കൊച്ചി: ഫ്രാൻസിസ് മാർപ്പാപ്പയുടെ ഏറ്റവും പുതിയ ചാക്രിക ലേഖനമായ 'ഫ്രെതെല്ലി തുത്തി' ( സാഹോദര്യം) യെ ആസ്പദമാക്കി ഗ്ലോബൽ മീഡിയ സെൽ, കത്തോലിക്കാ കോൺഗ്രസ്സ് (യു എ ഇ) , ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് തലശ്ശേരി, പ്രവാസി അപ്പസ്തോലേറ്റ് ചങ്ങനാശ്ശേരി, മരിയൻ പത്രം (യു കെ) എന്നിവർ സംയുക്തമായി വെബ്ബിനാർ സംഘടിപ്പിക്കുന്നു.
ലോകമെമ്പാടുമുള്ള കത്തോലിക്കാ സഭാ വിശ്വാസികളോടൊപ്പം മറ്റുള്ളവർക്കുമായി കത്തോലിക്കാ സഭയുടെ തലവൻ, എല്ലാവരെയും "സഹോദരീ സഹോദരന്മാരെ " എന്ന് അഭിസംബോധന ചെയ്തുകൊണ്ട് പുറത്തിറക്കിയ ചാക്രിക ലേഖനമാണ് 'ഫ്രെതെല്ലി തുത്തി'. കത്തോലിക്കാ സഭയുടെ സാമൂഹിക വീക്ഷണങ്ങൾ കാലാകാലങ്ങളായി മാർപ്പാപ്പാമാർ ഇത്തരം ചാക്രിക ലേഖനങ്ങളിലൂടെയാണ് പ്രധാനമായും അവതരിപ്പിക്കുന്നത്. വ്യാവസായിക വിപ്ലവകാലത്ത് തൊഴിലാളികളുടെ പോരാട്ടങ്ങൾ (ലിയോ പന്ത്രണ്ടാമൻ, 1891), രണ്ടാം ലോക മഹായുദ്ധാനന്തര കാലഘട്ടത്തിലെ സമാധാനത്തിന്റെ ആവശ്യകത (ജോൺ XXIII, 1963), ആഗോള സാമ്പത്തിക പ്രതിസന്ധി (ബെനഡിക്റ്റ് പതിനാറാമൻ, 2009) എന്നിവ ഇത്തരത്തിലുള്ള ചാക്രിക ലേഖനങ്ങളുടെ ഉദാഹരണങ്ങളാണ്.
ഫ്രാൻസിസ് അസീസിയെ എല്ലാ കാര്യത്തിലും അനുകരിക്കുന്ന ഫ്രാൻസിസ് മാർപ്പാപ്പ , ഈ ചാക്രിക ലേഖനം പുറത്തിറക്കിയത് ഫ്രാൻസിസ് അസ്സീസിയുടെ തിരുന്നാൾ ദിനം തന്നെയാണ് എന്നത് യാദൃച്ഛികമല്ല .ക്രിസ്ത്യാനികളും മുസ്ലീങ്ങളും തമ്മിലുള്ള സംഘർഷം അവസാനിപ്പിക്കാനുള്ള ശ്രമമായി കുരിശുയുദ്ധസമയത്ത്, വിശുദ്ധ ഫ്രാൻസിസ് , ഈജിപ്തിലെ സുൽത്താൻ മാലിക്-എൽ-കാമിലിനെ സന്ദർശിച്ചതാണ് ഫ്രാൻസിസ് മാർപാപ്പയ്ക്ക് ഈ പുതിയ ചാക്രിക ലേഖനത്തിനു പ്രചോദനമായത്.
ഫ്രെതെല്ലി തുത്തി എന്നാൽ “എല്ലാ സഹോദരീസഹോദരന്മാരും” എന്നാണ് അർത്ഥമാക്കുന്നത്. ഇത് അസീസിയിലെ വിശുദ്ധ ഫ്രാൻസിസിന്റെ സന്യാസ ഉപദേശങ്ങളിൽ നിന്നാണ് എടുത്തത്. ലോകമെമ്പാടുമുള്ള ആളുകൾ - വിശ്വാസികളും അവിശ്വാസികളും , ഈ ചാക്രിക ലേഖനം പഠിക്കുന്നതിനു കാണിക്കുന്ന താല്പര്യം അനേകരുടെ ശ്രദ്ധയാകർഷിക്കുന്നു .
' ഫ്രെതെല്ലി തുത്തി'- പഠന വെബ്ബിനാറിൽ തലശ്ശേരി രൂപത സഹായമെത്രാൻ ബിഷപ് മാർ ജോസഫ് പാംപ്ലാനി മുഖ്യ പ്രഭാഷണം നടത്ത്തും . സുപ്രീം കോടതി മുൻ ജഡ്ജി ജസ്റ്റിസ് കുര്യൻ ജോസഫ് ആമുഖ സന്ദേശം നൽകി വെബ്ബിനാർ ഉദ്‌ഘാടനം ചെയ്യും. നവംബർ 6 വെള്ളിയാഴ്ച ഇന്ത്യൻ സമയം വൈകിട്ട് 8.30 മുതൽ 10 വരെയാണ് ക്‌ളാസുകൾ നടക്കുന്നത്.
ഗ്ലോബൽ മീഡിയ സെല്ലിന്റെ ,ന്യൂസ് പോർട്ടലായ 'സി ന്യൂസ്‌ലൈവ്'(https://cnewslive.com/) ലൂടെയും 'ടെൽമി' (https://www.youtube.com/channel/UCX0AlyOV7Uia9cFsGorRxOg) , പ്രവാസി അപ്പോസ്റ്റലേറ്റ് (https://www.youtube.com/channel/UCL7k7Awfv36FvAT9LHPe35g) എന്നീ യൂട്യൂബ് ചാനലിൽ കൂടെയും ലൈവ് ആയി വെബ്ബിനാർ കാണാനുള്ള സൗകര്യം ഉണ്ടായിരിക്കുന്നതാണ് എന്ന് സംഘാടകർ അറിയിച്ചു . "നസ്രായന്റെ കൂടെ " (https://www.facebook.com/Nasraayantekoode) എന്ന ഫേസ്ബുക്ക് പേജിലും ഈ വെബ്ബിനാർ ലഭ്യമായിരിക്കും . ഈ ചാക്രിക ലേഖനത്തെക്കുറിച്ച് ആധികാരികമായി പഠിക്കാനും മനസ്സിലാക്കാനും ഉള്ള ഒരു വേദിയായിരിക്കും ഇതെന്ന് സംഘാടകർ അഭിപ്രായപ്പെട്ടു
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26