ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത് 73 റണ്‍സിന്

ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ: ന്യൂസിലാന്‍ഡിനെ പരാജയപ്പെടുത്തിയത് 73 റണ്‍സിന്

കൊല്‍ക്കത്ത: ന്യൂസിലന്‍ഡിനെതിരായ ട്വന്റി 20 പരമ്പര തൂത്തുവാരി ഇന്ത്യ. മൂന്നാമത്തെയും അവസാനത്തെയുമായ മത്സരത്തിലും വിജയിച്ച ഇന്ത്യ ന്യൂസിലാന്‍ഡിനെതിരായ ട്വന്റി-20 പരമ്പരയില്‍ പരിപൂര്‍ണാധിപത്യം കരസ്ഥമാക്കി.

ന്യൂസിലാന്‍ഡിന് 185 റണ്‍സിന്റെ വിജയലക്ഷ്യം നല്‍കിയശേഷം അവരെ 17.2 ഓവറില്‍ 111 റണ്‍സില്‍ ആള്‍ഔട്ടാക്കുകയായിരുന്നു ഇന്ത്യ. മൂന്നോവറില്‍ ഒന്‍പത് റണ്‍സ് മാത്രം വിട്ടുകൊടുത്ത് മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തിയ അക്ഷര്‍ പട്ടേലും രണ്ട് വിക്കറ്റ് വീഴ്ത്തിയ ഹര്‍ഷല്‍ പട്ടേലും ചേര്‍ന്നാണ് കിവീസിന്റെ ചേസിംഗ് തരിപ്പണമാക്കിയത്. വെങ്കിടേഷ് അയ്യര്‍ മൂന്നോവറില്‍ 12 റണ്‍സ് മാത്രം നല്‍കി ആദ്യ അന്താരാഷ്ട്ര വിക്കറ്റ് സ്വന്തമാക്കിയപ്പോള്‍ ദീപക് ചഹറിനും യുസ്‌വേന്ദ്ര ചഹലിനും ഓരോവിക്കറ്റ് ലഭിച്ചു.

ടോസ് നേടി ഇറങ്ങിയ ഇന്ത്യ രോഹിത് ശര്‍മ്മ(56),ഇഷാന്‍ കിഷന്‍(29),ശ്രേയസ് അയ്യര്‍ (25),വെങ്കിടേഷ് അയ്യര്‍ (20),ഹര്‍ഷല്‍ പട്ടേല്‍(18), ദീപക് ചഹര്‍(21*) എന്നിവരുടെ ബാറ്റിംഗ് മികവിലാണ് 184ലെത്തിയത്. കിവീസിനായി മിച്ചല്‍ സാന്റനര്‍ നാലോവറില്‍ 27 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്ത്തി.

മറുപടിക്കിറങ്ങിയ കിവീസ് നിരയില്‍ 51 റണ്‍സടിച്ച ഗപ്ടില്‍ മാത്രമാണ് തിളങ്ങിയത്. മൂന്നാം ഓവറില്‍ ഡാരില്‍ മിച്ചലിനെയും (5),ചാപ്മാനെയും (0) പുറത്താക്കിയ അക്ഷറാണ് കിവീസിനെ തളര്‍ത്തിയത്.അഞ്ചാം ഓവറില്‍ ഗ്ളെന്‍ ഫിലിപ്പ്സിനെയും (0) അക്ഷര്‍ മടക്കി അയച്ചു. ഗപ്ടിലിനെ ചഹല്‍ തിരിച്ചയക്കുകയും സീഫര്‍ട്ട്(17) റണ്‍ഒൗട്ടാവുകയും ചെയ്തതോടെ അവരുടെ പോരാട്ടവീര്യം കെട്ടടങ്ങുകയും ചെയ്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.