സൊമാലിയന്‍ തലസ്ഥാനത്ത് സ്‌കൂളിനു സമീപം ഇസ്‌ളാമിക ഭീകരാക്രമണം: എട്ടു പേര്‍ കൊല്ലപ്പെട്ടു

സൊമാലിയന്‍ തലസ്ഥാനത്ത് സ്‌കൂളിനു സമീപം ഇസ്‌ളാമിക ഭീകരാക്രമണം: എട്ടു പേര്‍ കൊല്ലപ്പെട്ടു

മൊഗാദിഷു:സൊമാലിയയുടെ തലസ്ഥാനമായ മൊഗാദിഷുവില്‍ യു.എന്‍ വാഹന വ്യൂഹത്തിന് നേരെയുണ്ടായ ഭീകരാക്രമണത്തില്‍ എട്ടു പേര്‍ കൊല്ലപ്പെട്ടു. 13 സ്‌കൂള്‍ വിദ്യാര്‍ത്ഥികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. ഒരു സ്‌കൂളിന് തൊട്ടടുത്തായിരുന്നു സംഭവം.

പരിക്കേറ്റ 23 പേരെ രക്ഷപ്പെടുത്തിയതായി ആമിന്‍ ആംബുലന്‍സ് സര്‍വിസ് ഡയറക്ടര്‍ അബ്ദിഖാദര്‍ അബ്ദിറഹ്മാന്‍ പറഞ്ഞു.ആക്രമണത്തിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതായി സായുധ സംഘമായ അല്‍ ശബാബ് മിലിട്ടറി ഓപ്പറേഷന്‍സ് വക്താവ് അബ്ദിയാസിസ് അബൂ മുസാബ് വ്യക്തമാക്കി.

യു. എന്‍ സുരക്ഷ വാഹനവ്യൂഹത്തിന് നേരെ എസ് യു വിയിലെത്തിയ ചാവേര്‍ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടാക്കിയതെന്നു പോലീസ് വക്താവ് അബ്ദിഫത്താഹ് അദേന്‍ ഹസ്സന്‍ അറിയിച്ചു.യുഎന്‍ ഉദ്യോഗസ്ഥര്‍ കൊല്ലപ്പെട്ടിട്ടുണ്ടോയെന്ന് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.

സ്വന്തം രീതിയിലുള്ള ഇസ്ലാമിക സാമ്രാജ്യം സ്ഥാപിക്കാന്‍ സോമാലിയയുടെ കേന്ദ്ര ഗവണ്‍മെന്റിനെതിരെ വര്‍ഷങ്ങളായി യുദ്ധം ചെയ്യുന്ന സംഘമാണ് അല്‍ ശബാബ്. ഗവണ്‍മെന്റിനെ സഹായിക്കുന്ന ആഫ്രിക്കന്‍ യൂണിയന്‍ എഎംഐഎസ്ഒഎമ്മിനെതിരെയും ഇവര്‍ ആക്രമണം നടത്താറുണ്ട്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.