ആഭ്യന്തര കലാപം രൂക്ഷം: സോളമന്‍ ദ്വീപുകളില്‍ പ്രതിരോധ സേനയെ വിന്യസിക്കാന്‍ ഓസ്ട്രേലിയ

ആഭ്യന്തര കലാപം രൂക്ഷം: സോളമന്‍ ദ്വീപുകളില്‍  പ്രതിരോധ സേനയെ വിന്യസിക്കാന്‍ ഓസ്ട്രേലിയ

കാന്‍ബറ: പസഫിക്കിലെ സംഘര്‍ഷഭരിതമായ സോളമന്‍ ദ്വീപുകളില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ ഓസ്‌ട്രേലിയ സൈനികരെയും ഫെഡറല്‍ പോലീസിനെയും വിന്യസിക്കുന്നു. സര്‍ക്കാരിനെതിരേയുള്ള ആഭ്യന്തര കലാപം രണ്ടാം ദിവസത്തിലേക്കു കടന്നതിനെതുടര്‍ന്നാണ് ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിന്റെ സ്‌പെഷ്യലിസ്റ്റ് റെസ്പോണ്‍സ് ഗ്രൂപ്പിലെ 23 അംഗങ്ങളെ അയയ്ക്കുന്നത്. ഓസ്ട്രേലിയന്‍ ഫെഡറല്‍ പോലീസിലെ മറ്റൊരു 50 ഓഫീസര്‍മാരെയും ടൗണ്‍സ്വില്ലെ ആസ്ഥാനമായുള്ള ആര്‍മി യൂണിറ്റുകളില്‍ നിന്നുള്ള 43 പ്രതിരോധ സേനാംഗങ്ങളെയും നാളെ വിന്യസിക്കും.

സൈന്യത്തിന്റെ മൂന്നാം ബ്രിഗേഡില്‍ നിന്നുള്ള 30 സൈനികരും മെഡിക്കല്‍ ഉദ്യോഗസ്ഥരും സൈനിക പോലീസും പ്രതിരോധ വിന്യാസത്തില്‍ ഉള്‍പ്പെടുന്നു. സംഘര്‍ഷം അവസാനിക്കുന്നതുവരെ സൈനികരും പോലീസും ഏതാനും ആഴ്ചകള്‍ അവിടെ തുടരേണ്ടി വരുമെന്ന സൂചനയാണ് പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ നല്‍കുന്നത്.

സോളമന്‍ ദ്വീപുകളുടെ തലസ്ഥാനമായ ഹോനിയാരയിലാണ് കലാപം രൂക്ഷമാകുന്നത്. മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും ഉറപ്പുവരുത്തുക എന്നതാണ് ലക്ഷ്യമെന്ന് ഇന്ന് ഉച്ചയ്ക്കുശേഷം നടന്ന മന്ത്രിസഭയുടെ ദേശീയ സുരക്ഷാ സമിതി യോഗത്തിന് ശേഷം സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

പ്രധാനമന്ത്രി മനാസെ സൊഗാവാരെയുടെ രാജി ആവശ്യപ്പെട്ടാണ് അക്രമസംഭവങ്ങള്‍ അരങ്ങേറുന്നത്. കഴിഞ്ഞ ദിവസം നടന്ന സംഘര്‍ഷത്തില്‍ പോലീസ് സ്റ്റേഷന്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ക്ക് തീയിട്ടു. ജനക്കൂട്ടത്തെ പിരിച്ചുവിടാന്‍ പോലീസ് കണ്ണീര്‍ വാതകവും റബ്ബര്‍ ബുള്ളറ്റും പ്രയോഗിച്ചു. പ്രതിഷേധത്തെത്തുടര്‍ന്ന് പ്രധാനമന്ത്രി ഹൊനിയാരയില്‍ 36 മണിക്കൂര്‍ ലോക്ഡൗണ്‍ പ്രഖ്യാപിച്ചു.

കഴിഞ്ഞ ദിവസമാണ് തലസ്ഥാനത്ത് കലാപം പൊട്ടിപ്പുറപ്പെട്ടത്. ഹൊനിയാരയിലെ ചൈനടൗണ്‍ ഡിസ്ട്രിക്റ്റിനെ കേന്ദ്രീകരിച്ചാണ് ആക്രണങ്ങള്‍. സര്‍ക്കാരിനെതിരേയുള്ള അതൃപ്തി, അഴിമതി, ചൈനയുമായി കൂടുതല്‍ അടുക്കാനുള്ള നീക്കങ്ങള്‍ എന്നിവയാണ് പ്രതിഷേധത്തിനു കാരണം.

നഗരമധ്യത്തിലെ ഒരു വലിയ വാണിജ്യ സ്ഥാപനവും ബാങ്ക് ശാഖയും ഉള്‍പ്പെടെയുള്ള കെട്ടിടങ്ങള്‍ അക്രമികള്‍ കത്തിച്ചതായുള്ള റിപ്പോര്‍ട്ടുകള്‍ തനിക്ക് ലഭിച്ചതായി സ്‌കോട്ട് മോറിസണ്‍ പറഞ്ഞു.

2017-ല്‍ ദ്വീപ് രാഷ്ട്രം ഓസ്ട്രേലിയയുമായി ഒപ്പുവച്ച സുരക്ഷാ ഉടമ്പടി പ്രകാരമാണ് മനാസെ സൊഗാവാരെ ഓസ്ട്രേലിയയുടെ സഹായം അഭ്യര്‍ത്ഥിച്ചത്.

'ഇത് ഈ രാജ്യത്തിന്റെ സങ്കടകരമായ അവസ്ഥയാണെന്ന് സോളമന്‍ ഐലന്‍ഡ്സ് ചേംബര്‍ ഓഫ് കൊമേഴ്സ് മേധാവി റിക്കി ഫൂ പറഞ്ഞു. കോവിഡ് പ്രതിസന്ധി കാരണം കഴിഞ്ഞ കുറേ നാളുകളായി ബിസിനസുകള്‍ അതിജീവിക്കാന്‍ പാടുപെടുകയാണ്. ഈ കലാപങ്ങള്‍ ഞങ്ങളെ ഏകദേശം 20 വര്‍ഷം പിന്നിലേക്കു കൊണ്ടുപോകുന്നതായി റിക്കി ഫൂ പറഞ്ഞു.

അതിര്‍ത്തികള്‍ അടച്ചുപൂട്ടിയ സോളമന്‍ ദ്വീപുകളില്‍ 20 കോവിഡ് കേസുകള്‍ മാത്രമാണു റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. രാജ്യത്തെ വാക്‌സിനേഷന്‍ നിരക്കും കുറവാണ്.

അതേസമയം സൈനിക വിന്യാസത്തിലൂടെ സോളമന്‍ ദ്വീപുകളുടെ ആഭ്യന്തര രാഷ്ട്രീയത്തില്‍ ഇടപെടുകയല്ല ഓസ്ട്രേലിയന്‍ സര്‍ക്കാരിന്റെ ലക്ഷ്യമെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. ഹൊനിയാരയിലെ ഓസ്ട്രേലിയന്‍ സൈനികരും പോലീസ് ഉദ്യോഗസ്ഥരും സുരക്ഷിതരാണെന്ന് വിദേശകാര്യ മന്ത്രി മാരിസ് പെയ്ന്‍ അറിയിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.