ന്യൂയോര്‍ക്ക് / ലക്‌നോ: വാഹനാപകടത്തില്‍ മരിച്ചെന്ന് ഡോക്ടര്‍ സ്ഥിരീകരിച്ച് മോര്‍ച്ചറിയില്‍ വച്ച 45 കാരനെ അടുത്ത ദിവസം ജീവനോടെ കണ്ടെത്തിയതായുള്ള ഉത്തര്‍ പ്രദേശില്‍ നിന്നുള്ള വിവരം സെന്‍സേഷണല്‍ വാര്‍ത്തയാക്കി ഒട്ടേറെ വിദേശ മാധ്യമങ്ങള്‍. അതേസമയം, വാര്‍ത്ത വന്ന് 24 മണിക്കൂറിനകം തന്നെ കുമാര്‍ മരണത്തിനു കീഴടങ്ങിയ സംഭവം പ്രദേശിക മാധ്യമങ്ങളിലെ ഉള്‍ പേജില്‍ ഒതുങ്ങി.
അന്താരാഷ്ട്ര വാര്‍ത്താ ഏജന്‍സിയായ എ എഫ് പിക്കു പിന്നാലെ ന്യൂയോര്‍ക്ക് പോസ്റ്റ്, ബിസിനസ് ഇന്‍സൈഡര്‍, ഡെയ്‌ലി മെയില്‍, ഇന്‍ഡിപെന്‍ഡന്റ്, പാകിസ്ഥാനിലെ ഡോണ്‍ തുടങ്ങി ഒട്ടേറെ മാധ്യമങ്ങളാണ് ഒരു രാത്രി മുഴുവന്‍ ഫ്രീസറിലായിരുന്ന ശ്രീകേഷ് കുമാറിന്റെ 'മൃത' ശരീരം പോസ്റ്റ്മോര്‍ട്ടത്തിനായി പുറത്തെടുത്തപ്പോള്‍ ജീവന്റെ തുടിപ്പു കണ്ടെത്തിയെന്നും അദ്ദേഹം ജീവിതത്തിലേക്കു തിരികെയെത്തിയെന്നുമുള്ള വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
മൊറാദാബാദിലാണ് ശ്രീകേഷ് കുമാര്‍ അപകടത്തില്‍ പെട്ടത്. ഇയാള്‍ ഓടിച്ചിരുന്ന ബൈക്ക് മറ്റൊരു വാഹനത്തില്‍ ഇടിച്ചു. ഗുരുതരാവസ്ഥയില്‍ റോഡില്‍ കിടന്ന ശ്രീകേഷിനെ നാട്ടുകാര്‍ അടുത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തുടര്‍ന്ന് ഡോക്ടര്‍ നടത്തിയ പരിശോധനയില്‍ ഇയാള്‍ മരിച്ചതായി സ്ഥിരീകരിച്ചു. ആശുപത്രിയില്‍ എത്തും മുന്‍പാണ് മരണം സംഭവിച്ചതെന്നും ഡോക്ടര്‍ കണ്ടെത്തിയിരുന്നു.
ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിച്ചു. കുടുംബം എത്തുന്നതുവരെ ഏഴു മണിക്കൂറിലേറെ സമയം ശരീരം മോര്‍ച്ചറി ഫ്രീസറില്‍ സൂക്ഷിച്ചു. പോസ്റ്റ് മോര്‍ട്ടത്തിനുള്ള നടപടി ക്രമങ്ങള്‍ ആരംഭിക്കാന്‍ പൊലീസും കുടുംബവും എത്തിയതോടെ 'മൃതദേഹം' പുറത്തെടുത്തു. ഈ സമയമാണ് ശ്രീകേഷ് ശ്വസിക്കുന്നത് സഹോദര ഭാര്യ മധു ബാലയുടെ ശ്രദ്ധയില്‍പ്പെട്ടത്.
'പുലര്‍ച്ചെ 3 മണിയോടെ എമര്‍ജന്‍സി മെഡിക്കല്‍ ഓഫീസര്‍ രോഗിയെ കണ്ടിരുന്നു. അപ്പോഴൊന്നും ഹൃദയമിടിപ്പ് ഇല്ലായിരുന്നു. ആ മനുഷ്യനെ ഒന്നിലധികം തവണ പരിശോധിച്ചതായി ഡോക്ടര്‍ എന്നോട് പറഞ്ഞു'- ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് രാജേന്ദ്ര കുമാര്‍ ഏജന്‍സി ഫ്രാന്‍സ്-പ്രസ്സിനോട് വിശദീകരിച്ചതിങ്ങനെ.എന്തായാലും ജീവന്റെ ലക്ഷണങ്ങള്‍ കാണിച്ച ശേഷം മണിക്കൂറുകള്‍ക്കകം കുമാര്‍ മരണത്തിന് കീഴടങ്ങി.അടുത്ത ദിവസം മൃത സംസ്‌കാരവും നടത്തി.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.