ഫസല്‍ വധം; അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് സിബിഐ

ഫസല്‍ വധം; അട്ടിമറിക്കാന്‍ പൊലീസ് ശ്രമിച്ചെന്ന് സിബിഐ

കൊച്ചി: ഫസല്‍ വധക്കേസ് അന്വേഷിച്ച പൊലീസുദ്യോഗസ്ഥ‍ര്‍ക്കെതിരെ നടപടി വേണമെന്ന് സിബിഐ. പോലീസ് ഉദ്യോഗസ്ഥര്‍ അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചെന്നാണ് സിബിഐയുടെ ആരോപണം.

മറ്റൊരു കേസില്‍ കസ്റ്റഡിയിലെടുത്ത സുബീഷിനെ കസ്റ്റഡിയില്‍ വെച്ച്‌ മനഃപൂര്‍വം കളവായ മൊഴി രേഖപ്പെടുത്തി അന്വേഷണം വഴി തിരിച്ചു വിടാന്‍ ശ്രമിച്ചെന്ന് സി.ബി.ഐ വ്യക്തമാക്കുന്നു. പോലീസ് രേഖപ്പെടുത്തിയ മൊഴിയും ഫസല്‍ വധക്കേസിലെ സാഹചര്യങ്ങളും ഒരിക്കലും പൊരുത്തപ്പെടുന്നില്ലെന്നും സി.ബി.ഐ ചൂണ്ടിക്കാട്ടി.

സുബീഷിന്റെ കള്ളമൊഴി കേസ് അട്ടിമറിക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതാണെന്നും ഡി.വൈ.എസ്.പി പി.പി സദാനന്ദന്റെ നിര്‍ദേശ പ്രകാരമാണ് സുബീഷിനെ കസ്റ്റഡിയിലെടുത്തതെന്നും സി.ബി.ഐ പറയുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് വിചാരണ വേളയില്‍ ശ്രമിച്ചുവെന്നാണ് തുടരന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്.

റിപ്പോര്‍ട്ടില്‍ പോലീസിനെതിരെയുള്ള കാര്യങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. 2016 നവംബര്‍ 17നാണ് സുബീഷിനെ വടകരയ്ക്ക് സമീപത്ത് വെച്ച്‌ കാര്‍ തടഞ്ഞ് നിര്‍ത്തി പോലീസ് കസ്റ്റഡിയിലെടുത്തത്. നോട്ടീസ് നല്‍കി കസ്റ്റഡിയിലെടുത്തുവെന്ന പോലീസ് അവകാശവാദം തെറ്റാണെന്നും സി.ബി.ഐ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. തൊട്ടടുത്ത ദിവസം രാവിലെ പത്ത് മണിക്ക് കൂത്തുപറമ്പ് സ്റ്റേഷനില്‍ ഹാജരാകണമെന്നുള്ള നോട്ടീസാണ് സുബീഷിന് നല്‍കാനായി തയ്യാറാക്കിയിരുന്നത്.

എന്നാല്‍, അതിന് മുന്‍പ് ഡി.വൈ.എസ്.പിയുടെ നിര്‍ദേശം അനുസരിച്ച്‌ സുബീഷിനെ കസ്റ്റഡിയിലെടുത്തുവെന്നാണ് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നത്. ഡിവൈഎസ്പിമാരായ പി.പി സദാനന്ദന്‍, പ്രിന്‍സ് എബ്രഹാം എന്നിവര്‍ക്കെതിരെ നടപടി വേണമെന്നും സിബിഐ സമര്‍പ്പിച്ച തുടരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കൊലപാതകത്തിന് പിന്നില്‍ കൊടി സുനിയും സംഘവുമാണെന്നും കാരായി രാജനും ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന്റെ മുഖ്യ ആസൂത്രകരെന്നും സിബിഐ കോടതിയില്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.