ദത്ത് വിവാദം: ശിശുക്ഷേമ സമിതിയ്ക്ക് കോടതിയുടെ രൂക്ഷ വിമര്‍ശനം

ദത്ത് വിവാദം: ശിശുക്ഷേമ സമിതിയ്ക്ക്   കോടതിയുടെ രൂക്ഷ വിമര്‍ശനം

തിരുവനന്തപുരം: അനുപമയുടെ കുഞ്ഞിനെ അനധികൃതമായി ദത്ത് നല്‍കിയ വിഷയത്തില്‍ ശിശുക്ഷേ സമിതിയ്ക്ക് കുടുംബ കോടതിയുടെ രൂക്ഷവിമര്‍ശനം. ദത്ത് ലൈസന്‍സിന്റെ വ്യക്തമായ വിവരങ്ങള്‍ നല്‍കിയില്ലെന്ന് കോടതി പരാമര്‍ശിച്ചു.

വിഷയത്തില്‍ അന്തിമ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതി കൂടുതല്‍ സമയം ആവശ്യപ്പെട്ടപ്പോഴാണ് കോടതി രൂക്ഷമായി വിമര്‍ശിച്ചത്. ഒറിജിനല്‍ ലൈസന്‍സ് ഉടന്‍ ഹാജരാക്കണമെന്നും സമിതിയ്ക്ക് കോടതി കര്‍ശന നിര്‍ദേശം നല്‍കി. വിശദമായ വാദം കേള്‍ക്കുന്നതിനായി കേസ് മാറ്റി.

ലൈസന്‍സ് നീട്ടാന്‍ അപേക്ഷ നല്‍കിയിട്ടുണ്ടെന്നും അന്വേഷണം അവസാന ഘട്ടത്തിലാണെന്നുമാണ് കോടതിയുടെ വിമര്‍ശനത്തോട് ശിശുക്ഷേ സമിതി മറുപടി നല്‍കിയത്. അന്വേഷണം പൂര്‍ത്തിയാക്കാന്‍ ഈ മാസം മുപ്പത് വരെ സമയം വേണമെന്ന് ശിശുക്ഷേ സമിതി കോടതിയോട് ആവശ്യപ്പെട്ടു.

അതേസമയം അനുപമയുടെ കുഞ്ഞിനെ തിരിച്ചുകൊണ്ടുവരുന്നതിനായി പൊലീസ് സംഘം ആന്ധ്രയിലേക്ക് പുറപ്പെട്ടിരിക്കുകയാണ്. മൂന്ന് പൊലീസ് ഉദ്യോഗസ്ഥരും ഒരു ശിശുക്ഷേമ സമിതി അംഗവുമാണ് സംഘത്തിലുള്ളത്. ആന്ധ്രയിലുള്ള ദമ്പതികളാണ് കുഞ്ഞിനെ ദത്തെടുത്തത്. കുഞ്ഞിനെ തിരുവനന്തപുരത്ത് എത്തിച്ചാല്‍ ആദ്യം നടത്തുക ഡിഎന്‍എ ടെസ്റ്റായിരിക്കും.

എന്നാൽ ആന്ധ്രയിൽ നിന്ന് സംഘം തിരികെ എത്തുക എപ്പോഴാണെന്ന് വ്യക്തമല്ല. ഇവിടെയെത്തിച്ചാല്‍ കുഞ്ഞിന്റെ സംരക്ഷണ ചുമതല ജില്ലാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ഓഫീസര്‍ക്കാണ്. ദത്തു നടപടികള്‍ നിറുത്തി വയ്‌ക്കണമെന്ന് കോടതി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് കുഞ്ഞിനെ തിരികെ കൊണ്ടുവരാനുള്ള നടപടികള്‍ ശിശുക്ഷേമ സമിതി കൈക്കൊണ്ടത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.