രഞ്ച് വിപ്ലവത്തിന്റെ സ്മരണയുണര്‍ത്തുന്നതാണ് നേവി ബ്ലൂ. 1976 ല്‍ അന്നത്തെ പ്രസിഡന്റ് വലേരി ഗിസ്‌കാര്‍ഡ് ആയിരുന്നു കടും നീല നിറം മാറ്റി പതാകയ്ക്ക് ഇളം നീല നിറം നല്‍കിയത്. എന്നാല്‍ നീലയില്‍ മഞ്ഞ നക്ഷത്രങ്ങള്‍ ഉള്ള യൂറോപ്യന്‍ പതാകയുടെ നിറവുമായി ഇതിന് സാമ്യമുണ്ടായിരുന്നു.

2018 മുതലുള്ള പ്രസംഗങ്ങളില്‍ മാക്രോണിന് പിന്നില്‍ സ്ഥാപിച്ചിട്ടുള്ള പതാകകളും പിന്നീട് 2020 ജൂലൈ മുതല്‍ എലീസിയിലും മറ്റ് പ്രസിഡന്‍ഷ്യല്‍ കെട്ടിടങ്ങളിലും പറക്കുന്ന പതാകകളിലും നിറ മാറ്റം വരുത്തിയതായി പേര് വെളിപ്പെടുത്താതെ ഒരു പ്രസിഡന്‍ഷ്യല്‍ ഉദ്യോഗസ്ഥന്‍ എഎഫ്പിയോട് പറഞ്ഞു.

നേവി ബ്ലൂ നിറം ഫ്രഞ്ച് വിപ്ലവത്തിനു പുറമേ ഒന്നാം ലോകമഹായുദ്ധത്തിലെയും രണ്ടാം ലോകമഹായുദ്ധത്തിലെയും ഫ്രാന്‍സിന്റെ ചെറുത്തുനില്‍പ്പും അനേകരുടെ പോരാട്ട വീര്യവും ഓര്‍മ്മിപ്പിക്കുന്നുവെന്ന് ഉദ്യോഗസ്ഥന്‍ ചൂണ്ടിക്കാട്ടി. പത്രപ്രവര്‍ത്തകരായ എലിയറ്റ് ബ്ലോണ്ടെറ്റും പോള്‍ ലാറൂട്ടുറോയും പ്രസിദ്ധീകരിച്ച 'എലീസീ കോണ്‍ഫിഡന്‍ഷ്യല്‍' എന്ന പുസ്തകത്തില്‍ ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയതിന് ശേഷമാണ് പതാകയിലെ മാറ്റം ആളുകള്‍ ശ്രദ്ധിച്ചത്. ഈ മാറ്റത്തിനായി 5,000 യൂറോ ചെലവായി.

.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.