ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്ന് ലോകായുക്ത; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതാ സര്‍ട്ടിഫിക്കറ്റുകള്‍ എവിടെയെന്ന് ലോകായുക്ത; രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം

തിരുവനന്തപുരം: വനിതാ കമ്മീഷന്‍ അംഗം ഷാഹിദ കമാലിന്റെ വിദ്യാഭ്യാസ യോഗ്യതകള്‍ എവിടെയെന്ന് ചോദിച്ച ലോകായുക്ത സത്യസന്ധത ബോധ്യപ്പെടണമെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ ആവശ്യപ്പെട്ടു. കൂടാതെ, ഷാഹിദയുടെ സ്ത്രീ ശാക്തീകരണം ഖസാക്കിസ്ഥാന്‍ സര്‍വകലാശാല എങ്ങനെ അറിഞ്ഞുവെന്നും കോടതി ചോദിച്ചു.

സര്‍വകലാശാലയുടെ കേരളത്തിലുള്ള ഒരു പ്രതിനിധിയുടെ ശുപാര്‍ശ പ്രകാരമാണ് ഡോക്ടറേറ്റ് ലഭിച്ചതെന്നാണ് അഭിഭാഷകന്‍ മറുപടി നല്‍കിയത്. എന്നാല്‍, വിദ്യാഭ്യാസ യോഗ്യതകള്‍ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളൊന്നും കോടതിയില്‍ ഷാഹിദയുടെ അഭിഭാഷകന്‍ ഹാജരാക്കിയിട്ടില്ല. തുടര്‍ന്നാണ് കോടതി സര്‍ട്ടിഫിക്കറ്റുകള്‍ ചോദിച്ചത്. അടുത്ത പ്രാവശ്യം കേസ് പരിഗണിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കാനും പറഞ്ഞിട്ടുണ്ട്.

തിരഞ്ഞെടുപ്പില്‍ മത്സരിക്കുമ്പോഴും വനിതാ കമ്മീഷന്‍ അംഗമായി അപേക്ഷ നല്‍കുമ്പോഴും തെറ്റായ വിദ്യാഭ്യാസ യോഗ്യതകള്‍ നല്‍കിയെന്നാണ് ഷാഹിദക്കെതിരായ ആരോപണം. വട്ടപ്പാറ സ്വദേശിയായ അഖില ഖാനാണ് പരാതി നല്‍കിയിരിക്കുന്നത്. ഡിഗ്രിയും പിജിയും ഖസാക്കിസ്ഥാന്‍ ഓപ്പണ്‍ യൂണിവേഴ്സിറ്റിയില്‍ നിന്നും ഫിലോസഫിയില്‍ ഡോക്ടറേറ്റുമാണ് തനിക്കുള്ളതെന്നാണ് ഷാഹിദാ കമാല്‍ ലോകായുക്തയക്ക് നല്‍കിയ മറുപടിയില്‍ പറയുന്നത്.

എന്നാല്‍, സാമൂഹിക നീതി വകുപ്പ് വിവരാവകാശ നിയമപ്രകാരം വിയറ്റ്നാം യൂണിവേഴ്സിറ്റിയില്‍ നിന്നാണ് ഡോക്ടറേറ്റെന്നാണ് പറയുന്നത്. ഡിസംബര്‍ ഒമ്പതിന് കേസ് വീണ്ടും പരിഗണിക്കും.




വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.