കോട്ടയം: വന്യജീവി അക്രമത്തിന് പരിഹാരം കാണാതെ മലയോര ജനതയുടെ ജീവന്‍ വെച്ച് കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ കാലങ്ങളായി നടത്തുന്ന വെല്ലുവിളികള്‍ക്ക് അവസാനമുണ്ടാകണമെന്ന് ഇന്‍ഫാം ദേശീയ സെക്രട്ടറി ജനറല്‍ ഷെവലിയാര്‍ അഡ്വ.വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു. കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി കേരളത്തില്‍ പ്രഖ്യാപിക്കില്ലെന്ന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയുടെ നിലപാട് ധിക്കാരപരമാണെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നിയെ ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന വനം വകുപ്പ് മന്ത്രി നടത്തിയ ഡല്‍ഹി യാത്ര പ്രഹസനമായി മാറി. കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം തള്ളിക്കളഞ്ഞുവെന്നവാദമുന്നയിച്ച് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒളിച്ചോടാന്‍ ശ്രമിക്കരുത്. കൃഷിയിടങ്ങളിലും ജനവാസ കേന്ദ്രങ്ങളിലുമിറങ്ങിയുള്ള കാട്ടുപന്നിയുടെ ഉപദ്രവത്തിന്റെ ഗൗരവം കേന്ദ്ര സര്‍ക്കാരിനെ ബോധ്യപ്പെടുത്തുന്നതില്‍ സംസ്ഥാന വനം വകുപ്പ് പരാജയപ്പെട്ടുവെന്നതാണ് യാഥാര്‍ത്ഥ്യമെന്നും വി.സി സെബാസ്റ്റ്യന്‍ വ്യക്തമാക്കി.
വന്യജീവി അക്രമത്താല്‍ കേരളത്തില്‍ ഈ വര്‍ഷം 100 ല്‍ പരം പേര്‍ മരിച്ചു വീണിട്ടും 52 പേര്‍ മാത്രമാണ് കൊല്ലപ്പെട്ടതെന്നുള്ള വനം വകുപ്പിന്റെ കണക്ക് പച്ചക്കള്ളമാണ്. ഇത്രയും മനുഷ്യജീവനെടുക്കപ്പെട്ടിട്ടും ഒരു നടപടിയുമില്ലാതെ കര്‍ഷകരുള്‍പ്പെടെ മലയോര ജനതയുടെ മേല്‍ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ നിരന്തരം കുതിരകയറുന്നത് സംഘടിച്ച് എതിര്‍ക്കേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു.
കാട്ടുപന്നികളെ ഒരു വര്‍ഷത്തേയ്ക്ക് മാത്രമായി ക്ഷുദ്ര ജീവിയായി പ്രഖ്യാപിക്കണമെന്നുള്ള സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തില്‍ ആവശ്യപ്പെട്ടതുതന്നെ പ്രശ്‌നത്തിന്റെ ഗൗരവം നഷ്ടപ്പെടുത്തി. ഇന്ത്യയിലെ ഇതരസംസ്ഥാനങ്ങളിലും വിവിധ രാജ്യങ്ങളിലും തുടരുന്ന വന്യമൃഗ അംഗീകൃതവേട്ട പ്രക്രിയയാണ് സംസ്ഥാനത്തും വേണ്ടത്. ഇതിന് ഒരു വര്‍ഷമെന്ന സമയപരിധിയില്ല.
ജണ്ടയിട്ട് തിരിച്ചിരിക്കുന്ന വനാതിര്‍ത്തിക്കുള്ളില്‍ വന്യജീവികളെ സംരക്ഷിക്കേണ്ടത് വനംവകുപ്പിന്റെ ഉത്തരവാദിത്വമാണ്. ഇതിനായി വനാതിര്‍ത്തിയില്‍ കിടങ്ങുകളും ഭിത്തികളും സോളാര്‍ ഫെന്‍സിങ്ങും ഉള്‍പ്പെടെ സംരക്ഷണ കവചമൊരുക്കേണ്ടത് വനം വകുപ്പാണ്. കര്‍ഷകരുടെ കൃഷിഭൂമിയില്‍ അനധികൃതമായി കടന്നുവരുന്ന വന്യജീവികളെ വേട്ടയാടുവാന്‍ കര്‍ഷകന് അവകാശം നല്‍കുന്ന നിയമനിര്‍മ്മാണത്തിന് സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം നിർദ്ദേശിച്ചു.
വന്യമൃഗ അക്രമത്തില്‍ മരിച്ചുവീഴുന്ന കര്‍ഷക കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുകയും വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പേരില്‍ കൊലക്കുറ്റത്തിന് കേസെടുക്കുകയും വേണം. വന്യമൃഗങ്ങളെ ഇറക്കിവിട്ട് കര്‍ഷകരെ ആക്രമിച്ചും കൊലചെയ്തും ഭീകരാന്തരീക്ഷം സൃഷ്ടിച്ചും കൃഷി ഭൂമിയില്‍ നിന്ന് ബാക്കിയുള്ള കര്‍ഷകരെക്കൂടി കുടിയിറക്കി വനവിസ്തൃതി വര്‍ദ്ധിപ്പിക്കുവാനുള്ള വനം വകുപ്പിന്റെ കുതന്ത്രം വിലപ്പോവില്ലെന്നും കര്‍ഷകന്‍ നിയമം കൈയ്യിലെടുക്കുന്ന സാഹചര്യം ഒഴിവാക്കണമെന്നും വി.സി സെബാസ്റ്റ്യന്‍ പറഞ്ഞു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.