കാര്‍ഷിക നിയമം: മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍; അനുമതി അടുത്ത മന്ത്രിസഭാ യോഗത്തില്‍

കാര്‍ഷിക നിയമം:  മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍;  അനുമതി അടുത്ത മന്ത്രിസഭാ യോഗത്തില്‍


ന്യുഡല്‍ഹി: വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന് അടുത്ത കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കും. കൃഷി, ഭക്ഷ്യ പൊതുവിതരണ മന്ത്രാലയങ്ങളും നിയമ മന്ത്രാലയവുമാണ് മൂന്ന് കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കുന്നതിനുള്ള ബില്ലിന്റെ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കുന്നത്. പിന്‍വലിക്കല്‍ ബില്ലിന് മന്ത്രിസഭാ യോഗം അനുമതി നല്‍കുന്നതിന് പിന്നാലെ 29ന് തുടങ്ങുന്ന പാര്‍ലെമന്റ് സമ്മേളനത്തില്‍ അവതരിപ്പിക്കും.

മൂന്ന് നിയമങ്ങളും പിന്‍വലിക്കുന്നതിന് ഒറ്റ ബില്‍ അവതരിപ്പിച്ചാല്‍ മതിയാകും. കൂടാതെ എന്തുകൊണ്ട് നിയമങ്ങള്‍ പിന്‍വലിച്ചു എന്നതിന്റെ കാരണവും കേന്ദ്രം വ്യക്തമാക്കും. തുടര്‍ന്ന് രാഷ്ട്രപതി ബില്ലില്‍ ഒപ്പുവയ്ക്കുന്നതോടെ നിയമങ്ങള്‍ റദ്ദാകും.


അതേസമയം തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടല്ല ചില ഗൂഡ നീക്കങ്ങള്‍ തകര്‍ക്കാനാണ് പ്രധാനമന്ത്രി നിയമങ്ങള്‍ പിന്‍വലിച്ചതെന്ന ന്യായീകരണവുമായി ബിജെപി എംപി സാക്ഷി മഹാരാജ് രംഗത്തെത്തി. ബില്ലുകള്‍ വന്നു പോകുമെന്നും രാജ്യത്തെ രക്ഷിക്കാനാണ് പ്രധാനമന്ത്രി ശ്രമിച്ചതെന്നും സാക്ഷി മഹാരാജ് പറഞ്ഞു. നിയമങ്ങള്‍ പിന്‍വലിച്ച ശേഷവും സമരം തുടരുമെന്ന കര്‍ഷക സംഘടനകളുടെ നിലപാട് രാഷ്ട്രീയ പ്രേരിതമാണെന്നാണ് ബിജെപിയുടെ വിലയിരുത്തല്‍.

കേന്ദ്ര സഹമന്ത്രി അജയ് മിശ്രയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ലംഖിംപൂര്‍ ഖേരി സംഭവം പ്രതിപക്ഷം ഉയര്‍ത്തി കൊണ്ടു വരുന്നതിനെയും ബിജെപി ആശങ്കയോടെയാണ് കാണുന്നത്. നിയമങ്ങള്‍ പിന്‍വലിക്കുമെന്ന പ്രധാനമന്ത്രിയുടെ വാക്ക് ജനം വിശ്വസിക്കില്ലെന്ന് കര്‍ഷകസമരം തുടരാനുള്ള തീരുമാനത്തെ പിന്തുണച്ച് രാഹുല്‍ഗാന്ധി പ്രതികരിച്ചു.

അതേസമയം താങ്ങു വില അടക്കം മുന്നോട്ടുവച്ച ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കെണ്ടെന്ന നിലപാടിലാണ് കര്‍ഷക സംഘടനകള്‍. സംയുക്ത യോഗത്തില്‍ ഈ മാസം 28 വരെയുള്ള സമരപരിപാടികള്‍ തുടരാന്‍ തീരുമാനിച്ചു. പ്രധാനമന്ത്രിയുടെ പ്രഖ്യാപനത്തെ സ്വാഗതം ചെയ്യുന്നു, എന്നാല്‍ മുന്നോട്ടുവെച്ച മറ്റ് ആവശ്യങ്ങളില്‍ ചര്‍ച്ച വേണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് തുറന്ന കത്തെഴുതാനാണ് സംഘടനകളുടെ തീരുമാനം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.