പെഗാസസ് പ്രതിരോധത്തിന് എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ യു എസ് കോടതിയില്‍ ഹര്‍ജി നല്‍കി ആപ്പിള്‍

 പെഗാസസ് പ്രതിരോധത്തിന് എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ യു എസ് കോടതിയില്‍ ഹര്‍ജി നല്‍കി ആപ്പിള്‍

കാലിഫോണിയ: ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങള്‍ പെഗാസസ് ചാര സോഫ്റ്റ് വെയര്‍ ഉപയോഗിച്ച് ചോര്‍ത്തുന്നതായി ആരോപണമുള്ളതിനാല്‍ ഇസ്രായേലി സൈബര്‍ സ്ഥാപനമായ എന്‍.എസ്.ഒ ഗ്രൂപ്പിനെ ആപ്പിളിന്റെ എന്തെങ്കിലും സേവനങ്ങളോ സൗകര്യങ്ങളോ ഉപയോഗിക്കുന്നതില്‍ നിന്നു വിലക്കണമെന്നും ആവശ്യപ്പെട്ട് കമ്പനി കോടതിയില്‍. മൈക്രോസോഫ്ട് കോര്‍പ്പ്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎന്‍സി, ആല്‍ഫബെറ്റ് ഐഎന്‍സി, സിസ്‌കോ സിസ്റ്റംസ് എന്നിവയ്ക്കു പിന്നാലെയാണ് ഐ ഫോണ്‍ നിര്‍മ്മാതാക്കളും പെഗാസസിനെ തടയാന്‍ നിയമ നടപടി സ്വീകരിച്ചിരിക്കുന്നത്.

യു.എസ് ഫെഡറല്‍, സ്റ്റേറ്റ് നിയമങ്ങളുടെ നഗ്‌നമായ ലംഘനങ്ങളില്‍ പരിഹാരം കാണണമെന്നു ഹര്‍ജി വഴി ആപ്പിള്‍ ആവശ്യപ്പെട്ടു. നോര്‍ത്തേണ്‍ ഡിസ്ട്രിക്ട് ഓഫ് കാലിഫോണിയയിലെ യു.എസ് ഡിസ്ട്രിക്ട് കോര്‍ട്ടില്‍ ഫയല്‍ ചെയ്തിരിക്കുന്ന പരാതിയില്‍ അന്താരാഷ്ട്ര അതിര്‍ത്തികള്‍ കടന്നു യാത്ര ചെയ്ത യു.എസ് പൗരന്മാരുടെ ഫോണും നിരീക്ഷിക്കപ്പെട്ടുവെന്ന് വ്യക്തമാക്കുന്നു.സുരക്ഷയെ അടിസ്ഥാനമാക്കി വരുത്തുന്ന മാറ്റങ്ങള്‍ക്ക് അനുസൃതമായി എതിരാളികള്‍ മാല്‍വെയര്‍ നിര്‍മിക്കുന്നു. ഈ പ്രക്രിയ നിരന്തരം തുടരുന്നുവെന്നും ആപ്പിള്‍ പറഞ്ഞു.

പെഗാസസ് സോഫ്ട് വെയര്‍ ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ ഫോണില്‍ മാല്‍വെയറും സ്പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ആപ്പിള്‍ പറഞ്ഞു. കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസ് മൂലം പെഗാസസ് തുടര്‍ന്നും തങ്ങളുടെ ഉപഭോക്താകളെ ആക്രമണത്തിന് ഇരയാക്കുന്നതൊഴിവാക്കാനാകുമെന്ന പ്രതീക്ഷയാണു കമ്പനിക്കുള്ളത്.

നൂറിലധികം ആപ്പിള്‍ ഫേക്ക് ഐ.ഡികള്‍ ഉപയോഗിച്ചായിരുന്നു എന്‍.എസ്.ഒയുടെ ആക്രമണമെന്നാരോപിച്ച ആപ്പിള്‍ തങ്ങളുടെ സെര്‍വറുകള്‍ സുരക്ഷിതമായിരുന്നുവെങ്കിലും അവ ദുരുപയോഗപ്പെട്ടതായും ചൂണ്ടിക്കാട്ടി. എന്നാല്‍ തങ്ങളുടെ ഏറ്റവും പുതിയ വേര്‍ഷനായ ഐഓഎസ്15 എന്‍.എസ്.ഒ ടൂളുകളുടെ ആക്രമണത്തിനിരയായില്ലെന്നും ആപ്പിള്‍ കൂട്ടിച്ചേര്‍ത്തു. ആക്രമണം ആദ്യം കണ്ടെത്തിയ യൂണിവേഴ്സിറ്റി ഓഫ് ടൊറന്റോയിലെ ഗവേഷണ സ്ഥാപനമായ സിറ്റിസണ്‍ ലാബിന് ഒരു കോടി (പത്ത് മില്ല്യണ്‍) രൂപ പാരിതോഷികം നല്‍കുമെന്ന് പ്രഖ്യാപിച്ച ആപ്പിള്‍ നിയമപോരാട്ടത്തിലൂടെ ലഭിക്കുന്ന തുകയും സിറ്റിസണ്‍ ലാബിന് നല്‍കുമെന്ന് അറിയിച്ചു. തങ്ങളും എതിരാളികളും തമ്മില്‍ നിരന്തരം പോരാട്ടം തുടരുകയാണെന്ന് ആപ്പിള്‍ അവകാശപ്പെടുന്നു.

പെഗാസസ് സോഫ്ട് വെയര്‍ ലോകത്തെമ്പാടുമുള്ള ആപ്പിള്‍ ഉപഭോക്താക്കളുടെ ഫോണില്‍ മാല്‍വെയറും സ്പൈവെയറും ഉപയോഗിച്ച് ആക്രമണങ്ങള്‍ നടത്തിയെന്ന് ആപ്പിള്‍ സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കി. കോടതിയില്‍ ഫയല്‍ ചെയ്തിരിക്കുന്ന കേസ് മൂലം പെഗാസസ് തുടര്‍ന്നും തങ്ങളുടെ ഉപഭോക്താകളെ ആക്രമണത്തിന് ഇരയാക്കുന്നതൊഴിവാക്കാനാകുമെന്ന പ്രതീക്ഷയാണു കമ്പനിക്കുള്ളത്.

എന്‍.എസ്.ഒ ഗ്രൂപ്പിനെ ഈ മാസമാദ്യം യു.എസ് അധികൃതര്‍ വാണിജ്യ കരിമ്പട്ടികയില്‍ പെടുത്തിയിരുന്നു. മൈക്രോസോഫ്ട്, മെറ്റ പ്ലാറ്റ്ഫോംസ് ഐഎന്‍സി, ആല്‍ഫബെറ്റ് ഐഎന്‍സി എന്നീ സ്ഥാപനങ്ങളുടെ ഉല്പന്നങ്ങളുടെ സുരക്ഷ തകര്‍ത്ത് നുഴഞ്ഞുകയറാനുള്ള സോഫ്റ്റ് വെയര്‍ വിദേശ ഗവണ്‍മെന്റുകള്‍ക്ക് ഹാക്കിംഗ് ടൂളായി പരിഷ്‌കരിച്ച വിറ്റതടക്കമുള്ള ആരോപണങ്ങള്‍ എന്‍.എസ്.ഒ ഗ്രൂപ്പിനെതിരെ ശക്തമാണ്. എന്നാല്‍ സര്‍ക്കാരുകള്‍ക്കും നിയമവ്യവസ്ഥിതി നടപ്പാക്കാന്‍ മുന്‍തൂക്കം നല്‍കുകയും ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് തങ്ങളുടെ ടൂളുകള്‍ വില്‍ക്കുന്നതെന്ന് എന്‍.എസ്.ഒ ആരോപണങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ആയിരകണക്കിനാളുകളുടെ ജീവന്‍ ഇത്തരം ടൂളുകളിലൂടെ രക്ഷിക്കാന്‍ സാധിച്ചിട്ടുണ്ടെന്ന അവകാശവാദവും എന്‍.എസ്.ഒ ഉന്നയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.