കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിത ഡോളര്‍ 'മഴ'; റോഡില്‍ വീണ നോട്ടുകള്‍ പെറുക്കിയെടുത്ത് ജനം

കാലിഫോര്‍ണിയയില്‍ അപ്രതീക്ഷിത ഡോളര്‍ 'മഴ'; റോഡില്‍ വീണ നോട്ടുകള്‍ പെറുക്കിയെടുത്ത് ജനം

കാലിഫോര്‍ണിയ: കണ്‍മുന്നില്‍ ഡോളര്‍ നോട്ടുകള്‍ പറന്നുനടക്കുന്നതു കണ്ട് ദേശീയപാതയിലെ യാത്രക്കാര്‍ ആദ്യം അമ്പരന്നു. നിലത്തേക്കു ചിതറിവീണ നോട്ടുകള്‍ വേഗം പെറുക്കിയെടുക്കുന്നതിലായി പലരുടെയും ശ്രദ്ധ. കാലിഫോര്‍ണിയയിലെ സാന്‍ഡിയാഗോയില്‍ കഴിഞ്ഞ ദിവസമാണു നാട്ടുകാരുടെ നെഞ്ചിടിപ്പു കൂട്ടിയ സംഭവമുണ്ടായത്.

പണവുമായി പോയ സുരക്ഷ വാഹനത്തിന്റെ ഡോര്‍ തുറന്നു പോയതോടെയാണ് ദേശീയപാതയില്‍ ഡോളര്‍ നോട്ടുകള്‍ ചിതറി വീണത്. പിന്നാലെ വന്ന വാഹനങ്ങളിലുള്ളവര്‍ നോട്ടുകള്‍ പെറുക്കിയെടുക്കാന്‍ വാഹനം നിര്‍ത്തിയിട്ടതോടെ വന്‍ ട്രാഫിക്ക് ബ്ലോക്കുമുണ്ടായി. ഡോളര്‍ നോട്ടുകള്‍ സുരക്ഷാ വാഹനത്തില്‍ നിന്ന് റോഡിലേക്കും പിന്നാലെ വന്ന വാഹനങ്ങളിലേക്കും പതിക്കുകയായിരുന്നു. ചിലര്‍ നോട്ടുകള്‍ വാരിയെടുത്ത് വീണ്ടും വലിച്ചെറിയുന്ന ദൃശ്യങ്ങള്‍ വ്യാപകമായാണ് പ്രചരിക്കുന്നത്.


ഫ്രീവേയിലൂടെ അതീവ സുരക്ഷയോടെ സഞ്ചരിച്ച ട്രക്കില്‍നിന്ന് നോട്ടുകള്‍ നിറച്ച ബാഗുകള്‍ നിലത്തുവീണു പൊട്ടുകയായിരുന്നു. സാന്റിയാഗോയില്‍നിന്ന് കറന്‍സി നോട്ടുമായി പോയ വാഹനമായിരുന്നു അതെന്ന് ഫെഡറല്‍ ഡെപ്പോസിറ്റ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ അധികൃതര്‍ അറിയിച്ചു. ഓട്ടത്തിനിടയില്‍ ട്രക്കിന്റെ വാതില്‍ അപ്രതീക്ഷിതമായി തുറന്നപോകുകയും നോട്ടുകള്‍ സൂക്ഷിച്ചിരുന്ന ബാഗുകള്‍ റോഡില്‍ വീഴുകയായിരുന്നു. ഇതേത്തുടര്‍ന്ന് ജനങ്ങള്‍ നോട്ടുകള്‍ വാരിയെടുക്കുന്നതിന്റെയും പലരും അത് വലിച്ചെറിയുന്നതിന്റെയും വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ വൈറലായി. എത്ര ഡോളറിന്റെ നഷ്ടം ഉണ്ടായിട്ടുണ്ടെന്ന കണക്ക് പുറത്തുവന്നിട്ടില്ല.

എല്ലാവരും വാഹനം നിര്‍ത്തുകയും നോട്ടുകള്‍ വാരിയെടുക്കുകയും ചെയ്തതായി വീഡിയോ സാമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തവര്‍ പറഞ്ഞു. ഇതേത്തുടര്‍ന്ന് ഫ്രീവേയില്‍ ഏറെനേരം ഗതാഗതം തടസപ്പെട്ടു. പണം തിരികെ നല്‍കണമെന്ന് അധികൃതര്‍ അഭ്യര്‍ഥിച്ചിട്ടുണ്ട്. ഇതിന് പിന്നാലെ നിരവധി പേര്‍ നോട്ടുകള്‍ തിരികെ നല്‍കിയതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം കിട്ടിയ കാശുമായി സ്ഥലം കാലിയാക്കിയ ചിലരെ കണ്ടെത്താനായിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. സുരക്ഷാ വാഹനത്തില്‍നിന്ന് വീണ പണമെടുത്തവര്‍ തിരികെ നല്‍കിയില്ലെങ്കില്‍ നിയമനടപടി നേരിടേണ്ടി വരുമെന്നാണ് പോലീസ് പറയുന്നത്. പോലീസ് എത്തിയിട്ടും നോട്ടുകള്‍ പെറുക്കിക്കൂട്ടിക്കൊണ്ടിരുന്ന ചിലരെ അറസ്റ്റും ചെയ്തിട്ടുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.