ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേദിയിലെ 'സ്‌നേഹാതിക്രമ'ത്തിലൂടെ ഹീറോ ആയ ബാലന് അത്ഭുത രോഗശാന്തിയെന്നു സാക്ഷ്യം

ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വേദിയിലെ 'സ്‌നേഹാതിക്രമ'ത്തിലൂടെ ഹീറോ ആയ ബാലന് അത്ഭുത രോഗശാന്തിയെന്നു സാക്ഷ്യം

വത്തിക്കാന്‍ സിറ്റി: 'പ്രോട്ടോകോള്‍' എന്തെന്നറിയാതെ വത്തിക്കാനിലെ പ്രതിവാര സദസ്സിലെ വേദിയിലേക്ക് പെട്ടെന്നു കയറിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരം കവര്‍ന്ന കുട്ടിക്ക് തല്‍സമയം കിട്ടിയ സമ്മാനം വെള്ള പേപ്പല്‍ തൊപ്പിയായിരുന്നെങ്കില്‍ പിന്നാലെ വന്നത് ദൈവിക സമ്മാനമായിരുന്നെന്ന് സിബിഎസ് ന്യൂസ് റിപ്പോര്‍ട്ട് ; 'ബ്രെയിന്‍ ട്യൂമറി'ല്‍ നിന്നുള്ള അത്ഭുത രോഗശാന്തി.

മസ്തിഷ്‌കത്തിലെ തകരാര്‍ മൂലം ഓട്ടിസവും അപസ്മാരവും ബാധിച്ചു വിഷമിച്ചിരുന്ന പത്തു വയസ്സുള്ള ഇറ്റാലിയന്‍ ബാലനായ പൗലോ ബോണവിറ്റയുടെ അമ്മ എല്‍സ മോറയ്ക്കുറപ്പുണ്ട്, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ദിവ്യ സാന്നിധ്യവും പ്രാര്‍ത്ഥനയും മൂലമാണ് തന്റെ മകനു രോഗവിമുക്തിയുണ്ടായതെന്ന്. അതേസമയം, ഡോക്ടര്‍മാരുടെ വിസ്മയ ജനകമായ പുതിയ കണ്ടെത്തല്‍ ഉദ്ധരിച്ചുള്ള എല്‍സയുടെ സാക്ഷ്യം വത്തിക്കാന്‍ ന്യൂസ് സ്ഥിരീകരിച്ചിട്ടില്ല.

മൂന്നാഴ്ച മുമ്പായിരുന്നു ആ നിര്‍ണ്ണായക സംഭവം. വേദിയിലേക്ക് പെട്ടെന്നു കയറിച്ചെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കരം കവര്‍ന്ന പൗലോ ബോണവിറ്റയ്ക്ക് മാര്‍പാപ്പയുടെ തൊട്ടടുത്ത് ഇരിപ്പിടം ലഭിച്ചു. മഞ്ഞ വരകളുള്ള കറുത്ത ട്രാക്ക് സ്യൂട്ട് ധരിച്ചിരുന്ന കുട്ടി കുറച്ചു നേരത്തേക്കെങ്കിലും സുരക്ഷാ ഉദ്യോഗസ്ഥരെ ആശയക്കുഴപ്പത്തിലാക്കിയെങ്കിലും നറു പുഞ്ചിരിയുമായി വാല്‍സല്യം ചൊരിഞ്ഞു മാര്‍പാപ്പ.
വ്യക്തമല്ലാത്ത കാരണങ്ങളാല്‍ പഠന ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്ന കുട്ടിയാണ് അവനെന്ന് മാര്‍പാപ്പ പിന്നീട് സദസ്യരോടു പറഞ്ഞു.

അപ്രതീക്ഷിതമായി വേദിയിലെത്തിയ കുട്ടിയെ മാര്‍പാപ്പയുടെ സമീപത്തുള്ള കസേരയില്‍ ഇരുത്തി ഒരു ഉദ്യോഗസ്ഥന്‍. ആവേശത്തോടെ കുറച്ചുനേരം കൈയടിച്ചുകൊണ്ടിരുന്ന ശേഷം എഴുന്നേറ്റ് വീണ്ടും മാര്‍പ്പാപ്പയുടെ കൈകള്‍ മുറുകെ പിടിച്ചു. അവന് എന്താണ് വേണ്ടതെന്ന് ഉദ്യോഗസ്ഥന്‍ ചോദിച്ചപ്പോള്‍ മാര്‍പാപ്പയുടെ തലയില്‍ സ്പര്‍ശിച്ചുകൊണ്ട് ഉദ്ദേശ്യം വ്യക്തമാക്കി: വെള്ള പേപ്പല്‍ തൊപ്പിയാണാവശ്യം.

മാര്‍പ്പാപ്പ തന്റെ പ്രസംഗത്തിനിടെ സംഭവം പരാമര്‍ശിച്ചു: 'ഈ കുട്ടി അവന്റെ വീട്ടിലെന്നതുപോലെ സമീപിക്കുന്നതും നീങ്ങുന്നതും കണ്ടപ്പോള്‍, കുട്ടികളുടെ നിഷ്‌കളങ്കതയും സ്വാതന്ത്ര്യവും സംബന്ധിച്ച് യേശു പറഞ്ഞതാണ് ഓര്‍മ്മ വന്നത്. നമ്മളെല്ലാവരും കുട്ടികളെപ്പോലെയാകുന്നില്ലെങ്കില്‍ സ്വര്‍ഗ്ഗരാജ്യത്തില്‍ പ്രവേശിക്കില്ലെന്ന് യേശു വീണ്ടും പറയുകയാണ്.'

ബ്രെയിന്‍ ട്യൂമര്‍ മൂലമോ മള്‍ട്ടിപ്പിള്‍ സ്‌ക്ലിറോസിസ് മൂലമോ ആകാം കുട്ടി വിഷമതകള്‍ നേരിടുന്നതെന്നു ഡോക്ടര്‍മാര്‍ നിഗമനത്തിലെത്തിയതിനെത്തുടര്‍ന്ന് വിദഗ്ധ വൈദ്യപരിശോധനയ്ക്കായി റോമില്‍ കൊണ്ടുവന്നതായിരുന്നു .അപ്പോഴാണ് വത്തിക്കാനില്‍ വരാന്‍ തോന്നിയത്.'പോള്‍ ആറാമന്‍ ഓഡിയന്‍സ് ഹാളിലെ പടികള്‍ കയറി ഫ്രാന്‍സിസ് മാര്‍പാപ്പയുടെ അടുത്തെത്താന്‍ ബോണവിറ്റ എത്തിയതാണ് യഥാര്‍ത്ഥ സമ്മാനമായത്്'- എല്‍സ മോറ സിബിഎസ് ന്യൂസിനോട് പറഞ്ഞു.'അതുവരെ സഹായമില്ലാതെ സ്വയം പടികള്‍ കയറാനാകുമായിരുന്നില്ല അവന്.'

തന്റെ മകന് വേണ്ടി പ്രാര്‍ത്ഥിക്കുമെന്ന് ഫ്രാന്‍സിസ് പാപ്പ ഉറപ്പു നല്‍കിയിരുന്നു. അവിടത്തേക്ക് അസാധ്യമായി യാതൊന്നുമില്ലെന്ന് തന്റെ കൈപിടിച്ച് പാപ്പ പറഞ്ഞതിന്റെ അര്‍ത്ഥം പിന്നീടാണ് മനസിലായത്. മകന്റെ പരിശോധനാ ഫലങ്ങളില്‍ ക്യാന്‍സറിന്റെ ലക്ഷണമൊന്നും കാണിക്കുന്നില്ലെന്നും അവന്റെ സ്ഥിതി അത്ഭുതകരമായി മെച്ചപ്പെട്ടെന്നും ഡോക്ടര്‍മാര്‍ കണ്ടെത്തി. മാര്‍പ്പാപ്പയെ നേരിട്ടുകണ്ട് നന്ദി പറയാനുള്ള ഒരുക്കത്തിലാണ് എല്‍സയും മകനും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26