കോവിഡിനൊപ്പം ജീവിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; മറ്റു രാജ്യങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എന്തൊക്കെ?

കോവിഡിനൊപ്പം ജീവിക്കാന്‍ ഒരുങ്ങി ഓസ്‌ട്രേലിയ; മറ്റു രാജ്യങ്ങള്‍ നല്‍കുന്ന മുന്നറിയിപ്പുകള്‍ എന്തൊക്കെ?

സിഡ്‌നി: കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിക്കുന്നതില്‍ ലോകമെമ്പാടുമുള്ള രാജ്യങ്ങള്‍ ഓസ്ട്രേലിയയേക്കാള്‍ ഒരുപടി മുന്നിലാണ്. കാനഡ, യു.എസ്, യുകെ അടക്കമുള്ള രാജ്യങ്ങള്‍ കോവിഡിനൊപ്പം ജീവിക്കുക നയം നേരത്തെ സ്വീകരിക്കുകയും എല്ലാ മേഖലകളും തുറന്നുകൊടുക്കുകയും ചെയ്തുകഴിഞ്ഞു. അതേസമയം 70 ശതമാനത്തിനു മുകളില്‍ കോവിഡ് വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ചിട്ടും ഓസ്‌ട്രേലിയ ഇപ്പോഴും കേസുകള്‍ ഉയരാതിരിക്കാന്‍ കര്‍ശന നിയന്ത്രണങ്ങള്‍ പിന്തുടരുന്നുണ്ട്.

16 വയസിനു മുകളിലുള്ള ജനസംഖ്യയുടെ 91 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ച ന്യൂ സൗത്ത് വെയില്‍സ് അഞ്ചാഴ്ച മുന്‍പാണ് ആദ്യഘട്ട നിയന്ത്രണങ്ങള്‍ എടുത്തുകളഞ്ഞത്. സംസ്ഥാനത്ത് ഏഴ് ദിവസത്തെ ശരാശരി കോവിഡ് കേസുകളുടെ എണ്ണം 200-നു മുകളിലാണ് രേഖപ്പെടുത്തിയത്.

86.6 ശതമാനം സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ച വിക്ടോറിയ ഒക്ടോബര്‍ അവസാനത്തോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു. അതിനുശേഷം കേസുകളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവുണ്ടായി.

അതേസമയം നിലവില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്യുന്നില്ലെങ്കിലും പടിഞ്ഞാറന്‍ ഓസ്ട്രേലിയ േനരത്തെ പ്രഖ്യാപിച്ചതുപോലെ ജനുവരി അവസാനമോ ഫെബ്രുവരി ആദ്യമോ പോലും അതിര്‍ത്തികള്‍ തുറക്കുമോ എന്ന കാര്യം സംശയമാണ്. നോര്‍ത്തേണ്‍ ടെറിട്ടറി പ്രദേശമായ ഗ്രേറ്റര്‍ കാതറിനില്‍ ലോക്ഡൗണ്‍ വീണ്ടും നീട്ടി.

ക്വീന്‍സ്ലാന്‍ഡും ടാസ്മാനിയയും അടുത്ത മാസം അതിര്‍ത്തികള്‍ തുറക്കും. സൗത്ത് ഓസ്ട്രേലിയ അടുത്ത ആഴ്ച തുറക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഓസ്ട്രേലിയയില്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത് വളരെക്കുറവാണെന്നത് ആരോഗ്യ വിദ്ധരെ അത്ഭുതപ്പെടുത്തുന്നുണ്ടെങ്കിലും കോവിഡിന്റെ മറ്റൊരു തരംഗം രാജ്യത്തുണ്ടാകുമെന്നാണ് ചിലര്‍ അഭിപ്രായപ്പെടുന്നത്.

സംസ്ഥാനങ്ങള്‍ നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി ലഘൂകരിക്കുന്നുണ്ടെങ്കിലും കോവിഡിനൊപ്പം ജീവിക്കാന്‍ ഓസ്‌ട്രേലിയ ഇപ്പോഴും വിമുഖത പ്രകടിപ്പിക്കുന്നുണ്ട്. രാജ്യത്തിന്റെ ഈ സമീപനം ശരിയോ തെറ്റോ എന്നതാണ് ഈ റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നത്.

ഓസ്ട്രേലിയയെക്കാള്‍ നേരത്തെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ച രാജ്യങ്ങളില്‍ നിലവില്‍ എന്താണ് അവസ്ഥയെന്ന് ആദ്യം വിലയിരുത്താം. ഇതില്‍നിന്ന് ഓസ്‌ട്രേലിയയ്ക്ക് എന്ത് പാഠം ഉള്‍ക്കൊള്ളാനാകുമെന്നും പരിശോധിക്കാം.

'കോവിഡിനൊപ്പം ജീവിക്കുക' എന്ന നയം എങ്ങനെ പ്രാവര്‍ത്തികമാക്കുന്നു എന്നതു സംബന്ധിച്ച് ഓസ്‌ട്രേലിയന്‍ മാധ്യമമായ എബിസി ന്യൂസ് കാനഡ, സിംഗപ്പൂര്‍, യുഎസ്, യുകെ എന്നീ നാലു രാജ്യങ്ങളിലെ വിദഗ്ധരോട് അഭിപ്രായങ്ങള്‍ തേടിയിരുന്നു. നാലു രാജ്യങ്ങളിലെയും നിലവിലെ അവസ്ഥ ഇതാണ്;


യുകെയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ചപ്പോള്‍ ജനങ്ങള്‍ നടത്തിയ ആഷോഷത്തില്‍നിന്ന്.

യു.കെ
നിലവില്‍ യുകെയില്‍, പ്രതിദിന കോവിഡ് കേസുകളുടെ എണ്ണം 40,000-ത്തിന് അടുത്താണ്. പ്രതിദിന മരണം ശരാശരി ആയിരവും. ജൂലൈയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ ലഘൂകരിച്ച ദിവസം 'സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കാന്‍ അനുവാദം നല്‍കിയതില്‍ ബോറിസ് ജോണ്‍സണ്‍ സര്‍ക്കാര്‍ ഇപ്പോഴും വിമര്‍ശനം നേരിടുന്നുണ്ട്. മാസ്‌ക് ഒഴിവാക്കുന്നത് ഉള്‍പ്പെടെ ഒട്ടെല്ലാ നിയന്ത്രണങ്ങളും ലഘൂകരിച്ചിരുന്നു. അതിന്റെ പ്രത്യാഘാതങ്ങളാണ് രാജ്യം ഇപ്പോള്‍ അനുഭവിക്കുന്നത്.

മൊത്തം ജനസംഖ്യയില്‍ 68 ശതമാനം പേരാണ് ഇരട്ട വാക്‌സിന്‍ സ്വീകരിച്ചത്. രാജ്യത്തിന്റെ കോവിഡ് സമീപനത്തില്‍ ആരോഗ്യ വിദഗ്ധര്‍ വലിയ എതിര്‍പ്പ് ഉയര്‍ത്തിയിട്ടുണ്ട്.

66 ശതമാനം വാക്‌സിന്‍ നിരക്ക് കൈവരിച്ച ഘട്ടത്തില്‍ ലോക്ഡൗണ്‍ പിന്‍വലിച്ചത് വലിയ തെറ്റായിരുന്നുവെന്ന് ലണ്ടന്‍ ക്യൂന്‍ മേരി യൂണിവേഴ്‌സിറ്റിയിലെ എപ്പിഡെമിയോളജിസ്റ്റും പബ്ലിക് ഹെല്‍ത്ത് ഗവേഷകയുമായ ദീപ്തി ഗുര്‍ദാസാനി വിലയിരുത്തുന്നു. യുകെയില്‍ കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന കാഴ്ച്ചയാണു കണ്ടത്. സ്‌കൂളുകളില്‍ കോവിഡ് പടര്‍ന്നുപിടിച്ചു. സെപ്റ്റംബറില്‍ സ്‌കൂളുകള്‍ തുറന്ന ഘട്ടത്തില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ കോവിഡ് പിടിപെട്ട വിദ്യാര്‍ത്ഥികളുടെ എണ്ണം 122,000-ല്‍ നിന്ന് 204,000 ആയി ഉയര്‍ന്നു.

ഓസ്ട്രേലിയയില്‍ കുട്ടികള്‍ക്കും കൗമാരക്കാര്‍ക്കും എത്രയും വേഗം വാക്‌സിന്‍ നല്‍കണമെന്ന് പ്രൊഫ. ദീപ്തി ഗുര്‍ദാസാനി നിര്‍ദേശിക്കുന്നു.

സ്‌കൂളുകളില്‍ മാസ്‌ക് നിബന്ധന ഒഴിവാക്കിയതും സ്‌കൂളില്‍ എത്തുന്നതിന് മുമ്പ് വിദ്യാര്‍ഥികള്‍ക്കു വാക്‌സിന്‍ നല്‍കാത്തതുമാണ് യുകെ വരുത്തിയ പ്രധാന തെറ്റുകളെന്ന് ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഹൈജീന്‍ & ട്രോപ്പിക്കല്‍ മെഡിസിനിലെ എപ്പിഡെമിയോളജിസ്റ്റ് ജോണ്‍ എഡ്മണ്ട്‌സ് പറയുന്നു. ജോലിയിലേക്കു മടങ്ങിയവര്‍ക്കു കൂടുതല്‍ കര്‍ക്കശമായ പരിശോധനാ സമീപനം സ്വീകരിക്കേണ്ടതായിരുന്നുവെന്നും പ്രൊഫ. ജോണ്‍ എഡ്മണ്ട്‌സ് പറഞ്ഞു.

യു.കെയുടെ വീണ്ടുവിചാരമില്ലാത്ത സമീപനങ്ങളില്‍നിന്നു പാഠം ഉള്‍ക്കൊണ്ട് ഓസ്ട്രേലിയ വീട്ടിലിരുന്നുള്ള ജോലി പ്രോത്സാഹിപ്പിക്കണമെന്നും ജോണ്‍ കൂട്ടിച്ചേര്‍ത്തു.

യു.എസ്.
യുഎസിലെ ചില സംസ്ഥാനങ്ങള്‍ ആറുമാസത്തിലേറെയായി നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയിട്ടുണ്ട്. രാജ്യത്തെ ഏഴു ദിവസത്തെ ശരാശരി കോവിഡ് കേസുകള്‍ 83,000 ആണ്. പ്രതിദിന മരണനിരക്ക് ശരാശരി 1,100.

12 വയസിന് മുകളിലുള്ള ജനസംഖ്യയുടെ 69 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചു. ബൂസ്റ്റര്‍ ഡോസിനും അനുമതി നല്‍കിക്കഴിഞ്ഞു.



എന്നാല്‍ യു.എസില്‍ വാക്‌സിന്‍ നിരക്ക് കുറഞ്ഞ സംസ്ഥാനങ്ങള്‍ കോവിഡുമായുള്ള പോരാട്ടത്തില്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടതായി ഹാര്‍വാര്‍ഡ് യൂണിവേഴ്സിറ്റി പ്രൊഫ. ബില്‍ ഹാനേജ് പറയുന്നു.

വാക്സിനുകള്‍ വൈറസിനെ അപ്രത്യക്ഷമാക്കുമെന്ന് കരുതരുതെന്ന് ഓസ്ട്രേലിയയ്ക്ക് പ്രൊഫ. ഹാനേജ് മുന്നറിയിപ്പു നല്‍കി. പുതുതായി ആര്‍ജിച്ച പ്രതിരോധശേഷിയും കാലാവസ്ഥാ ഘടകങ്ങളും കാരണം ഓസ്ട്രേലിയ വേനല്‍ക്കാലം നല്ല രീതിയില്‍ കടന്നുപോകും. എന്നാല്‍ അടുത്ത ശൈത്യകാലത്ത് കോവിഡ് വ്യാപനം മടങ്ങിവന്നേക്കും. ഏറ്റവും കൂടുതല്‍ അപകടസാധ്യതയുള്ളത് പ്രായമായവര്‍ക്കും മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നവര്‍ക്കുമാണ്. അതിനാല്‍ മാസ്‌ക് ധരിക്കുന്നതും കര്‍ശനമായ പരിശോധനാ സംവിധാനങ്ങളും തുടരണം.

മഹാമാരിയില്‍നിന്ന് പ്രായമായവരെ സംരക്ഷിക്കുന്നതില്‍ അമേരിക്ക പരാജയപ്പെട്ടതായി സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റി മെഡിസിന്‍ പ്രൊഫസറും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജയ് ഭട്ടാചാര്യ കുറ്റപ്പെടുത്തി. നിരവധി വയോധികരാണ് ഇവിടെ മരണത്തിനു കീഴടങ്ങിയത്.

അതുപോലെ ലോക്ഡൗണുകള്‍ ആരോഗ്യ മേഖലയിലും വലിയ പ്രത്യാഘാതം സൃഷ്ടിച്ചു. കാന്‍സര്‍ സ്‌ക്രീനിംഗ്, സര്‍ജറികള്‍, മറ്റ് പ്രധാനപ്പെട്ട ആരോഗ്യസേവനങ്ങള്‍ ഒഴിവാക്കാന്‍ നിരവധി ആളുകളെ ലോക്ഡൗണ്‍ പ്രേരിപ്പിച്ചതായി അദ്ദേഹം പറഞ്ഞു. ഓസ്ട്രേലിയയിലും ഇത് സംഭവിച്ചിട്ടുണ്ട്.

സിംഗപ്പൂര്‍
കോവിഡിനെ നേരിടുന്നതില്‍ ഏറ്റവും വെല്ലുവിളി നിറഞ്ഞ കാലഘട്ടത്തിലൂടെയാണ് സിംഗപ്പൂര്‍ കടന്നുപോകുന്നത്. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്ക് കൈവരിച്ച രാജ്യങ്ങളിലൊന്നാണ് സിംഗപ്പൂര്‍. ജനസംഖ്യയുടെ 80 ശതമാനവും സമ്പൂര്‍ണ വാക്‌സിന്‍ എടുത്തതിനാല്‍ രാജ്യം ഘട്ടം ഘട്ടമായി വീണ്ടും തുറക്കാന്‍ പദ്ധതിയിട്ടിരുന്നു. എന്നാല്‍ കഴിഞ്ഞ രണ്ട് മാസമായി കോവിഡ് കേസുകളുടെ എണ്ണവും മരണനിരക്കും വല്ലാതെ വര്‍ധിച്ചു. പ്രതിദിന കേസുകളുടെ എണ്ണം 2,700 ആയി ഉയര്‍ന്നു. ദിവസം 13 മരണങ്ങള്‍.

സിംഗപ്പൂരിന്റെ നിലവിലെ അവസ്ഥ ഓസ്ട്രേലിയയ്ക്ക് മുന്നറിയിപ്പാണെന്ന്് വിദഗ്ധര്‍ പറയുന്നു. വിക്ടോറിയയിലും ന്യൂ സൗത്ത് വെയിസിലും കേസുകളുടെ എണ്ണം ഇപ്പോള്‍ കുറവാണെങ്കിലും ഓസ്‌ട്രേലിയന്‍ സംസ്ഥാനങ്ങളില്‍ കോവിഡ് വ്യാപനം വര്‍ധിക്കാന്‍ സാധ്യതയുണ്ടെന്ന് സിംഗപ്പൂര്‍ നാഷണല്‍ യൂണിവേഴ്സിറ്റിയിലെ സോ സ്വീ ഹോക്ക് സ്‌കൂള്‍ ഓഫ് പബ്ലിക് ഹെല്‍ത്തിന്റെ ഡീന്‍ പ്രൊഫസര്‍ യിക്-യിംഗ് ടിയോ പറഞ്ഞു.

രോഗവ്യാപനം കൂടുന്നതിനനുസരിച്ച് ആശുപത്രി സൗകര്യങ്ങളും വര്‍ധിപ്പിക്കേണ്ടി വരും. രോഗം പ്രതിരോധിക്കാന്‍ വാക്‌സിനേഷന്‍ മാത്രം മതിയാകില്ലെന്നത് പൊതുജനങ്ങളെ ഓസ്‌ട്രേലിയന്‍ സര്‍ക്കാര്‍ ബോധവല്‍കരിക്കണം. കോവിഡ് കേസുകളുടെ വര്‍ധന നേരിടാന്‍ ഓസ്‌ട്രേലിയ തയാറായിരിക്കണം.

കാനഡ
കാനഡയില്‍ മഹാമാരി പൊട്ടിപ്പുറപ്പെട്ടശേഷം 1.76 ദശലക്ഷം കോവിഡ് കേസുകളും 29,376 മരണങ്ങളുമുണ്ടായി. കഴിഞ്ഞ ഏഴ് ദിവസങ്ങളില്‍ ദിവസം ശരാശരി 2,373 കേസുകളും 24 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. മൊത്തം ജനസംഖ്യയുടെ 76 ശതമാനവും സമ്പൂര്‍ണ വാക്‌സിനേഷന്‍ കൈവരിച്ചു. സെപ്റ്റംബറിലാണ് കാനഡ അന്താരാഷ്ട്ര അതിര്‍ത്തികള്‍ തുറന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.