കാണാതായ ചൈനീസ് ടെന്നിസ് താരത്തിന്റെ വീഡിയോ ദൃശ്യം വന്നെങ്കിലും ആശങ്ക ബാക്കി: ടെന്നിസ് അസോസിയേഷന്‍

കാണാതായ ചൈനീസ് ടെന്നിസ് താരത്തിന്റെ വീഡിയോ ദൃശ്യം വന്നെങ്കിലും ആശങ്ക ബാക്കി: ടെന്നിസ് അസോസിയേഷന്‍

ബീജിങ്: ചൈനയിലെ പ്രമുഖ നേതാവിനെതിരെ ലൈംഗിക ആരോപണം ഉന്നയിച്ച ശേഷം കാണാതായിരുന്ന വനിതാ ടെന്നിസ് താരം പെങ് ഷുവായി തിരികെ പ്രത്യക്ഷപ്പെട്ടു. തന്‍ സുഖമായിരിക്കുന്നതായറിയിച്ച് ഇന്റര്‍നാഷണല്‍ ഒളിമ്പിക് കമ്മിറ്റി (ഐഒസി) പ്രസിഡന്റ് തോമസ് ബാക്കുമായി അവര്‍ വീഡിയോ കോള്‍ നടത്തി. അതേസമയം, വീഡിയോ കോള്‍ കൊണ്ടൊന്നും ഇക്കര്യത്തിലെ ആശങ്ക തീരില്ലെന്ന് ലോക വനിതാ ടെന്നിസ് അസോസിയേഷന്‍ (ഡബ്ല്യുടിഎ) പ്രതികരിച്ചു.

മൂന്നാഴ്ചയിലധികമായി പെങ് ഷുവായിയെ കാണാതായത് അന്താരാഷ്ട്ര തലത്തില്‍ വിവാദങ്ങള്‍ക്ക് വഴിവെച്ചിരുന്നു.ബീജിങ്ങില്‍ ടീനേജ് ടെന്നീസ് മാച്ചുമായി ബന്ധപ്പെട്ടാണ് താരത്തിന്റെ ദൃശ്യങ്ങള്‍ ആദ്യം പുറത്തുവന്നത്. പെങ് ഷുവായ് പരിശീലകനും സഹതാരങ്ങള്‍ക്കുമൊപ്പം പങ്കെടുക്കുന്ന ദൃശ്യങ്ങളാണ് ഗ്ലോബല്‍ ടൈംസ് ഫോട്ടോ ലേഖകന്‍ സൂയി മെങ് പകര്‍ത്തിയത്. ഇതിന് മുന്‍പ് പെങ് ഷുവായിയും പരിശീലകരും ഒരു റെസ്റ്റോറന്റിലിരുന്ന ഭക്ഷണം കഴിക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഇത് ഗ്ലോബല്‍ ടൈംസ് എഡിറ്റര്‍ ഇന്‍ ചീഫ് ഹൂ ഷിജിന്‍തും ട്വിറ്ററില്‍ സ്ഥിരീകരിച്ചിരുന്നു.

പെങ് ഷുവായിയുടെ തിരോധാനം അന്വേഷിക്കണമെന്ന് വുമന്‍ ടെന്നീസ് അസോസിയേഷനും യുഎന്നും ആവശ്യപ്പെട്ടിരുന്നു. ഇതുമായി ബന്ധപ്പെട്ട് അന്താരാഷ്ട്ര തലത്തിലും ചൈനയ്ക്ക് മേല്‍ സമ്മര്‍ദ്ദം ശക്തമായതിന് പിന്നാലെയാണ് താരത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നത്.
മുന്‍ ലോക ഒന്നാം നമ്പര്‍ ഡബിള്‍സ് താരമാണ് പെങ് ഷുവായ്. നവംബര്‍ ആദ്യം ചൈനയുടെ സമൂഹമാദ്ധ്യമമായ വെയ്ബോയിലാണ് മുന്‍ ഉപപ്രധാനമന്ത്രി ഷാങ് ഗവോലിക്കെതിരെ പെങ് ഷുവാങ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഷാങ് നിര്‍ബന്ധിതമായി ലൈംഗികമായി ഉപയോഗിച്ചുവെന്നായിരുന്നു ആരോപണം. മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് പിന്‍വലിക്കുകയും ചെയ്തു.

പെങ് ഷുവായിയുടെ കാര്യത്തില്‍ ആശങ്ക രേഖപ്പെടുത്തി, താരം എവിടെയാണെന്നും സുരക്ഷിതയാണെന്നും വ്യക്തമാക്കുന്ന തെളിവുകള്‍ ചൈന പുറത്തുവിടണമെന്ന് അമേരിക്ക, ഫ്രാന്‍സ്, കാനഡ, യു.കെ എന്നീ രാജ്യങ്ങളുടെ വിദേശകാര്യ വകുപ്പുകള്‍ ആവശ്യപ്പെട്ടിരുന്നു. സെറീന വില്യംസും റോജര്‍ ഫെഡററും ഉള്‍പ്പെടെയുളള കായിക താരങ്ങളും പെങ് ഷുവായിയുടെ തിരോധാനത്തില്‍ ആശങ്ക രേഖപ്പെടുത്തിയിരുന്നു.

വിവാദങ്ങള്‍ക്ക് പിന്നാലെ ആരോപണങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് പെങ് ഷുവായി പറയുന്ന ഒരു ഇ മെയില്‍ നേരത്തെ ചൈനയുടെ ഔദ്യോഗിക മാദ്ധ്യമം പുറത്തുവിട്ടെങ്കിലും ഇതിന്റെ ആധികാരികതയില്‍ വുമന്‍ ടെന്നീസ് അസോസിയേഷനും ആംനെസ്റ്റിയും ഉള്‍പ്പെടെ സംശയം പ്രകടിപ്പിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.