കൊറോണ മരണങ്ങള്‍ വര്‍ദ്ധിക്കുന്ന ഏക പ്രദേശം യൂറോപ്പ്; റഷ്യയിലും ജര്‍മ്മനിയിലും ബ്രിട്ടനിലും കേസുകള്‍ ഏറുന്നു

 കൊറോണ മരണങ്ങള്‍ വര്‍ദ്ധിക്കുന്ന ഏക പ്രദേശം യൂറോപ്പ്; റഷ്യയിലും ജര്‍മ്മനിയിലും ബ്രിട്ടനിലും കേസുകള്‍ ഏറുന്നു

ജെനീവ: യൂറോപ്പില്‍ കോവിഡ് മരണ നിരക്കില്‍ അഞ്ച് ശതമാനം വര്‍ദ്ധന ഉണ്ടായതായി ലോകാരോഗ്യ സംഘടന. ആഗോള തലത്തില്‍ കൊറോണ മരണനിരക്കില്‍ വര്‍ദ്ധനവ് രേഖപ്പെടുത്തിയ ഏകപ്രദേശമാണ് യൂറോപ്പ്. ലോകത്ത് ആകെ രേഖപ്പെടുത്തുന്ന കേസുകളുടെ എണ്ണത്തില്‍ 6 ശതമാനം വര്‍ദ്ധന ഉണ്ടായതായും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കഴിഞ്ഞ ആഴ്ചയിലെ റിപ്പോര്‍ട്ട് പ്രകാരം യൂറോപ്പ് ഒഴികെയുള്ള എല്ലായിടത്തും കൊറോണ മരണങ്ങളില്‍ സ്ഥിരത പാലിക്കുകയോ കുറയുകയോ ചെയ്തിട്ടുണ്ട്. യൂറോപ്പില്‍ റഷ്യ, ജര്‍മ്മനി, ബ്രിട്ടന്‍ എന്നീ രാജ്യങ്ങളിലാണ് പുതിയ കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്നത്. കൊറോണ മരണങ്ങളുടെ കണക്ക് എടുക്കുമ്പോള്‍ നോര്‍വേയില്‍ 67 ശതമാനവും സ്ലൊവാക്യയില്‍ 38 ശതമാനവും വര്‍ദ്ധനവുണ്ടായി്.

ഓസ്ട്രിയ, നെതര്‍ലന്‍ഡ്സ് തുടങ്ങിയ രാജ്യങ്ങള്‍ കൊറോണ കേസുകള്‍ നിയന്ത്രണത്തിലാക്കുന്നതിന് വേണ്ടി കഴിഞ്ഞയാഴ്ച ലോക്ഡൗണ്‍ പ്രഖ്യാപിച്ചിരുന്നു. 40 വയസ്സിന് മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസുകള്‍ നല്‍കാന്‍ ബ്രിട്ടനും തീരുമാനിച്ചിട്ടുണ്ട്.

കഴിഞ്ഞയാഴ്ച ലോകത്താകെ 50,000 കൊറോണ മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 33 ലക്ഷം പുതിയ കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതില്‍ 21 ലക്ഷവും യൂറോപ്പില്‍ നിന്നാണ്. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം യൂറോപ്പ്യന്‍ മേഖലയിലെ 61 രാജ്യങ്ങളില്‍ തുടര്‍ച്ചയായ ഏഴാമത്തെ ആഴ്ചയാണ് കൊറോണ കേസുകള്‍ വര്‍ദ്ധിച്ച് വരുന്നത്. റഷ്യ മുതല്‍ മദ്ധ്യ ഏഷ്യ വരെയുള്ള പ്രദേശമാണിത്.

പടിഞ്ഞാറന്‍ യൂറോപ്പിലെ 60 ശതമാനം പേരും പൂര്‍ണ്ണമായും വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞു. അതേസമയം യൂറോപ്പിന്റെ കിഴക്കന്‍ മേഖലകളില്‍ പകുതിയോളം ആളുകള്‍ മാത്രമാണ് വാക്സിന്‍ സ്വീകരിച്ചത്. ഇവിടത്തെ ജനങ്ങള്‍ വാക്സിനേഷന്‍ സ്വീകരിക്കാന്‍ വലിയ മടി കാണിക്കുന്നുവെന്നാണ് ലോകാരോഗ്യ സംഘടനയിലെ ഉദ്യോഗസ്ഥര്‍ പറയുന്നത്.

ആഫ്രിക്ക, മിഡില്‍ ഈസ്റ്റ്, തെക്കന്‍ ഏഷ്യ എന്നീ മേഖലകളില്‍ ജൂലൈ മാസം മുതല്‍ കൊറോണ കേസുകളില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ട്. കൊറോണ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍ രാജ്യങ്ങള്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് ലോകാരോഗ്യ സംഘടന നേരത്തേ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇനിയും അടിയന്തര നടപടികള്‍ സ്വീകരിച്ചില്ലെങ്കില്‍ ജനുവരിയോടെ 500,000 അധിക മരണങ്ങള്‍ കൂടി ഉണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കി.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.