മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി; 12 എംഎല്‍എമാര്‍ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു

ന്യൂഡല്‍ഹി: മേഘാലയയില്‍ കോണ്‍ഗ്രസിന് വന്‍ തിരിച്ചടി. പാര്‍ട്ടിയുടെ പതിനെട്ട് എംഎല്‍എമാരില്‍ 12 പേരും മമതാ ബാനര്‍ജിയുടെ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മ അടക്കമുള്ള നേതാക്കള്‍ ആണ് തൃണമൂലിലേക്ക് ചേക്കേറിയത്. കോണ്‍ഗ്രസ് നേതൃത്വുമായി കുറച്ച് നാളുകളായി ചേര്‍ച്ചയിലായിരുന്നില്ല സാങ്മ.

ഇന്ന് ഷില്ലോങില്‍ മുകുള്‍ സാങ്മ വാര്‍ത്താ സമ്മേളനം നടത്തി തീരുമാനം പ്രഖ്യാപിക്കും. കോണ്‍ഗ്രസ് എംഎല്‍എമാര്‍ കൂറുമാറുന്നതോടെ സംസ്ഥാനത്തെ മുഖ്യ പ്രതിപക്ഷ കക്ഷി ഇനി തൃണമൂല്‍ കോണ്‍ഗ്രസാവും.

എംഎല്‍എമാരുടെ കൂറുമാറ്റത്തിന് തൊട്ടുമുന്‍പ് ഇന്നലെ തന്നെ രണ്ട് നേതാക്കള്‍ കൂറുമാറിയിരുന്നു. കോണ്‍ഗ്രസ് നേതാവ് കീര്‍ത്തി ആസാദും മുന്‍ ഹരിയാന പിസിസി അധ്യക്ഷന്‍ അശോക് തന്‍വാറും പാര്‍ട്ടി വിട്ട് തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നിരുന്നു. തന്റെ പാര്‍ട്ടി വിപുലീകരിക്കാനുള്ള ശ്രമങ്ങള്‍ തുടരുമെന്ന് നേരത്തെ മമത ബാനര്‍ജി വ്യക്തമാക്കിയിരുന്നു.

നേരത്തെ തന്നെ മുകുള്‍ സാങ്മ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഇതെല്ലാം അദ്ദേഹം തള്ളിയിരുന്നു. കഴിഞ്ഞ തവണ ഡല്‍ഹിയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോഡിയെ കണ്ട മമത ബാനര്‍ജി സോണിയ ഗാന്ധിയെ കണ്ടിരുന്നില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ഓരോ തവണ തലസ്ഥാനത്ത് വരുമ്പോഴും സോണിയ ഗാന്ധിയെ കാണേണ്ട ആവശ്യമില്ലെന്നായിരുന്നു മമതയുടെ പ്രതികരണം.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.