'സാമന്ത രാജ്യങ്ങളല്ല ഞങ്ങളെല്ലാം': ചൈനയ്ക്കതിരെ സംഘടിത നീക്കത്തിന് ഓസ്ട്രേലിയ രംഗത്തെന്ന് പ്രതിരോധ മന്ത്രി

 'സാമന്ത രാജ്യങ്ങളല്ല ഞങ്ങളെല്ലാം': ചൈനയ്ക്കതിരെ സംഘടിത നീക്കത്തിന് ഓസ്ട്രേലിയ രംഗത്തെന്ന് പ്രതിരോധ മന്ത്രി

കാന്‍ബെറ :തായ് വാനെ ലക്ഷ്യമാക്കിയുള്ള അധിനിവേശ നീക്കം ഉള്‍പ്പെടെ ചൈനയുടെ ഭാഗത്തുനിന്നുണ്ടായിക്കൊണ്ടിരിക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി പീറ്റര്‍ ഡട്ടണ്‍. 'ഈ മേഖലയിലുള്ളതെല്ലാം തങ്ങളുടെ സാമന്ത രാജ്യങ്ങളാണെന്ന ചൈനയുടെ മനോഭാവം അപകടകരമാണെ'ന്ന് അദ്ദേഹം മുന്നറിയിപ്പു നല്‍കി. തായ് വാനെ സ്വന്തമാക്കാനും വൈകാതെ ഏഷ്യയില്‍ ആധിപത്യം സ്ഥാപിക്കാനുമുള്ള ബീജിംഗിന്റെ നീക്കത്തിനെതിരെ സമാധാന ലക്ഷ്യത്തോടെ ഇതര രാജ്യങ്ങളുമായി കൈകോര്‍ക്കാന്‍ ഓസ്‌ട്രേലിയ യത്‌നിക്കുമെന്ന് ഡട്ടണ്‍ അറിയിച്ചു.

ഓസ്ട്രേലിയയോ മറ്റ് രാജ്യങ്ങളോ കൈവശപ്പെടുത്താന്‍ ചൈന ആഗ്രഹിക്കുന്നുവെന്ന വിശ്വാസം തനിക്കില്ല. അതേസമയം, തായ് വാനെ കൈശമാക്കുന്നതില്‍ ചൈന വിജയിച്ചാല്‍ 'സമൃദ്ധിയും സുരക്ഷിതത്വവും സ്ഥാപിക്കപ്പെട്ട ഞങ്ങളുടെ പ്രാദേശിക ക്രമം ഏതാണ്ട് ഒറ്റ രാത്രി കൊണ്ട് മാറും '- ഓസ്ട്രേലിയന്‍ പ്രതിരോധ മന്ത്രി നാഷണല്‍ പ്രസ് ക്ലബ്ബിനോട് പറഞ്ഞു. പിന്നാലെ കൂടുതല്‍ അധിനിവേശങ്ങള്‍ ഉണ്ടാകും. ചൈനയും ജപ്പാനും സ്വന്തമെന്ന് അവകാശപ്പെടുന്ന സെന്‍കാകു ദ്വീപുകള്‍ ഉള്‍പ്പെടെയുള്ള തര്‍ക്ക പ്രദേശങ്ങള്‍ ചൈന വേഗത്തില്‍ പിടിച്ചെടുക്കുമെന്നും മന്ത്രി പറഞ്ഞു.

'ഇതര പ്രതിരോധ ശക്തികളുടെ അഭാവത്തില്‍, ഇന്‍ഡോ-പസഫിക് രാജ്യങ്ങളുടെ ഏക സുരക്ഷാ, സാമ്പത്തിക പങ്കാളിയായി ചൈനീസ് സര്‍ക്കാര്‍ മാറുകയാണ്. അത് ഓസ്ട്രേലിയ ഉള്‍പ്പെടെ പല രാജ്യങ്ങളെയും സംബന്ധിച്ചിടത്തോളം അപകടകരമായ സൈനിക സാമ്പത്തിക സാഹചര്യമാണു സൃഷ്ടിക്കുന്നത്.ചൈനീസ് ഗവണ്‍മെന്റ് മറ്റ് രാജ്യങ്ങള്‍ കൈവശപ്പെടുത്താന്‍ ആഗ്രഹിക്കുന്നുണ്ടോ എന്ന ചോദ്യത്തിന് ഇല്ലെന്നാകും എന്റെ മറുപടി. പക്ഷേ അവര്‍ തങ്ങളുടെ ചൊല്‍പ്പടിക്കു നില്‍ക്കേണ്ട ഉപ രാജ്യങ്ങള്‍ അഥവാ സാമന്ത രാജ്യങ്ങളായി ഞങ്ങളെയെല്ലാം കാണുന്നുവെങ്കില്‍ അത് അപകടകരമാണ്.'

ഓസ്ട്രേലിയ സമാധാനത്തിനായി പരിശ്രമിക്കുകയും അതിക്രമം തടയാന്‍ ശ്രമിക്കുകയും ചെയ്യുമ്പോള്‍, ഈ മേഖലയിലെ ഇതര രാജ്യങ്ങള്‍ നിഷ്‌ക്രിയത്വത്തിന്റെ ഹാനിയെപ്പറ്റി ചിന്തിക്കേണ്ടതുണ്ടെന്ന് ഡട്ടണ്‍ പറഞ്ഞു.'അതേ, പ്രവര്‍ത്തനവുമായി മുന്നേറുന്നതിന് ഭയങ്കരമായ വില നല്‍കേണ്ടിവരാം. പക്ഷേ നിഷ്‌ക്രിയത്വത്തിലൂടെ വരാവുന്ന നഷ്ടം കണക്കിലെടുത്താകണം ഇക്കാര്യം വിശകലനം ചെയ്യേണ്ടത് - അദ്ദേഹം പറഞ്ഞു.

'തായ് വാനു ശേഷം ചൈന തീര്‍ച്ചയായും സെന്‍കാകു ദ്വീപ് കൈക്കലാക്കാന്‍ ശ്രമിക്കും. ഭാവനയെ മാത്രം ആശ്രയിച്ചാകരുത് നമ്മുടെ ഇക്കാര്യത്തിലെ വിപരീത കണക്കുകൂട്ടലുകള്‍. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഇത്തരം കാര്യങ്ങള്‍ വാക്കുകളിലൂടെ കൂടുതല്‍ വ്യക്തമാക്കില്ല. എല്ലായ്പ്പോഴും നോക്കേണ്ടത് അവരുടെ പ്രവര്‍ത്തനങ്ങളിലേക്കാണ് .' ദക്ഷിണ ചൈനാ കടലിലെ സൈനികവല്‍ക്കരണം, ഹോങ്കോങ്ങിനെ അടിച്ചമര്‍ത്തല്‍, കിഴക്കന്‍ ചൈനാ കടലിലെ തര്‍ക്ക ജലത്തില്‍ ചൈനീസ് കോസ്റ്റ്ഗാര്‍ഡ് കപ്പലുകളുടെ നുഴഞ്ഞുകയറ്റം എന്നിവ എടുത്തു പറഞ്ഞും ചൈനയെ ഡട്ടണ്‍ നിശിതമായി വിമര്‍ശിച്ചു. അതിര്‍ത്തിയില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തിലും ചൈന അടുത്തിടെ തായ് വാനിലേക്ക് യുദ്ധ വിമാനങ്ങള്‍ പറത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുദ്ധമുണ്ടായാല്‍ യു.എസിനൊപ്പം

യുദ്ധമുണ്ടാകുന്ന പക്ഷം ഓസ്ട്രേലിയ യു.എസിനോടു ചേരുമെന്നു താന്‍ പ്രതികരിച്ചതായുള്ള വാര്‍ത്തയെപ്പറ്റി പ്രതിരോധ മന്ത്രി പറഞ്ഞതിങ്ങനെ:' ഒരു യുദ്ധത്തില്‍ പോരാടാനുള്ള ഔപചാരികമായ മുന്‍കൂര്‍ പ്രതിബദ്ധതയല്ല മറിച്ച് യു.എസ്-ഓസ്ട്രേലിയ സഖ്യത്തിലുള്ള വിശ്വാസം ആവര്‍ത്തിച്ചുകൊണ്ടുള്ള പ്രസ്താവനയായിരുന്നു അത്.' സര്‍ക്കാര്‍ ഏതായിരുന്നാലും, യുഎസുമായും മറ്റ് പങ്കാളികളുമായുള്ള ബന്ധം ഉള്‍പ്പെടെ ആ സമയത്തെ സാഹചര്യങ്ങള്‍ പരിഗണിച്ചാകും തീരുമാനമുണ്ടാവുക; രാജ്യത്തിന്റെ താല്‍പ്പര്യങ്ങള്‍ക്കു മുന്‍ തൂക്കം നല്‍കി.'

തിരഞ്ഞെടുപ്പ് നേട്ടത്തിനായി പ്രതിരോധ മന്ത്രി ചൈനയുമായി പിരിമുറുക്കം ഉണ്ടാക്കുകയാണെന്ന് ലേബര്‍ പാര്‍ട്ടി ആരോപിച്ചതിനു പിന്നാലെയാണ് പീറ്റര്‍ ഡട്ടണ്‍ കൂടുതല്‍ കടുത്ത അഭിപ്രായങ്ങളുമായി രംഗത്തു വന്നത്.അതേസമയം, ഡട്ടണ്‍ സംഘര്‍ഷം സൃഷ്ടിക്കുന്നുവെന്ന ആരോപണവുമായാണ് ചൈന പ്രതികരിച്ചത്. പ്രസ് ക്ലബിനോടുള്ള ഡട്ടന്റെ വെളിപ്പെടുത്തലുകള്‍ 'സംഘര്‍ഷവും ഭിന്നിപ്പും വര്‍ദ്ധിപ്പിക്കു'മെന്ന് ഓസ്ട്രേലിയയിലെ ചൈനീസ് എംബസിയുടെ വക്താവ് പറഞ്ഞു.

'ഏറ്റവും അപകടകരമായ തിരഞ്ഞെടുപ്പ് തന്ത്രം' ആണിതെന്ന് മാധ്യമങ്ങളോട് സംസാരിക്കുന്നതിനിടെ ഷാഡോ വിദേശ കാര്യമന്ത്രി പെന്നി വോംഗ് കൈകള്‍ ഉയര്‍ത്തി പരിഹസിച്ചു.' ഡട്ടണ്‍ ചൈനയുടെ വിദേശനയത്തെക്കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന പ്രസംഗങ്ങള്‍ തുടരുകയാണ്. പരമാധികാരവും പ്രാദേശിക അഖണ്ഡതയും സംരക്ഷിക്കാനുള്ള ചൈനയുടെ ശ്രമങ്ങളെ വികലമായി ചിത്രീകരിക്കുയാണ്,' ഓസ്‌ട്രേലിയന്‍ സെനറ്റിലെ പ്രതിപക്ഷത്ത് ലേബര്‍ പാര്‍ട്ടിക്കു നേതൃത്വം നല്‍കുന്ന വോംഗ് പറയുന്നു.

'ഇത്തരം ദര്‍ശനരഹിതമായ വിശകലനത്തിലും കാലഹരണപ്പെട്ട മാനസികാവസ്ഥയിലും ഓസ്ട്രേലിയന്‍ ഗവണ്‍മെന്റ് അതിന്റെ ദേശീയ തന്ത്രത്തെ അടിസ്ഥാനമാക്കരുത്. ചൈന-ഓസ്ട്രേലിയ ബന്ധത്തിന് ഗുണകരമാകില്ല അത്. ഓസ്ട്രേലിയ ഉള്‍പ്പെടെയുള്ള പ്രാദേശിക രാജ്യങ്ങളുടെ മൊത്തത്തിലുള്ള താല്‍പ്പര്യം സംരക്ഷിക്കപ്പെടാനും അതുപകരിക്കില്ല.'



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.