മതവിശ്വാസികള്‍ക്കു നേരെ വിവേചനം പാടില്ല: ഓസ്‌ട്രേലിയയില്‍ നിയമനിര്‍മാണത്തിനൊരുങ്ങി ഫെഡറല്‍ സര്‍ക്കാര്‍; സംസ്ഥാന നിലപാട് വിചിത്രം

മതവിശ്വാസികള്‍ക്കു നേരെ വിവേചനം പാടില്ല: ഓസ്‌ട്രേലിയയില്‍  നിയമനിര്‍മാണത്തിനൊരുങ്ങി  ഫെഡറല്‍ സര്‍ക്കാര്‍; സംസ്ഥാന നിലപാട് വിചിത്രം

മെല്‍ബണ്‍: മതസ്വാതന്ത്ര്യത്തെ സംബന്ധിച്ച നിലപാടുകളില്‍ ഓസ്‌ട്രേലിയയിലെ ഫെഡറല്‍ സര്‍ക്കാരും സംസ്ഥാന സര്‍ക്കാരും രണ്ടു തട്ടില്‍. മതവിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന പൗരന്മാര്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ യാതൊരു വിവേചനവും പാടില്ലെന്നു കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കുമ്പോള്‍ മതസ്ഥാപനങ്ങളുടെ സ്വാതന്ത്ര്യത്തിനു മേല്‍ കടന്നുകയറുന്ന സമീപനമാണ് വിക്‌ടോറിയ സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നത്.

മതവിശ്വാസികള്‍ക്കെതിരേ നിരവധി നിയമങ്ങളാണ് പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരുന്നത്. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരമാണ് ക്രൈസ്തവ സ്ഥാപനങ്ങളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാനുള്ള പ്രത്യേക അധികാരം എടുത്തുകളയുന്ന തുല്യ അവസര ഭേദഗതി ബില്‍ (Equal Opportunity (Religious Exceptions) Amendment Bill 2021). സഭകളുടെ കീഴിലുള്ള സ്‌കൂളുകളെയാണ് നിയമ ഭേദഗതി കൂടുതലായി ബാധിക്കുക. ബില്ലിലെ വ്യവസ്ഥകളില്‍ വലിയ ആശങ്കയാണ് വിശ്വാസികളും മതനേതാക്കളും പ്രകടിപ്പിച്ചത്. ഇതിനെ മറികടക്കാന്‍ മതസ്വാതന്ത്ര്യം സംരക്ഷിക്കുന്ന നിയമനിര്‍മാണവുമായി മുന്നോട്ടു പോകാനൊരുങ്ങുകയാണ് സ്‌കോട്ട് മോറിസണ്‍ സര്‍ക്കാര്‍.

മതവിശ്വാസങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന ധാര്‍മികതയെ മുറുകെപ്പിടിക്കുന്നതാണ് ഫെഡറല്‍ പാര്‍ലമെന്റില്‍ ഈ വര്‍ഷാവസാനം അവതരിപ്പിക്കാനൊരുങ്ങുന്ന Religious Discrimination Bill. അറ്റോര്‍ണി ജനറല്‍ മൈക്കിലിയ കാഷ് ആണ് ഇത് അവതരിപ്പിക്കുന്നത്. വ്യക്തിസ്വാതന്ത്ര്യം ഭീഷണി നേരിടുന്ന ഈ കാലഘട്ടത്തില്‍ ഓസ്‌ട്രേലിയക്കാര്‍ക്ക് സ്വതന്ത്രമായി ജീവിക്കാന്‍ മതപരമായ സംരക്ഷണം ആവശ്യമാണെന്ന തിരിച്ചറിവിലാണ് ഫെഡറല്‍ സര്‍ക്കാര്‍ പുതിയ വിവേചന നിയന്ത്രണ ബില്‍ കൊണ്ടുവരുന്നത്.


വിക്‌ടോറിയ പ്രീമിയര്‍ ഡാനിയല്‍ ആന്‍ഡ്രൂസ്

മതവിശ്വാസത്തില്‍ അധിഷ്ഠിതമായി ജീവിക്കുന്ന പൗരന്മാരെയും സ്ഥാപനങ്ങളെയും സംരക്ഷിക്കുന്നതാണ് ബില്‍. വിശ്വാസത്തിന്റെ അടിസ്ഥാനത്തില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളില്‍ ജീവനക്കാരെ നിയമിക്കാനും അധികാരം നല്‍കുന്നു. 2019-ലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിലെ വാഗ്ദാനമായിരുന്നു ഈ നിയമനിര്‍മാണം. അതേസമയം, മതസ്വാതന്ത്ര്യത്തിന്റെ പേരില്‍ വിദ്വേഷം ഉണര്‍ത്തുന്നതും ആളുകളെ അപകീര്‍ത്തിപ്പെടുത്തുന്നതുമായ പ്രവര്‍ത്തികള്‍ അനുവദിക്കില്ലെന്നും ബില്ലില്‍ വ്യവസ്ഥയുണ്ടെന്നാണു സൂചന. മതനേതാക്കളും കത്തോലിക്ക വിശ്വാസികളും ബില്ലിനെ വലിയ പ്രതീക്ഷയോടെയാണ് പിന്തുണയ്ക്കുന്നത്.

ഫെഡറല്‍ സര്‍ക്കാര്‍ കൊണ്ടുവരാനൊരുങ്ങുന്ന ബില്ലിനെ ഓസ്ട്രേലിയന്‍ കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് വക്താവും മെല്‍ബണ്‍ ആര്‍ച്ച് ബിഷപ്പുമായ പീറ്റര്‍ എ കോമെന്‍സോലി പിന്തുണച്ചു. എല്ലാവരുടെയും വിശ്വാസത്തെ പിന്തുണയ്ക്കുന്ന നിയമനിര്‍മാണം തുല്യതയിലേക്കുള്ള ഒരു സുപ്രധാന ചുവടുവയ്പ്പാണെന്നു ആര്‍ച്ച് ബിഷപ് പ്രതീക്ഷ പ്രകടിപ്പിച്ചു.

മോറിസണ്‍ സര്‍ക്കാര്‍ നിയമനിര്‍മ്മാണം വേഗത്തിലാക്കണമെന്ന് മുന്‍ ലേബര്‍ സെനറ്ററും നാഷണല്‍ കാത്തലിക് എജ്യുക്കേഷന്‍ കമ്മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറുമായ ജസീന്ത കോളിന്‍സ് ആവശ്യപ്പെട്ടു. വിക്ടോറിയ അവതരിപ്പിച്ച തുല്യ അവസര നിയമത്തിലെ പരിഷ്‌കാരങ്ങള്‍ കത്തോലിക്കാ സ്‌കൂളുകളുടെ അവകാശങ്ങളെയും സ്വതന്ത്ര്യത്തെയും തടയുന്നതാണ്.

അറ്റോര്‍ണി ജനറല്‍ മൈക്കിലിയ കാഷ് കൊണ്ടുവരുന്ന ബില്ലിന് സംസ്ഥാനത്തിന്റെ നിയമനിര്‍മാണത്തെ റദ്ദാക്കാന്‍ കഴിയുമെന്നാണ് നിയമവിദഗ്ധര്‍ പറയുന്നത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.