മെല്‍ബണ്‍: ഓസ്‌ട്രേലിയയില്‍ മതവിശ്വാസികളായ പൗരന്മാര്‍ക്കും അവരുടെ സ്ഥാപനങ്ങള്‍ക്കും നിയമപരമായി അധിക സംരക്ഷണം ഉറപ്പാക്കുന്ന ശിപാര്‍ശകളടങ്ങിയ ബില്‍ (religious discrimination bill) പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ ഫെഡറല്‍ പാര്‍ലമെന്റില്‍ അവതരിപ്പിക്കും.
മതവിശ്വാസങ്ങള്‍ പിന്തുടരുന്നവര്‍ ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളില്‍ വിവേചനം നേരിടുമ്പോഴാണ് ഫെഡറല്‍ സര്‍ക്കാര്‍ അധിക പരിരക്ഷ ഉറപ്പാക്കുന്ന ബില്‍ അവതരിപ്പിച്ചത്. വ്യക്തിപരമായി ഏറെ പ്രധാന്യമാണ് പ്രധാനമന്ത്രി ഈ മതപരമായ വിവേചന നിയന്ത്രണ ബില്ലിന് നല്‍കുന്നത്. അതുകൊണ്ടാണ് ബില്‍ അവതരിപ്പിക്കാന്‍ അദ്ദേഹം മുന്‍കൈയെടുത്തത്.
മതവിശ്വാസങ്ങള്‍ ആര്‍ക്കും ദ്രോഹം ചെയ്യാത്തിടത്തോളം കാലം അവയ്ക്ക് വിവേചനം ഏര്‍പ്പെടുത്തേണ്ട കാര്യമില്ലെന്നും യഥാര്‍ഥ വിശ്വാസി ആരെയെങ്കിലും ഭീഷണിപ്പെടുത്തുകയോ ഉപദ്രവിക്കുകയോ അപകീര്‍ത്തിപ്പെടുത്തുകയോ ചെയ്യുമെന്ന് ന്യായബോധമുള്ള ആരും കരുതുന്നില്ലെന്നും ബില്ലില്‍ പറയുന്നു.
സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള മതസ്ഥാപനങ്ങളില്‍ വിശ്വാസികളായ ജീവനക്കാരെ നിയമിക്കാന്‍ അധികാരം നല്‍കുന്നതാണ് ബില്‍. ഉദാഹരണത്തിന് മതസ്ഥാപനമായ ഒരു പ്രൈമറി സ്‌കൂളില്‍ അതിന്റെ എല്ലാ ജീവനക്കാരും വിദ്യാര്‍ത്ഥികളും വിശ്വാസികളായിരിക്കണമെന്ന് ആവശ്യപ്പെടുന്നത് വിവേചനമായി കണക്കാക്കാനാവില്ല.
ആശുപത്രികള്‍, സ്‌കൂളുകള്‍, വയോജനങ്ങളെയും ഭിന്നശേഷിയുള്ളവരെയും പരിചരിക്കുന്ന കേന്ദ്രങ്ങള്‍ തുടങ്ങിയ മതസ്ഥാപനങ്ങളുടെ സുഗമമായ നടത്തിപ്പിന് വിശ്വാസാധിഷ്ഠിത തീരുമാനങ്ങള്‍ എടുക്കുന്നതും ജീവനക്കാര്‍ക്കിടയില്‍ മതപരമായ ധാര്‍മ്മികത സംരക്ഷിക്കാന്‍ ശ്രമിക്കുന്നതും വിവേചനമായി കാണാനാവില്ല. ഇത്തരം സ്ഥാപനങ്ങള്‍ക്ക് അവരുടെ വിശ്വാസം സംരക്ഷിക്കാന്‍ അധിക പരിരക്ഷ ലഭിക്കും.
അതേസമയം ബില്ലിനെതിരേ പ്രധാനമന്ത്രിയുടെ സ്വന്തം പാര്‍ട്ടിയില്‍നിന്നും വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. ബില്‍ അടുത്തയാഴ്ച ലോവര്‍ ഹൗസില്‍ വോട്ടുചെയ്ത് സെനറ്റിലേക്ക് അയയ്ക്കുമെന്നാണ് കരുതപ്പെടുന്നത്. അടുത്ത വര്‍ഷം ആദ്യം ബില്‍ അന്തിമ വോട്ടെടുപ്പിന് വിധേയമാക്കിയേക്കും.
അടുത്ത ഫെഡറല്‍ തെരഞ്ഞെടുപ്പിന് മുന്‍പായി പാര്‍ലമെന്റ് ബില്‍ പാസാക്കണമെന്ന് മതനേതാക്കളും വിശ്വാസികളും ശക്തമായ ആവശ്യം ഉയര്‍ത്തിയിരുന്നു.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.