ഉദ്യോഗസ്ഥരുടെ വീട്ടില്‍ ലക്ഷങ്ങളുടെ കറന്‍സിയും സ്വര്‍ണ ബിസ്‌കറ്റും; കര്‍ണാടകയിലുടനീളം ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പരിശോധന

ഉദ്യോഗസ്ഥരുടെ വീട്ടില്‍ ലക്ഷങ്ങളുടെ കറന്‍സിയും സ്വര്‍ണ ബിസ്‌കറ്റും; കര്‍ണാടകയിലുടനീളം ആന്റി കറപ്ഷന്‍  ബ്യൂറോയുടെ പരിശോധന

ബെംഗളൂരു: കര്‍ണാടകയിലുടനീളം ആന്റി കറപ്ഷന്‍ ബ്യൂറോയുടെ പരിശോധന. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറുടെ വീട്ടിലെ പൈപ്പില്‍ നിന്ന് പണവും സ്വര്‍ണവും കണ്ടെത്തിയതിന് പിന്നാലെയാണ് പരിശോധന ശക്തമാക്കിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ വസതികളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ ഇതുവരെ പിടിച്ചെടുത്തു. ഷിമോഗയില്‍ പൊലീസ് ഉദ്യോഗസ്ഥന്റെ വീട്ടില്‍ നിന്ന് അപൂര്‍വ ഇനം വിളക്കുകളും റവന്യൂ ഉദ്യോഗസ്ഥയുടെ വസതിയില്‍ നിന്ന് സ്വര്‍ണ ബിസ്‌ക്കറ്റും കണ്ടെത്തി. സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും പരിശോധന നടക്കുന്നുണ്ട്.

പരിശോധന ഭയന്ന് ചുമരിലെ പൈപ്പില്‍ പണവും സ്വര്‍ണവും സൂക്ഷിച്ച പിഡ്ബ്ല്യൂഡി എന്‍ഞ്ചിനീയര്‍ ശാന്തന ഗൗണ്ടറിലേക്കുള്ള അന്വേഷണം മറ്റ് ജീവനക്കാരിലേക്കും നീളുകയായിരുന്നു. അനധികൃതമായി സൂക്ഷിച്ച ലക്ഷകണക്കിന് രൂപയും സ്വര്‍ണവും വിലപിടിപ്പുള്ള വസ്തുക്കളുമാണ് സര്‍ക്കാര്‍ ജീവനക്കാരുടെ വസതികളില്‍ നിന്ന് പിടിച്ചെടുത്തത്.

കൂടാതെ ഷിമോഗയിലെ പൊലീസ് കോണ്‍സ്റ്റബിള്‍ നരസിംഹയുടെ വീട്ടില്‍ നിന്ന് ലക്ഷങ്ങള്‍ വിലമതിക്കുന്ന അപൂര്‍വ ഇനം വിളക്കുകള്‍ കണ്ടെടുത്തു. ഇയാളുടെ വീട്ടിലെ സീലിങ്ങില്‍ ഒളിപ്പിച്ചിരുന്ന 14 ലക്ഷം രൂപയും പിടിച്ചെടുത്തു.

മാണ്ഡ്യയിലെ മോട്ടോര്‍ വാഹന ഇന്‍സ്‌പെക്ടര്‍ സദാശിവയുടെ പേരിലുണ്ടായിരുന്ന ആറ് കാറുകള്‍ പിടിച്ചെടുത്തു. ബെളഗാവിയിലെ വൈദ്യുതി വകുപ്പ് ജീവനക്കാരന്‍ ഹീരാജി പാട്ടീലിന്റെ വീട്ടിലെ ശുചിമുറിയില്‍ ഒളിപ്പിച്ചിരുന്നത് 45 ലക്ഷം രൂപയാണ്. റവന്യൂ ഇന്‍സ്‌പെക്ടര്‍ ലക്ഷ്മി സിംഹയുടെ വീട്ടിലെ ലോക്കറില്‍ നിന്ന് കണ്ടെടുത്തത് സ്വര്‍ണബിസ്‌ക്കറ്റുകളും. ഒരേസമയം 72 ഇടങ്ങളിലാണ് റെയ്ഡ് നടന്നത്.

ബംഗ്ലൂരുവിലടക്കം ഏഴ് സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ വീടുകളിലും ക്ലിനിക്കിലും നടത്തിയ പരിശോധനയില്‍ നിരവധി രേഖകള്‍ പിടികൂടി. കര്‍ണാടക വികസന അതോറിറ്റിയില്‍ മാത്രം 550 കോടിയുടെ ക്രമക്കേട് നടന്നതായി കണ്ടെത്തി. പൊതുമരാമത്ത് വകുപ്പിലെ കോടികളുടെ അഴിമതിയില്‍ ജീവനകാര്‍ക്കും കരാറുകാര്‍ക്കും പുറമേ രാഷ്ട്രീയ നേതാക്കളുടെ പങ്കും പരിശോധിക്കും.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.