കുവൈറ്റ് സിറ്റി: എസ്.എം.സി.എ കുവൈറ്റും പാലാ സിവിൽ സർവ്വീസ് അക്കാദമിയുമായി ചേർന്ന് കുവൈറ്റിലുള്ള വിദ്യാർത്ഥികൾക്കായി നടത്തുന്ന സിവിൽ സർവീസ് ഫൗണ്ടേഷൻ കോഴ്സ് (CSAF ) ആദ്യ ബാച്ച് കുട്ടികൾ കുവൈറ്റിന്റെ ചരിത്രപഥങ്ങളിലൂടെ വിജ്ഞാനപ്രദമായ വിനോദയാത്ര നടത്തുകയുണ്ടായി.
കുവൈറ്റിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും കുവൈറ്റ് നാഷണൽ മ്യൂസിയത്തിൽ എത്തിച്ചേർന്ന കുട്ടികൾ ശിലായുഗ കാലഘട്ടത്തിൽ തുടങ്ങി ഫൈലക്കാ ദ്വീപിൽ പടർന്നു് പന്തലിച്ച നാഗരികതയുടെ അടയാളങ്ങളും കുവൈറ്റിന്റെയും അറബ് ഗോത്രങ്ങളുടെയും തനതു ജീവിത രീതികൾ നിറഞ്ഞ ഹെറിറ്റേജ് വില്ലേജും അടുത്തറിഞ്ഞു. ഒപ്പം സദു ഹൗസിൽ വച്ച് നടന്ന കരകൗശല പ്രദർശനത്തിലും കുട്ടികൾ പങ്കെടുത്തു.
കുവൈറ്റിന്റെ സുദീർഘമായ നാവിക പാരമ്പര്യവും ഭാരതവും കേരളവുമായി പുരാതന കാലം മുതൽ ഉണ്ടായിരുന്ന വ്യാപാര വാണിജ്യ ചരിത്രവും വിശദമായി വർണിക്കുന്ന മാരിടൈം മ്യൂസിയത്തിലെ കാഴ്ചകൾ വിസ്മയം തീർത്തു.
200 വർഷത്തിലേറെയായി സജീവമായ കുവൈറ്റിന്റെ വാണിജ്യ ഹൃദയമായ മുബാറക്കിയ മാർക്കറ്റിലെ സന്ദർശനം,
പൗരാണികത തുളുമ്പുന്ന കച്ചവട സ്ഥാപനങ്ങളും അതിന്റെ ചരിത്രവും അടുത്തറിയാൻ സാധിച്ചു .
നൂറ്റാണ്ടുകൾക്കു മുന്നേ ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും കടൽമാർഗം ഇറക്കുമതി നടത്തിയ ചരക്കുകൾ ക്രയവിക്രയം നടത്തിയ തെരുവുകൾ ഇവയുടെ സംഗമ സ്ഥാനമായ മുബാറക്കിയ ചത്വരത്തിൽ നൂറ്റാണ്ടിന്റെ പഴക്കവുമായി നിലകൊള്ളുന്ന അമീറിന്റെ ദർബാർ കെട്ടിടവും കുട്ടികൾക്ക് പുതിയ അനുഭവങ്ങൾ ആയിരുന്നു .
സിഎസ്എഎഫ് ബാച്ച് കോ ഓർഡിനേറ്റർ മാരായ ആന്റണി മനോജ്, സന്ദീപ് തോമസ് എന്നിവർ കുട്ടികൾക്ക് ചരിത്രം വിശദമായി പരിചയപ്പെടുത്തി . എസ്.എം.സി.എ ജനറൽ സെക്രട്ടറി അഭിലാഷ് അരീക്കുഴിയിൽ,ബാലദീപ്തി ചീഫ് കോ ഓർഡിനേറ്റർ ജിമ്മി സ്കറിയ,ബാലദീപ്തിഏരിയ കോഓർഡിനേറ്റർമാരായ ലിറ്റ്സി സെബാസ്റ്റ്യൻ,
ജോമോൻ ജോർജ്,അബ്ബാസിയ ഏരിയആർട്സ് കൺവീനർ ജിമ്മി ആന്റണി എന്നിവർ നേതൃത്വം നൽകി.
എസ്.എം.സി.എയുടെ വിവിധ ഏരിയകളെ പ്രതിനിധീകരിച്ച് വളണ്ടിയർമാരായ നിമ്മി ജോജോ, ടിങ്ക മേരി, ജൂബി സന്ദീപ്, ലൈല അഭിലാഷ് എന്നിവരും എന്നിവരും പരിപാടിയുടെ ഏകോപനത്തിൽ പങ്ക് ചേർന്നു. കുവൈറ്റിന്റെ സമ്പന്നമായ ചരിത്ര പൈതൃകങ്ങളുടെ വിസ്‌മയകാഴ്ചകളിലേക്ക് വെളിച്ചം വീശിയ ഈ പഠനവിനോദയാത്ര ചരിത്ര കുതുകികളായ സിവിൽ സർവീസ് ഫൗണ്ടെഷൻ വിദ്യാർത്ഥികൾക്ക് പുത്തൻ അനുഭങ്ങൾ പകർന്നു നൽകി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.