കോവിഡ് നയങ്ങളില്‍ അടുത്ത മാസം മുതല്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി ന്യൂസിലന്‍ഡ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

കോവിഡ് നയങ്ങളില്‍ അടുത്ത മാസം മുതല്‍ മാറ്റം കൊണ്ടുവരാനൊരുങ്ങി ന്യൂസിലന്‍ഡ്; പുതിയ തീരുമാനങ്ങള്‍ ഇങ്ങനെ

വെല്ലിംഗ്ടണ്‍: ന്യൂസിലന്‍ഡില്‍ അടുത്ത മാസം മുതല്‍ കോവിഡ് നിയന്ത്രണങ്ങളില്‍ മാറ്റം കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി ജസീന്ദ ആര്‍ഡെന്‍. ഇതിന്റെ ഭാഗമായി ഓക്‌ലന്‍ഡില്‍ ഏര്‍പ്പെടുത്തിയ മൂന്നര മാസത്തെ ലോക്ഡൗണ്‍ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

അതേസമയം അന്താരാഷ്ട്ര യാത്രക്കാര്‍ക്കുള്ള ക്വാറന്റീന്‍ നിര്‍ദേശങ്ങള്‍ നിലനില്‍ക്കും. അടുത്ത വര്‍ഷം അവ ലഘൂകരിക്കുമെന്ന സൂചനയും ജസീന്ദ ആര്‍ഡന്‍ നല്‍കി.

ഡിസംബര്‍ രണ്ടിന് രാത്രി 11:59 മുതലാണ് ന്യൂസിലന്‍ഡ് പുതിയ കോവിഡ് നയം നടപ്പാക്കുന്നത്. കൊറോണ വൈറസിനെ പൂര്‍ണമായും ഇല്ലാതാക്കാന്‍ ശ്രമിക്കുന്നതിനുപകരം കോവിഡിനൊപ്പം ജീവിക്കുക എന്ന നയം ഉള്‍ക്കൊള്ളാനാണ് സര്‍ക്കാര്‍ തീരുമാനം. ഇതിന്റെ ഭാഗമായി ഓക്‌ലന്‍ഡില്‍ കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങള്‍ പിന്‍വലിക്കുകയും വ്യാപാര മേഖലയെ പ്രവര്‍ത്തിക്കാന്‍ അനുവദിക്കുകയും ചെയ്യുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊറോണയുടെ വകഭേദമായ ഡെല്‍റ്റ വൈറസിന്റെ സാന്നിധ്യം ഇവിടെയുണ്ട്. അത് പൂര്‍ണമായും പോകില്ല എന്നതാണ് യാഥാര്‍ത്ഥ്യം. ഒരു രാജ്യത്തിനും ഡെല്‍റ്റയെ പൂര്‍ണമായും ഇല്ലാതാക്കാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ന്യൂസിലന്‍ഡ് കോവിഡിനെ നേരിടുന്നതില്‍ മികച്ച പ്രവര്‍ത്തനമാണ് കാഴ്ച്ച വച്ചതെന്ന് ജസീന്ദ ആര്‍ഡന്‍ പറഞ്ഞു.

കര്‍ശനമായ അതിര്‍ത്തി നിയന്ത്രണങ്ങളിലൂടെയും ലോക്ഡൗണുകളിലൂടെയും കോണ്‍ടാക്റ്റ് ട്രെയ്സിംഗ് സംവിധാനത്തിലൂടെയും കോവിഡ് പൂര്‍ണമായും ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെയാണ് സര്‍ക്കാര്‍ ഇതുവരെ തീരുമാനങ്ങള്‍ കൈക്കൊണ്ടിരുന്നത്. എന്നാലത് അസാധ്യമാണെന്ന തിരിച്ചറിവിലാണ് പുതിയ നയം കൈക്കൊള്ളുന്നത്.

50 ലക്ഷമാണ് രാജ്യത്തിന്റെ ജനസംഖ്യ. ഇതുവരെ 40 കോവിഡ് മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഓഗസ്റ്റ് മധ്യത്തിലാണ് ഡെല്‍റ്റ ആദ്യമായി രാജ്യത്തെ ഏറ്റവും വലിയ നഗരമായ ഓക്ലന്‍ഡില്‍ റിപ്പോര്‍ട്ട് ചെയ്തത്. തുടര്‍ന്ന് വലിയ തോതില്‍ വ്യാപനമുണ്ടായി. മൂന്നു മാസത്തിലേറെയായി തുടരുന്ന ലോക്ഡൗണ്‍ അവസാനിപ്പിക്കാന്‍ വലിയ സമ്മര്‍ദമാണ് സര്‍ക്കാരിനു മേല്‍ ഉണ്ടായത്.

രാജ്യത്ത് വാക്‌സിനേഷന്‍ നിരക്ക് 90 ശതമാനം എത്തുമ്പോള്‍ പുതിയ നയം നടപ്പാക്കാനാണ് ആദ്യം പദ്ധതിയിട്ടിരുന്നത്. നിലവില്‍ വാക്‌സിനേഷന്‍ നിരക്ക് 83 ശതമാനമാണെങ്കിലും ഡിസംബര്‍ രണ്ടിന് പുതിയ നയം നടപ്പാക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഉയര്‍ന്ന വാക്‌സിനേഷന്‍ നിരക്കുകളും വാക്‌സിന്‍ പാസ് ഉള്‍പ്പെടെയുള്ള സുരക്ഷാ നടപടികളും സ്വീകരിച്ചതിനാല്‍ ന്യൂസിലന്‍ഡ് കോവിഡിനെ നേരിടാന്‍ സജ്ജമാണ്.

കോവിഡ് നിയന്ത്രണത്തിന്റെ അടുത്ത ഘട്ടത്തിലേക്കു രാജ്യം കടക്കുകയാണെന്നു ഡയറക്ടര്‍ ജനറല്‍ ഓഫ് ഹെല്‍ത്ത് ആഷ്ലി ബ്ലൂംഫീല്‍ഡ് പറഞ്ഞു.

പുതിയ സംവിധാനത്തില്‍ കോവിഡ് കേസുകളും വാക്‌സിനേഷന്‍ നിരക്കും അനുസരിച്ച് പ്രദേശങ്ങളെ ചുവപ്പ്, ഓറഞ്ച്, പച്ച എന്നിങ്ങനെ തരംതിരിക്കും. പച്ചയില്‍ ഉള്‍പ്പെട്ട പ്രദേശങ്ങളില്‍ വൈറസ് നിയന്ത്രണങ്ങളുണ്ടാകില്ല. ചുവപ്പ് മേഖലയില്‍ ബിസിനസുകള്‍ തുറന്നു പ്രവര്‍ത്തിക്കും. അതേസമയം ഉപഭോക്താക്കള്‍ വാക്‌സിന്‍ സ്വീകരിക്കുകയും സാമൂഹിക അകലം പാലിക്കുകയും വേണം.

കോവിഡ് പൊട്ടിപ്പുറപ്പെട്ട ഓക്ലന്‍ഡ് നഗരത്തെ ആദ്യം ചുവപ്പ് ക്രമീകരണത്തിലാണ് ഉള്‍പ്പെടുത്തുന്നത്. മറ്റ് മേഖലകളെ എങ്ങനെ തരംതിരിക്കാമെന്ന് ഉദ്യോഗസ്ഥര്‍ ഉടന്‍ തീരുമാനിക്കും. ബാറുകള്‍, ജിമ്മുകള്‍, റസ്റ്റോറന്റുകള്‍ തുടങ്ങിയ സ്ഥലങ്ങളില്‍ വാക്‌സിന്‍ പാസുകള്‍ നിര്‍ബന്ധമാക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. നിലവില്‍ ഓക്‌ലന്‍ഡ് അടച്ചുപൂട്ടിയിരിക്കുകയാണ്. ഡിസംബര്‍ 15-ന് റോഡിലെ തടസങ്ങള്‍ നീക്കം ചെയ്യും.

രാജ്യാന്തര അതിര്‍ത്തി തുറക്കുന്നതു സംബന്ധിച്ച അനിശ്ചിതത്വം കാരണം ഈ വര്‍ഷാവസാനം വരെ ഓസ്ട്രേലിയയിലേക്കുള്ള 1,000-ത്തിലധികം വിമാനങ്ങള്‍ റദ്ദാക്കിയതായി എയര്‍ ന്യൂസിലാന്‍ഡ് അറിയിച്ചു.

മറ്റുള്ള രാജ്യങ്ങളെ അപേക്ഷിച്ച് ന്യൂസിലാന്‍ഡ് ഏറ്റവും കര്‍ശനമായ കോവിഡ് നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതിലൂടെ മഹാമാരിയുടെ വ്യാപനത്തെ പരിമിതപ്പെടുത്താനും സമ്പദ്വ്യവസ്ഥയെ പഴയ ഉണര്‍വിലേക്കു കൊണ്ടുവരാനും സാധിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.