നങ്കൂരം കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെട്ട വിശുദ്ധ ക്ലമന്റ് മാര്‍പ്പാപ്പ

നങ്കൂരം കഴുത്തില്‍ കെട്ടി കടലില്‍ എറിയപ്പെട്ട വിശുദ്ധ ക്ലമന്റ് മാര്‍പ്പാപ്പ

അനുദിന വിശുദ്ധര്‍ - നവംബര്‍ 23

എ.ഡി 92-101 കാലയളവില്‍ സേവനം ചെയ്ത വിശുദ്ധ ക്ലമന്റ് ആദ്യ മാര്‍പാപ്പാമാരില്‍ ഒരാളായിരുന്നു. അപ്പസ്തോലന്മാരോട് അടുത്ത ബന്ധം പാലിച്ചിരുന്ന ക്ലമന്റിനെ ഒരു അപ്പസ്തോലന്‍ എന്നാണ് പിതാക്കന്മാര്‍ വിളിച്ചിരുന്നത്. ക്ലമന്റ് മാര്‍പാപ്പയുടെ ഗ്രന്ഥങ്ങള്‍ അമൂല്യങ്ങളാണ്. കത്തോലിക്കാ സഭയുടെ ദിനം തോറുമുള്ള ആരാധാനാക്രമ പുസ്തകത്തില്‍ ഇതിനെ കുറിച്ചുള്ള വിശദീകരണങ്ങള്‍ കാണാം.

ക്രൈസ്തവരോടുള്ള അദ്ദേഹത്തിന്റെ ആഭിമുഖ്യം നിമിത്തം അദ്ദേഹത്തെ ദൂരെയുള്ള ഒരുപദ്വീപിലേക്ക് നാടു കടത്തി. അവിടെ സമാനമായി നാടു കടത്തപ്പെട്ട ഏതാണ്ട് രണ്ടായിരത്തോളം ക്രിസ്ത്യാനികളെ അദ്ദേഹം കണ്ടുമുട്ടി. അദ്ദേഹം അവരെ ആശ്വസിപ്പിച്ചു. ആറ് മൈലുകളോളം ദൂരെ നിന്ന് വേണമായിരുന്നു അവര്‍ക്ക് വെള്ളം കൊണ്ടുവരുവാന്‍.

ഇതിനെ കുറിച്ച് അവര്‍ വിശുദ്ധനോട് പരാതി പറഞ്ഞപ്പോള്‍ അദ്ദേഹം അവരെ ആശ്വസിപ്പിച്ച് കൊണ്ട് യേശു ക്രിസ്തുവിനോട് ''തന്റെ സാക്ഷ്യം വഹിക്കുന്നവര്‍ക്കായി ഒരു നീരുറവ തുറന്ന് തരണമേ'' എന്നപേക്ഷിക്കുവാന്‍ ആവശ്യപ്പെട്ടു.

അവര്‍ ഇപ്രകാരം പ്രാര്‍ത്ഥിച്ചുകൊണ്ടിരിക്കെ ദൈവത്തിന്റെ കുഞ്ഞാട് പ്രത്യക്ഷപ്പെടുകയും ആ പരിശുദ്ധ പാദങ്ങളില്‍ നിന്നും അത്ഭുതകരമായ രീതിയില്‍ നുരഞ്ഞു പൊങ്ങുന്ന ശുദ്ധ ജലത്തിന്റെ ഒരു തെളിനീരുറവ ഒഴുകുകയും ചെയ്തു. ഈ അത്ഭുതത്തിന് സാക്ഷ്യം വഹിച്ച അയല്‍വാസികളായ വിജാതീയര്‍ പോലും ക്രിസ്തീയ വിശ്വാസികളായി മാറി.

ഇക്കാര്യങ്ങളെല്ലാം അറിഞ്ഞ ട്രാജന്‍ ചക്രവര്‍ത്തി വിശുദ്ധന്റെ കഴുത്തില്‍ ഒരു ഇരുമ്പ് നങ്കൂരം കെട്ടിവച്ച്  കടലിലേക്കെറിയുവാന്‍ ആജ്ഞാപിച്ചു. അപ്പോള്‍ അവിടെ കൂടി നിന്ന ജനങ്ങള്‍ അദ്ദേഹത്തെ രക്ഷിക്കുവാന്‍ യേശുവിനോട് കരഞ്ഞപേക്ഷിച്ചുകൊണ്ടിരുന്നു. എന്നാല്‍ വിശുദ്ധനാകട്ടെ തന്റെ ആത്മാവിനെ സ്വീകരിക്കുവാനാണ് ദൈവത്തോടപേക്ഷിച്ചത്.

തീരത്ത് കൂടിനിന്ന ക്രിസ്ത്യാനികള്‍ പിന്നീട് അദ്ദേഹത്തിന്റെ മൃതദേഹത്തിനായി ദൈവത്തോടപേക്ഷിച്ചപ്പോള്‍ മൂന്ന് മൈലോളം കടല്‍ ഉള്ളിലേക്ക് വലിയുകയും വിശുദ്ധന്റെ ശരീരം ചുണ്ണാമ്പ് കല്ലു കൊണ്ടുണ്ടാക്കിയ ഒരു ചെറിയ പള്ളിയില്‍ കല്ലുകൊണ്ടുള്ള മഞ്ചപ്പെട്ടിയില്‍ കിടക്കുന്നതായി കാണപ്പെട്ടു.

അദ്ദേഹത്തിന്റെ കഴുത്തില്‍ കെട്ടിയ നങ്കൂരം അരികില്‍ തന്നെ ഉണ്ടായിരുന്നു. ഏതാണ്ട് 858-867 കാലയളവില്‍ നിക്കോളാസ് ഒന്നാമന്റെ കാലത്ത് വിശുദ്ധരായ സിറിലും മെത്തോഡിയൂസും വിശുദ്ധ ക്ലമന്റിന്റെ ഭൗതികശരീരം റോമിലേക്ക് കൊണ്ടുവരികയും അവിടെ അദ്ദേഹത്തിനായി ഒരു ദേവാലയം പണിയുകയും ചെയ്തു.

പഴയ കാലത്തെ ആരാധനാ സംവിധാനങ്ങള്‍ ഇവിടെ ഇപ്പോഴും സൂക്ഷിക്കുന്നു എന്ന കാരണത്താല്‍ ഈ ദേവാലയം റോമില്‍ വളരെയേറെ ആദരിക്കപ്പെടുന്ന ദേവാലയങ്ങളില്‍ ഒന്നാണ്.

ഇന്നത്തെ ഇതര വിശുദ്ധര്‍

1. ഫെലിച്ചിത്താസ്

2. സിസിലിയിലെ ജിര്‍ജെന്തിയിലെ ഗ്രിഗറി

3. മെറ്റ്‌സിലെ പ്രഥമ ബിഷപ്പായിരുന്ന ക്ലെമന്റ്

4. കപ്പദോച്യന്‍ ബിഷപ്പായിരുന്ന ആംഫിലോക്കിയൂസ്.

'അനുദിന വിശുദ്ധര്‍'എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.