വൗകെഷ(വിസ്‌കോന്‍സിന്‍): ക്രിസ്മസ് പരേഡിലേക്കു വാഹനം ഓടിച്ചുകയറ്റി അഞ്ചു പേരെ കൊല്ലുകയും അമ്പതോളം പേരെ പരിക്കേല്‍പ്പിക്കുകയും ചെയ്തതിന് അറസ്റ്റിലായ ഡാരെല്‍ ബ്രൂക്‌സിനെതിരേ പോലീസ് 'ബോധപൂര്‍വമായ നരഹത്യാ കുറ്റം' ചുമത്തി. അതേസമയം, 39 കാരനായ ബ്രൂക്‌സിന് തീവ്രവാദ ബന്ധമുള്ളതിന്റെ തെളിവുകളില്ലെന്ന് പോലീസ് അറിയിച്ചു. മുമ്പും മനുഷ്യരുടെ മേല്‍ വണ്ടി ഓടിച്ചു കയറ്റിയത് ഉള്‍പ്പെടെ നീണ്ട ക്രിമിനല്‍ റെക്കോര്‍ഡുള്ളയാളാണിയാള്‍.
വിസ്‌കോന്‍സിന്‍ സംസ്ഥാനത്തെ വൗകെഷയില്‍ ഞായറാഴ്ചയായിരുന്നു രാജ്യത്തെ നടുക്കിയ ദുരന്തമുണ്ടായത്. ജനക്കൂട്ടത്തിലേക്ക് ഓടിച്ചു കയറ്റിയ വാഹനം വെടിയുതിര്‍ത്തു നിര്‍ത്തിച്ച ശേഷമാണ് ബ്രൂക്‌സിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. ബ്രൂക്‌സിനെതിരെ ചുമത്തിയിട്ടുള്ള 'ഫൈവ് കൗണ്ട്' നരഹത്യാ കുറ്റം വിസ്‌കോന്‍സിനില്‍ 'ഫസ്റ്റ്-ഡിഗ്രി' കൊലപാതകത്തിന് തുല്യമാണ്. കുറ്റം തെളിഞ്ഞാല്‍ ജീവപര്യന്തം തടവായിരിക്കും ശിക്ഷ.
സംഭവത്തിനു മുമ്പുള്ള ബ്രൂക്‌സിന്റെ നീക്കങ്ങള്‍ സംബന്ധിച്ചും മറ്റും വിശദമായി അന്വേഷിച്ചുവരികയാണെന്ന് പോലീസ് മേധാവി ഡാന്‍ തോംസണ്‍ പറഞ്ഞു. അതേസമയം, തീവ്രവാദ പ്രവര്‍ത്തനത്തിന്റെ ഭാഗമല്ല ഈ അക്രമമെന്ന നിഗമനമാണുള്ളതെന്ന് അദ്ദേഹം അറിയിച്ചു.
യു.എസിലെ ക്രിസ്മസ് പരേഡില്‍ ആളുകള്‍ക്കിടയിലേക്കു ബ്രൂക്‌സ് വാഹനം ഓടിച്ചുകയറ്റുന്നതിന്റെ വീഡിയോ ദൃശ്യം.
മില്‍വാക്കി കൗണ്ടിയില്‍ ബ്രൂക്‌സ് ഉള്‍പ്പെട്ട രണ്ട് ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഒരു സ്ത്രീയുടെ മേല്‍ എസ്.യു.വി ഓടിച്ചു കയറ്റിയെന്നതാണ് തീര്‍പ്പാക്കാത്ത കേസുകളില്‍ ഒരെണ്ണം. അക്രമാസക്തമായ പെരുമാറ്റത്തിന് ആറു തവണ ശിക്ഷ വാങ്ങിയിട്ടുമുണ്ട്. താരതമ്യേന ചെറിയ തുകയ്ക്ക് ഇയാള്‍ക്കു ജാമ്യം ലഭിച്ചതുമായി ബന്ധപ്പെട്ട് മില്‍വാക്കി കൗണ്ടി അറ്റോര്‍ണി അന്വേഷണം നടത്തിവരികയാണ്. ഒരു സെല്‍ ഫോണിന്റെ പേരില്‍ ബന്ധുവിനെ കയ്യേറ്റം ചെയ്യുകയും വാഹനത്തില്‍ കയറിപ്പോയ അയാളുടെ നേരെ വെടിയുതിര്‍ക്കുകയും ചെയ്തതാണ് 2020 ജൂലൈ മുതല്‍ നിലവിലുള്ള മറ്റൊരു കേസ്. ഇവയിലെല്ലാം ഇയാള്‍ കുറ്റം നിഷേധിച്ചിരിക്കുകയാണ്.
2003-ലും 2005-ലും 2011-ലും പോലീസ് ഓഫീസര്‍മാരുടെ കൃത്യ നിര്‍വഹണം തടഞ്ഞതിന് ബ്രൂക്സിനെ കുറ്റക്കാരനാണെന്ന് കണ്ടെത്തി ഹ്രസ്വകാല ശിക്ഷ നല്‍കിയിരുന്നു. 2010-ല്‍ വുഡ് കൗണ്ടിയില്‍ ഒപ്പം താമസിച്ചിരുന്ന സ്ത്രീയെ കഴുത്തുഞെരിച്ച് ശ്വാസംമുട്ടിച്ച കുറ്റത്തിനു ശിക്ഷ വാങ്ങി. 15 വര്‍ഷം മുമ്പ് 24 വയസുള്ളപ്പോള്‍ ലൈംഗിക കുറ്റവാളിയായി അറസ്റ്റ് ചെയ്യപ്പെട്ട് പ്രൊബേഷന്‍ ശിക്ഷ അനുഭവിച്ചു. ലൈംഗിക കുറ്റങ്ങള്‍ക്കു പിന്നെയും പല തവണ ശിക്ഷിക്കപ്പെട്ടിട്ടുള്ള ആളാണു ബ്രൂക്സ്. പരോളില്‍ ഇറങ്ങിയ ശേഷം ജയിലില്‍ ഹാജരാകാതെ മുങ്ങി നടക്കുകയായിരുന്നു. ഇതുമായി ബന്ധപ്പെട്ട വാറന്റ് നടപടികളെക്കുറിച്ചും പോലീസ് വിവരങ്ങള്‍ ശേഖരിച്ചുവരുന്നു.
കൂടുതല്‍ വായനയ്ക്ക്:
യു.എസില്‍ ക്രിസ്മസ് പരേഡിലേക്ക് കാര്‍ ഇടിച്ചുകയറി: നിരവധി മരണം; കുട്ടികളടക്കം 20 പേര്‍ക്കു പരിക്ക്
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.