രണ്ട് സെക്കന്‍ഡില്‍ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!.

രണ്ട് സെക്കന്‍ഡില്‍ മൂന്ന് ഗര്‍ഭസ്ഥ ശിശുക്കള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!.


'സ്ത്രീകളില്‍ നീ അനുഗ്രഹീത... നിന്റെ ഉദരഫലം അനുഗ്രഹീതവും'... പരിശുദ്ധാത്മാവിനെ നല്‍കി എലിസബത്തിലൂടെ ദൈവം മറിയത്തോട് പറഞ്ഞ ഈ വാക്കുകള്‍ അമ്മയാകാനൊരുങ്ങുന്ന ഓരോ സ്ത്രീയോടും ദൂതഗണങ്ങള്‍ വഴി ദൈവം ആവര്‍ത്തിക്കുന്നുണ്ട്. ദൈവത്തിന്റെ ഈ സ്വരം യഥാസമയം തിരിച്ചറിയുന്നവര്‍ പ്രസവ മുറിയിലെത്തി അനുഗ്രഹിക്കപ്പെടുമ്പോള്‍ അല്ലാത്തവര്‍ ഗര്‍ഭഛിദ്ര മേശയിലെത്തി ശപിക്കപ്പെട്ടവരായി മാറും.

ലോകത്ത് ഒരു വര്‍ഷം ഏതാണ്ട് അഞ്ച് കോടി പതിനഞ്ച് ലക്ഷം ഗര്‍ഭസ്ഥ ശിശുക്കള്‍ അമ്മമാരുടെ ഉദരങ്ങളില്‍ നിഷ്ഠൂരമായി കൊല ചെയ്യപ്പെടുന്നു എന്നാണ് കണക്ക്. എന്നുവച്ചാല്‍ ലോകത്ത് പ്രതിദിനം വധിക്കപ്പെടുന്ന ഗര്‍ഭസ്ഥ ശിശുക്കളുടെ എണ്ണം 1,41,096 ആണ്. മണിക്കൂറില്‍ അത് 5,879 ആകുമ്പോള്‍ ഒരു മിനിറ്റില്‍ ഏതാണ്ട് 98 കുരുന്നു ജീവനുകളാണ് പിറക്കാന്‍ ഭാഗ്യമില്ലാതെ നശിപ്പിക്കപ്പെടുന്നത്. അല്‍പ്പം കൂടി ചുരുക്കി പറഞ്ഞാല്‍ രണ്ട് സെക്കന്‍ഡില്‍ മൂന്ന് കുഞ്ഞുങ്ങള്‍ വീതം ലോകത്ത് വധിക്കപ്പെടുന്നു!.

ഇന്ത്യയില്‍ ഒരു വര്‍ഷം ഏഴ് ലക്ഷത്തിലധികം ഗര്‍ഭസ്ഥ ശിശുക്കളാണ് കൊല്ലപ്പെടുന്നത്. എന്തിനധികം ഉയര്‍ന്ന സാക്ഷരതയും ഉന്നത മത, സാംസ്‌കാരിക മൂല്യങ്ങളും ഉണ്ടെന്ന് അഭിമാനം കൊള്ളുന്ന ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തില്‍ ഒരു വര്‍ഷം വധിക്കപ്പെടുന്ന നിശബ്ദ ജീവനുകളുടെ എണ്ണം ഇരുപത്തയ്യായിരത്തിനു മുകളിലാണ്.

മേല്‍പ്പറഞ്ഞതെല്ലാം ഔദ്യോഗിക കണക്കുകള്‍ മാത്രമാണ്. ഗര്‍ഭഛിദ്രത്തിന് അംഗീകാരമില്ലാത്ത ആശുപത്രികളിലും നാട്ടു വൈദ്യന്‍മാരുടെ അടുത്തും നടത്തപ്പെടുന്ന ശിശുഹത്യകള്‍ കൂടി കണക്കിലെടുത്താല്‍ എണ്ണം ഇതിന്റെ ഇരട്ടിയോളമാകും.

ഒരു മനുഷ്യ വ്യക്തിയാണ് അമ്മയുടെ ഉദരത്തില്‍ വളരുന്നത് എന്നുള്ള സത്യം തിരിച്ചറിയാതെയോ അല്ലെങ്കില്‍ മറച്ചുവച്ചോ ആണ് പലരും ഗര്‍ഭഛിദ്രത്തിന് തീരുമാനമെടുക്കുന്നത്. പുരുഷ ബീജവും അണ്ഡവും സംയോജിച്ച് ആദ്യത്തെ കോശം രൂപപ്പെടുന്ന സമയത്തു തന്നെ അതിന്റെ ലിംഗം, നിറം, ശരീര ഘടന തുടങ്ങി എല്ലാം തന്നെ രൂപപ്പെടുന്നു.

സൈഗോട്ട് എന്നറിയപ്പെടുന്ന ഈ ഭ്രൂണം ആറോ ഏഴോ ദിവസം കഴിയുമ്പോള്‍ അണ്ഡവാഹിനിക്കുഴലിലൂടെ നീങ്ങി അമ്മയുടെ ഗര്‍ഭപാത്രത്തിന്റെ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരാന്‍ തുടങ്ങുന്നു. ഒരു മാസത്തിനുള്ളില്‍ ഗര്‍ഭസ്ഥ ശിശുവിന്റെ ഹൃദയം മിടിച്ചു തുടങ്ങും. എന്നു വച്ചാല്‍ തന്റെ ഉദരത്തില്‍ ജീവന്‍ തുടിക്കുന്നുണ്ടെന്ന് അമ്മ അറിയും മുന്‍പേ കുഞ്ഞിന്റെ ഹൃദയം വരെ പ്രവര്‍ത്തിച്ചു തുടങ്ങും!. ഈ ഗര്‍ഭസ്ഥ ശിശുവാണ് 40 ആഴ്ചകൊണ്ട് പൂര്‍ണ മനുഷ്യരൂപം പ്രാപിച്ച് ഭൂമിയിലേക്ക് പിറന്നു വീഴുന്നത്.

ബീജ സങ്കലന നിമിഷത്തില്‍ തന്നെ ജീവന്‍ ആരംഭിച്ചു കഴിഞ്ഞതായി ജനീവ കോണ്‍ഫറന്‍സ് ഓഫ് ഹ്യൂമന്‍ റൈറ്റ്‌സ്, വേള്‍ഡ് കോണ്‍ഫറന്‍സ് ഓഫ് ഡോക്ടേഴ്‌സ് തുടങ്ങിയ സംഘടനകള്‍ നടത്തിയ പഠനങ്ങള്‍ വ്യക്തമാക്കുന്നു. ഐക്യരാഷ്ട്ര സഭയുടെ ശിശു പഠനവും അത് ശരിവയ്ക്കുന്നു. ഗര്‍ഭധാരണ നിമിഷത്തില്‍ തന്നെ പുതിയ ജനിതക കോഡ് രൂപീകരിക്കപ്പെടുന്നതായും വിവിധ പഠനങ്ങള്‍ തെളിയിച്ചിട്ടുണ്ട്.

ഗര്‍ഭാവസ്ഥയില്‍ തന്നെ കുഞ്ഞുങ്ങള്‍ക്ക് ചിന്തിക്കാനും പ്രതികരിക്കാനും കഴിയുമെന്ന് പതിറ്റാണ്ടുകള്‍ക്കു മുന്‍പേ പല പരീക്ഷണങ്ങളിലൂടെയും വൈദ്യശാസ്ത്രം തെളിയിച്ചിട്ടുണ്ട്. റേഡിയോയിലൂടെ കേള്‍ക്കുന്ന സംഗീതം അമ്മയുടെ വയറിന്റെ ഇടതു ഭാഗത്ത് ചേര്‍ത്തു വച്ച് കേള്‍പ്പിച്ചപ്പോള്‍ 20 ആഴ്ച പ്രായമുള്ള ഗര്‍ഭസ്ഥ ശിശു ഗര്‍ഭപാത്രത്തിന്റെ അതേ വശത്തുള്ള ഭിത്തിയോട് ചേര്‍ന്നു വരികയും റേഡിയോ വലതു ഭാഗത്തേക്ക് മാറ്റിയപ്പോള്‍ സംഗീതം കേട്ട് കുഞ്ഞ് ഗര്‍ഭപാത്രത്തിന്റെ വലതു വശത്തുള്ള ഭിത്തിയോട് ചേരുകയും ചെയ്യുന്നത് ഡോക്ടര്‍മാര്‍ കമ്പ്യൂട്ടര്‍ സ്‌ക്രീനില്‍ ദര്‍ശിച്ചു.

സമാനമായ മറ്റൊരു പരീക്ഷണവും ഡോക്ടര്‍മാര്‍ നടത്തി. ഒരു പ്രത്യേക ഉപകരണത്തിന്റെ അറ്റത്ത് സൂചി ഘടിപ്പിച്ച് അതുകൊണ്ട് ഗര്‍ഭപാത്രത്തിലെ ആംനിയോട്ടിക് ലായനിയില്‍ നീന്തിത്തുടിക്കുന്ന കുഞ്ഞിന്റെ കൈയ്യില്‍ ഒരു കുത്തു കൊടുത്തു. വേദനകൊണ്ട് പുളഞ്ഞ കുഞ്ഞ് പെട്ടന്ന് കൈ വലിച്ചു.

ഒന്നുരണ്ട് പ്രാവശ്യം കൂടി ഇതാവര്‍ത്തിച്ചു. അപ്പോഴെല്ലാം വേദനിച്ച കുഞ്ഞ് തന്റെ കൈ പിന്നിലേക്ക് വലിച്ചു. അല്‍പ്പ നേരത്തെ ഇടവേളയ്ക്കു ശേഷം വീണ്ടും ഇതാവര്‍ത്തിച്ചപ്പോള്‍ സൂചി നേരേ വരുന്നത് കണ്ട മാത്രയില്‍ തന്നെ ഗര്‍ഭസ്ഥശിശു ഉപദ്രവം ഭയന്ന് ഗര്‍ഭപാത്രത്തിന്റെ മറുവശത്ത് ഒളിച്ചു. ഇത്തരത്തില്‍ ആസ്വാദന ശേഷിയും ചിന്താ ശക്തിയുമുള്ള മനുഷ്യ ജീവനുകളെയാണ് ഗര്‍ഭഛിദ്രം എന്ന പേരില്‍ നാം കൊന്നൊടുക്കുന്നത് എന്നറിയുക.

എത്ര ഗൗരവതരമായ കാര്യവും ഗര്‍ഭഛിദ്രത്തെ ന്യായീകരിക്കുന്നില്ലാത്ത സാഹചര്യത്തില്‍ എത്ര നിസാര കാരണങ്ങള്‍ പറഞ്ഞാണ് മനുഷ്യര്‍ ഈ കൊടും ക്രൂരത നിര്‍ബാധം തുടരുന്നത്. പല അസൗകര്യങ്ങള്‍ നീക്കുവാനും അഭിമാനം സംരക്ഷിക്കുവാനും ശരീര സൗന്ദര്യം നിലനിര്‍ത്താനും വേണ്ടിയാണ് പലരും ഉദര ഫലത്തെ സംഹരിക്കുന്നത്. ഇതുവഴി വൈവിധ്യങ്ങളുടെ ഈ ലോകത്ത് ജീവിക്കുവാനുള്ള ഒരു വ്യക്തിയുടെ അവകാശമാണ് ഉന്‍മൂലനം ചെയ്യപ്പെടുന്നത്.

എല്ലാ നിയമങ്ങളുടെയും അടിസ്ഥാനപരമായ ലക്ഷ്യം വ്യക്തികള്‍ക്കും അതുവഴി സമൂഹത്തിനും നീതി ലഭ്യമാക്കുക എന്നതാണ്. നന്മ ചെയ്യണം, തിന്മ ചെയ്യരുത് എന്നുള്ളതാണ്. ഇത് ധാര്‍മ്മിക മൂല്യങ്ങളിലധിഷ്ഠിതമായിരിക്കണം. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ എല്ലാ നിയമങ്ങളും ഇപ്രകാരമല്ല.

ഈ പശ്ചാത്തലത്തില്‍ നിന്നു വേണം വ്യത്യസ്ത പേരുകളില്‍ വിവിധ രാജ്യങ്ങളില്‍ രൂപീകൃതമായ ഗര്‍ഭഛിദ്ര അനുകൂല നിയമങ്ങളെയും 1971 ല്‍ ഇന്ത്യയില്‍ നിലവില്‍ വന്ന മെഡിക്കല്‍ ടെര്‍മിനേഷന്‍ ഓഫ് പ്രഗ്നന്‍സി (എംടിപി) ആക്ടിനെയും വിലയിരുത്താന്‍. ഈ നിയമങ്ങള്‍ വഴി അമ്മയുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടുമെങ്കിലും കുഞ്ഞിന്റെ ജീവിക്കാനുള്ള പരമ പ്രധാനമായ ജന്മാവകാശം തിരസ്‌കരിക്കപ്പെടുകയാണ് ചെയ്യുന്നത്.

1971 ല്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പാസാക്കിയ എംടിപി ആക്ട് പ്രാബല്യത്തില്‍ വന്ന 1972 ഏപ്രില്‍ ഒന്നു മുതല്‍ 2012 മാര്‍ച്ച് 31 വരെയുള്ള 40 വര്‍ഷത്തിനിടയില്‍ 2.23 കോടിയോളം ഗര്‍ഭഛിദ്രം നിയമപരമായി നടന്നതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. നിയമപരമല്ലാത്തത് വേറെയും.

സമൂഹത്തില്‍ കൊലപാതകങ്ങള്‍ കൂടുന്നുവെങ്കില്‍ അത് രാജ്യത്ത് നിയമവിധേയമാക്കുകയാണോ ചെയ്യുക? കര്‍ശനമായ നിയമം നടപ്പാക്കി കൊലപാതകങ്ങള്‍ നിര്‍ത്തുവാന്‍ ശ്രമിക്കുകയല്ലേ വേണ്ടത് എന്നീ ചോദ്യങ്ങള്‍ ഇവിടെ പ്രസക്തമാണ്.

നാളെ വായിക്കുക.... അരും കൊലയ്ക്ക് അനുമതി നല്‍കിയ 1971 ലെ എംടിപി ആക്ടും അതിന്റെ ഭേദഗതിയും.
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.