നിരവധി പിശാചു ബാധിതരെ സുഖപ്പെടുത്തിയ വിശുദ്ധ റൊമാനൂസ്

നിരവധി പിശാചു ബാധിതരെ സുഖപ്പെടുത്തിയ വിശുദ്ധ റൊമാനൂസ്

അനുദിന വിശുദ്ധര്‍ - നവംബര്‍ 24

സ്വയം ഒതുങ്ങിക്കൂടിയ പ്രകൃതക്കാരനായ ഒരു റോമന്‍ പുരോഹിതനായിരുന്നു വിശുദ്ധ റൊമാനൂസ്. 385 ല്‍ ഫ്രാന്‍സിലെ ബ്ലായേയില്‍ മിഷന്‍ പ്രവര്‍ത്തനങ്ങള്‍ തുടരവേയാണ് അദ്ദേഹത്തിന്റെ മരണം. ക്ലമന്റ് മാര്‍പാപ്പ തന്റെ അമ്മാവനും മെത്രാനുമായ ജൂലിയനെ ഗൗളിലുള്ള ലെ-മാന്‍സിലേക്കയച്ചപ്പോള്‍ റോമാനൂസ് ഇറ്റലിയില്‍ നിന്നും അദ്ദേഹത്തോടൊപ്പം അവിടേക്ക് പോയി.

ജീവിച്ചിരിക്കുമ്പോള്‍ തന്നെ വിശുദ്ധന്‍ എന്നറിയപ്പെട്ടിരുന്ന ജൂലിയന്‍ ലെ-മാന്‍സിലെ മെത്രാനായി അഭിഷിക്തനായി. അദ്ദേഹം റോമാനൂസിനെ അവിടത്തെ ഒരു പുരോഹിതനായി നിയമിച്ചു. അതിനു ശേഷം റൊമാനൂസ് കുറെ തീര്‍ത്ഥാടകര്‍ക്കൊപ്പം ഗിറോണ്ടെ നദീമുഖ പ്രദേശങ്ങളില്‍ സുവിശേഷ പ്രഘോഷണത്തിനായി അയക്കപ്പെട്ടു.

വലിയ വാഗ്ചാതുര്യം ഉള്ളവനോ, വാഗ്മിയോ, സംഘാടകനോ ആയിരുന്നില്ലെങ്കിലും അദ്ദേഹത്തിന്റെ സുവിശേഷ പ്രഘോഷണം കേട്ട നിരവധി പേര്‍ അദ്ദേഹത്തില്‍ നിന്ന് മാമ്മോദീസ സ്വീകരിക്കുവാന്‍ തയാറായി. കാലാകാലങ്ങളില്‍ അദ്ദേഹം നിരവധി പിശാചു ബാധിതരെ സുഖപ്പെടുത്തുകയും രോഗശാന്തി നല്‍കുകയും ചെയ്തു.

തന്റെ അമ്മാവനായ ജൂലിയന്റെ മരണത്തോടെ റൊമാനൂസ് ലെ-മാന്‍സിലേക്ക് തിരികെ വന്നു. തന്റെ പിതാവിനേക്കാളും അധികം ബഹുമാനിക്കുകയും സ്‌നേഹിക്കുകയും ചെയ്ത തന്റെ അമ്മാവന്റെ ശവകുടീരത്തിനരികെ കഴിയുക മാത്രമായിരുന്നു അദ്ദേഹം ആഗ്രഹിച്ചിരുന്നത്.

ജൂലിയന്റെ പിന്‍ഗാമിയായി വിശുദ്ധ തൂരിബ് മെത്രാനാവുകയും അദ്ദേഹം റൊമാനൂസിനെ വിശുദ്ധ ജൂലിയന്റെ ശവകുടീരം പരിപാലിക്കുവാനുള്ള ചുമതല ഏല്‍പ്പിക്കുകയും ചെയ്തു. പരിശുദ്ധ അപ്പോസ്‌തോലന്‍മാരുടെ പള്ളിയിലായിരുന്നു വിശുദ്ധ ജൂലിയന്റെ ശവകുടീരം.

വളരെ വിശ്വസ്തതയോടെ റൊമാനൂസ് തന്റെ കര്‍ത്തവ്യം നിര്‍വഹിച്ചു. വിശുദ്ധ തൂരിബ് മരിക്കുകയും അദ്ദേഹത്തെ വിശുദ്ധ ജൂലിയന്റെ കല്ലറയ്ക്കരുകിലായി അടക്കം ചെയ്യുകയും ചെയ്തു. റൊമാനൂസ് ഇവ പരിപാലിക്കുകയും ആരാധനക്കായി ജനങ്ങളെ നയിക്കുകയും ചെയ്തു.

ഈ വിശുദ്ധര്‍ക്കരികിലായി തങ്ങളുടെ മരിച്ചവരെ സംസ്‌കരിക്കുന്നതിനും മറ്റുമായി കാലക്രമേണ ഒരു ദേവാലയാങ്കണം അവിടെ നിര്‍മ്മിക്കപ്പെട്ടു. പിന്നീട് ചെറു ക്രിസ്തീയ സമൂഹങ്ങള്‍ നിലവില്‍ വരികയും തങ്ങളുടെ ക്രിസ്തീയ സഹോദരന്മാരുടെ സംസ്‌കാര ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കുന്നതിനായി ഏതാനും പുരോഹിതര്‍ അവിടെ പാര്‍ക്കുകയും ചെയ്തു. വൈകാതെ ഇവരെല്ലാവരും ഉള്‍പ്പെടുന്ന 'ഗ്രേവ് ഡിഗേഴ്‌സ്' എന്ന് പേരായ ഒരു ചെറിയ സഭ അവിടെ നിലവില്‍ വന്നു.

റൊമാനൂസും അതില്‍ അംഗമായിരുന്നു. മെത്രാന്‍മാര്‍ ആയിരുന്ന വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരികിലായി അടക്കം ചെയ്യുവാന്‍ കൊണ്ടു വന്നിരുന്ന ലെ-മാന്‍സിലെ ക്രിസ്ത്യാനികളുടെ മൃതദേഹങ്ങള്‍ റൊമാനൂസും കൂട്ടരും സ്വീകരിക്കുകയും സംസ്‌കരിക്കുകയും ചെയ്തു.

ഇതിനിടെ തന്റെ അന്ത്യം അടുത്തുവെന്ന് മനസിലാക്കിയ റൊമാനൂസ് ഒരിക്കല്‍ കൂടി റോം സന്ദര്‍ശിക്കണമെന്ന ആഗ്രഹം പ്രകടിപ്പിച്ചു. തിരികെ വരണം എന്ന ഉറപ്പിന്മേല്‍ പഴയ സഹ പുരോഹിതനും അപ്പോഴത്തെ മെത്രാനുമായ പാവാസ് റോം സന്ദര്‍ശിക്കുവാന്‍ റൊമാനൂസിനെ അനുവദിച്ചു.

താന്‍ കൊടുത്ത വാക്ക് പാലിച്ചുകൊണ്ടു തന്റെ മരണ സമയമായപ്പോള്‍ അദ്ദേഹം തിരികെ വന്നു. വൈകാതെ മരണമടയുകയും ചെയ്തു. ദേവാലയത്തില്‍ വിശുദ്ധ ജൂലിയന്റെയും വിശുദ്ധ തൂരിബിന്റെയും കല്ലറകള്‍ക്കരുകിലായി വിശുദ്ധ റൊമാനൂസിനേയും അടക്കം ചെയ്തു.


ഇന്നത്തെ ഇതര വിശുദ്ധര്‍

1. ക്രെഷന്‍സിയന്‍

2. ഫലിച്ചീസിമൂസ്

3. ക്രിസോഗോന്നൂസ്

4. ക്ലോയിനിലെ കോള്‍മന്‍

5. ബ്രിട്ടനിയിലെ ബിയെവൂസി

6. നോര്‍ത്തമ്പ്രിയായിലെ എയാന്‍ ഫ്‌ളേഡാ.

'അനുദിന വിശുദ്ധര്‍'എന്ന ഈ പരമ്പരയുടെ മുഴുവന്‍ ഭാഗങ്ങളും വായിക്കുവാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക.





വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26