ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ സംയുക്ത നീക്കത്തിനു തയ്യാറെടുത്ത് ഫ്രാന്‍സും ഇന്ത്യയും

  ഇസ്ലാമിക ഭീകരതയ്ക്കെതിരെ ശക്തമായ സംയുക്ത നീക്കത്തിനു തയ്യാറെടുത്ത് ഫ്രാന്‍സും ഇന്ത്യയും


പാരിസ്: ഭീകരതയ്‌ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യക്കൊപ്പമെന്ന് ഫ്രാന്‍സ്. ഇരു രാജ്യങ്ങളുടെയും പ്രതിനിധികള്‍ പങ്കെടുത്ത പാരിസിലെ തീവ്രവാദ വിരുദ്ധ യോഗത്തില്‍ തങ്ങളുടെ മേഖലകളിലെ തീവ്രവാദ ഭീഷണിയുടെ പരിണാമത്തെക്കുറിച്ചുള്ള സൂക്ഷ്മമായ വിലയിരുത്തല്‍ നടത്തി. ഇസ്ലാമിക ഭീകരതയ്‌ക്കെതിരെ ശക്തമായ നടപടികളെടുത്തുവരുന്ന ഫ്രാന്‍സ് ഇന്ത്യക്കൊപ്പം ഏഷ്യന്‍ മേഖലയില്‍ നീങ്ങുമെന്നാണ് ഉറപ്പു നല്‍കിയിരിക്കുന്നത്.

ഈ വര്‍ഷത്തെ യു.എന്‍ പ്രമേയ പ്രകാരം അഫ്ഗാന്‍ പ്രദേശം തീവ്രവാദത്തിന്റെ ഭൂമികയായി മാറുന്നില്ലെന്നുറപ്പുവരുത്തേണ്ടതുണ്ട്. ഒരു രാജ്യത്തെയും ഭീഷണിപ്പെടുത്തുന്നതിനോ ആക്രമിക്കുന്നതിനോ അഫ്ഗാന്‍ തുനിയരുത്. അവിടം തീവ്രവാദികളുടെ അഭയ കേന്ദ്രമാകാനോ റിക്രൂട്ട് സെന്ററും പരിശീലന കേന്ദ്രവുമാകാനോ ഇടയാകരുത്. ഭീകരാക്രമണങ്ങള്‍ ആസൂത്രണം ചെയ്യാനും അതിനായി സാമ്പത്തിക സഹായം ചെയ്യാനും ഇനിയൊരിക്കലും അഫ്ഗാനെ ഉപയോഗിക്കരുതെന്നും യോഗം ആവശ്യപ്പെട്ടു.

ഭീകര വിരുദ്ധ പോരാട്ടങ്ങളുടെ ചുമതല വഹിക്കുന്ന ഇന്ത്യന്‍ വിദേശകാര്യവകുപ്പ് പ്രതിനിധി മഹാവീര്‍ സിംഘ്വി ഫ്രാന്‍സിന്റെ ചുമതലക്കാരനായ ഫിലിപ്പ് മെട്രോക്‌സുമായി പ്രത്യേക കൂടിക്കാഴ്ച നടത്തി. അഫ്ഗാനില്‍ ഇന്ത്യക്കെതിരെ പ്രവര്‍ത്തിക്കുന്ന മുഴുവന്‍ പാക് ഭീകരരുടെയും വിവരങ്ങള്‍ ശേഖരിക്കാന്‍ ഫ്രാന്‍സ് സഹായമേകും.

പാക് ഭീകരര്‍ ഫ്രാന്‍സില്‍ നടത്തിയ വിവിധ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ ഏഷ്യന്‍ മേഖലയില്‍ ഫ്രഞ്ച് ഭരണകൂടം ശ്രദ്ധ വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. മത ഭീകര സംഘടനകളെല്ലാം ഫ്രഞ്ച് രഹസ്യാന്വേഷണ വിഭാഗങ്ങളുടെ കനത്ത നിരീക്ഷണത്തിലാണ്. ഇസ്ലാമിക മത മൗലികവാദത്തിനെതിരെ ശക്തമായ നിയമ നടപടികളുമായി മുന്നോട്ട് പോകുന്ന ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്റെ നയവും ഇന്ത്യക്ക് ഏറെ ഗുണകരമാണെന്നാണു നിരീക്ഷണം. അഫ്ഗാനിലെ മാറിയ പരിസ്ഥിതിയില്‍ ഭീകരരുടെ നീക്കങ്ങളെ സശ്രദ്ധം വീക്ഷിക്കുന്ന ഇന്ത്യ പാകിസ്താന്റെ അഫ്ഗാനിലെ ഇടപെടലുകളും ഫ്രാന്‍സിനെ ധരിപ്പിച്ചു.

ഇരു രാജ്യങ്ങളും ഭീകരവിരുദ്ധ പോരാട്ടങ്ങളുടെ വിവിധ വശങ്ങള്‍ ചര്‍ച്ചചെയ്തു. ഏഷ്യന്‍ മേഖലയിലെ ഭീകരര്‍ യൂറോപ്പിനെ ലക്ഷ്യമാക്കിയാണ് ആയുധ കടത്തും മയക്കു മരുന്നുകടത്തും നടത്തുന്നത്. നൂതന സാങ്കേതിക വിദ്യകളും ഇന്റര്‍നെറ്റും ഉപയോഗിച്ചുള്ള സൈബര്‍ ഭീകരതയും തടയേണ്ടത് അനിവാര്യമാണെന്നും ഇരു രാജ്യങ്ങളുടേയും പ്രതിനിധികള്‍ അറിയിച്ചു.

അല്‍-ഖ്വയ്ദ, ഐഎസ്ഐഎസ്്, ലഷ്‌കര്‍ ഇ-തയ്യിബ (എല്‍ഇടി), ജെയ്ഷ്, ഹിസ്ബുള്‍ മുജാഹിദ്ദീന്‍ എന്നിവയുള്‍പ്പെടെ എല്ലാ ഭീകര ശൃംഖലകള്‍ക്കെതിരെയും യോജിച്ച നടപടി സ്വീകരിക്കേണ്ടതിന്റെ ആവശ്യകത യോഗം ഊന്നിപ്പറഞ്ഞു. ഭീകരാക്രമണ കുറ്റവാളികളെ വ്യവസ്ഥാപിതമായും വേഗത്തിലും നിയമത്തിന് മുന്നില്‍ കൊണ്ടുവരുന്നുവെന്ന് ഉറപ്പാക്കണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.