ന്യൂഡല്‍ഹി: കര്‍ഷക പ്രതിരോധത്തിനും പ്രതിപക്ഷ പ്രക്ഷോഭത്തിനും മുമ്പില്‍ കേന്ദ്ര സര്‍ക്കാരിന് മുട്ടു മടക്കേണ്ടി വന്നുവെന്ന് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി കെ.സി വേണു ഗോപാല്‍ എം പി. ഗത്യന്തരമില്ലാതായപ്പോള്‍ ഒരു കൊല്ലമായി കര്‍ഷകരെ ദുരിതത്തിലാഴ്ത്തിയ നയങ്ങള്‍ കേന്ദ്ര സര്‍ക്കാരിന് പിന്‍വലിക്കേണ്ടി വരികയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
സമരത്തിന് മുന്നില്‍ മുട്ടുമടക്കി നിയമങ്ങള്‍ പിന്‍വലിക്കാന്‍ തയ്യാറായ തീരുമാനത്തെ സ്വാഗതം ചെയ്യുകയാണെന്നും ഇത് ജനങ്ങളുടേയും കര്‍ഷകരുടേയും കോണ്‍ഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാര്‍ട്ടികളുടേയും വിജയമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ നേട്ടം ലക്ഷ്യമാക്കിയുള്ള തീരുമാനമാണ് സര്‍ക്കാര്‍ കൈക്കൊണ്ടത്. കാര്യങ്ങളുടെ നിജസ്ഥിതി എല്ലാവര്‍ക്കും അറിയാം എന്നതിനാല്‍ വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ അത് ബിജെപിയ്ക്ക് അനുകൂലമായി പ്രതിഫലിക്കാനിടയില്ലെന്നും കെ.സി വേണുഗോപാല്‍ വ്യക്തമാക്കി.
ഒരു കാര്യവുമില്ലാതെ കൃഷിക്കാരെ വെല്ലുവിളിച്ചു കൊണ്ടുണ്ടാക്കിയ നിയമം മൂലം ഒരു വര്‍ഷത്തിലധികമായി കൃഷിക്കാര്‍ തെരുവിലാണ്. അവരുടെ കഷ്ടപ്പാടുകളും വേദനകളും നമ്മള്‍ കണ്ടതാണ്. നിരവധി കര്‍ഷകര്‍ സമരത്തിനിടെ മരിച്ചു വീണു. പാര്‍ലമെന്റിന്റെ ഒരു സമ്മേളനം മുഴുവന്‍ അലങ്കോലപ്പെട്ടത് ഈ സമരത്തിന്റെ ഭാഗമായാണ്. അംഗങ്ങളെ സസ്പെന്‍ഡ് ചെയ്താണ് സര്‍ക്കാര്‍ ശക്തമായ നിലപാട് സ്വീകരിച്ചതെന്നും കെ.സി വേണുഗോപാല്‍ കൂട്ടിച്ചേര്‍ത്തു.
കര്‍ഷകരെ വിളിച്ച് ഒരിക്കല്‍ പോലും സംസാരിക്കാന്‍ തയ്യാറാകാത്ത സര്‍ക്കാരിന്റെ ഈ തീരുമാനത്തിന് പിന്നിലെ ഉദ്ദേശ്യശുദ്ധി മനസിലാക്കാന്‍ സാധിക്കാത്തവരല്ല ഇന്ത്യക്കാരെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. കൃഷിക്കാര്‍ക്കൊപ്പം നില്‍ക്കുക എന്നതാണ് കോണ്‍ഗ്രസിന്റെ നിലപാടെന്നും അത് ഇനിയും തുടരുമെന്നും കെ.സി. വേണുഗോപാല്‍ അറിയിച്ചു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.