കോവിഡ് വാക്‌സിനേഷനെതിരേ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം കടുക്കുന്നു; തലസ്ഥാന നഗരങ്ങളില്‍ വന്‍ പ്രകടനങ്ങള്‍

കോവിഡ് വാക്‌സിനേഷനെതിരേ ഓസ്‌ട്രേലിയയില്‍ പ്രതിഷേധം കടുക്കുന്നു; തലസ്ഥാന നഗരങ്ങളില്‍ വന്‍ പ്രകടനങ്ങള്‍

മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ കോവിഡ് നിയന്ത്രണങ്ങള്‍ക്കെതിരേയും വാക്‌സിനേഷന്‍ നിര്‍ബന്ധമാക്കിയതിനെതിരേയും വന്‍ പ്രതിഷേധം. സ്വാതന്ത്ര്യം ആവശ്യപ്പെട്ട് ആയിരക്കണക്കിന് ആളുകളാണ് രാജ്യത്തുടനീളം ഇന്നലെ തെരുവിലിറങ്ങിയത്. സിഡ്‌നി, മെല്‍ബണ്‍, ബ്രിസ്ബന്‍, അഡ്‌ലെയ്ഡ്, പെര്‍ത്ത് എന്നീ തലസ്ഥാന നഗരങ്ങളിലാണ് പ്രധാനമായും പ്രതിഷേധ പ്രകടനങ്ങള്‍ നടന്നത്. കോവിഡ് നിയന്ത്രണങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് ജനം തെരുവിലിറങ്ങിയത്. അതേസമയം എവിടെയും അക്രമസംഭവങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

ലോക്ഡൗണ്‍ വിരുദ്ധ റാലികള്‍ക്കു സമാന്തരമായി വാക്‌സിനെ അനുകൂലിക്കുന്നവരുടെ റാലികളും നടന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പിന്തുണ അര്‍പ്പിച്ചാണ് റാലി നടത്തിയത്.

രാജ്യത്തെ 16 വയസിനു മുകളിലുള്ളവരില്‍ 80 ശതമാനവും രണ്ടു ഡോസ് വാക്‌സിനും സ്വീകരിച്ചവരാണ്. വാക്‌സിന്‍ സ്വീകരിക്കാത്തവരെ പൊതു ഇടങ്ങളില്‍നിന്ന് വിലക്കിയിരുന്നു. പ്രതിഷേധക്കാര്‍ വാക്‌സിന്‍, ലോക്ഡൗണ്‍ വിരുദ്ധ മുദ്രാവാക്യങ്ങള്‍ അടങ്ങിയ പ്ലക്കാര്‍ഡുകളും ഓസ്‌ട്രേലിയന്‍ പതാകകളും വഹിച്ചുകൊണ്ടാണ് മാര്‍ച്ച് നടത്തിയത്. കുട്ടികള്‍ക്കുള്ള വാക്‌സിനേഷനെതിരേ എതിര്‍പ്പു പ്രകടിപ്പിച്ച് കുഞ്ഞുങ്ങള്‍ ഉള്‍പ്പെടെയാണ് ചിലര്‍ പ്രകടനത്തിന് എത്തിയത്. കനത്ത പോലീസ് സന്നാഹത്തിന്റെ കാവലിലാണ് പ്രകടനങ്ങള്‍ നടന്നത്. ഒരാളെ അറസ്റ്റ് ചെയ്തു.

വിക്ടോറിയയില്‍ പ്രീമിയര്‍ ഡാനിയേല്‍ ആന്‍ഡ്രൂസ് അടുത്തിടെ പാര്‍ലമെന്റില്‍ അവതരിപ്പിച്ച പബ്ലിക് ഹെല്‍ത്ത് ആന്‍ഡ് വെല്‍ബീയിംഗ് (പാന്‍ഡെമിക് മാനേജ്‌മെന്റ്) ബില്ലിനെതിരേ ശക്തമായ വിമര്‍ശനമാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിയത്.

വിക്ടോറിയന്‍ സര്‍ക്കാര്‍ അവതരിപ്പിച്ച ബില്‍ പ്രീമിയര്‍ക്ക് സംസ്ഥാനത്ത് അനിശ്ചിതകാലത്തേക്ക് ആരോഗ്യ അടിയന്തരവസ്ഥ പ്രഖ്യാപിക്കാനും ആരോഗ്യമന്ത്രിക്കു പൊതുജനാരോഗ്യ ഉത്തരവുകള്‍ നല്‍കാനും ഉദ്യോഗസ്ഥര്‍ക്ക് ആളുകളെ ക്വാറന്റീനില്‍ വയ്ക്കാനുമുള്ള അധികാരം നല്‍കുന്നതാണ്. ബില്ലിന്മേലുള്ള ചര്‍ച്ചയില്‍ വലിയ വാഗ്വാദങ്ങളാണ് പാര്‍ലമെന്റില്‍ നടന്നത്.

ബില്ലിനെതിരേ വലിയ പ്രതിഷേധ പ്രകടനങ്ങള്‍ കഴിഞ്ഞ ദിവസങ്ങളിലും മെല്‍ബണില്‍ നടന്നിരുന്നു. വിക്ടോറിയന്‍ പ്രീമിയറെ 'വധിക്കണമെന്നും' 'തൂക്കിലേറ്റണമെന്നും' ഉള്‍പ്പെടെയുള്ള മുദ്രാവാക്യങ്ങളുമായി അക്രമാസക്തരായ രംഗങ്ങളാണ് മെല്‍ബണില്‍ പ്രതിഷേധത്തിനിടെ അരങ്ങേറിയത്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.