ഒറ്റ ദിവസത്തില്‍ സഞ്ചരിക്കാവുന്ന ഒറ്റപ്പാലം കാഴ്ചയിലേക്ക്

ഒറ്റ ദിവസത്തില്‍ സഞ്ചരിക്കാവുന്ന ഒറ്റപ്പാലം കാഴ്ചയിലേക്ക്

ഗ്രാമീണ സൗന്ദര്യം കൊണ്ടും പഴയ ചെങ്കല്‍ മനകളുടെ പ്രൗഢികൊണ്ടും തലയെടുപ്പോടെ നിൽക്കുന്ന ഒറ്റപ്പാലം വിനോദസഞ്ചാരികൾക്ക് വേറിട്ട ദൃശ്യാനുഭൂതിയാണ് സമ്മാനിക്കുന്നുത്. കുഞ്ചന്‍ നമ്പ്യാരുടെ കുള്ളിക്കുറിശ്ശി മംഗലവും 'ആറാം തമ്പുരാനി'ലൂടെ ശ്രദ്ധേയമായ വരിക്കാശ്ശേരി മനയും അനങ്ങന്‍ മനയിലെ ഇക്കോ ടൂറിസവുമെല്ലാം ഒറ്റപ്പാലത്തേക്കുള്ള ഒരു ദിവസത്തെ യാത്രയിലെ വൈവിധ്യമായ കാഴ്ച്ചകളാണ്.

സാംസ്‌കാരിക പാരമ്പര്യമുള്ള ഒറ്റപ്പാലം ഒരുപാട് ചരിത്ര സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്. കേരള സംസ്ഥാനം രൂപീകരിക്കുന്നതിനു മുന്‍പ് വള്ളുവനാട് എന്നായിരുന്നു ഈ സ്ഥലത്തിന്റെ പേര്. പഴയ മദ്രാസ് സംസ്ഥാനത്തിന് കീഴിലായിരുന്നു വള്ളുവനാട് പ്രദേശങ്ങള്‍. പില്‍ക്കാലത്ത് കേരളം രൂപീകരിച്ചപ്പോള്‍ ഒറ്റപ്പാലം എന്ന പേര് സ്വീകരിക്കുകയായിരുന്നു.

മലയാളം, തമിഴ് സിനിമകളുടെ ഇഷ്ടപ്പെട്ട ലൊക്കേഷന്‍ കൂടിയാണ് ഒറ്റപ്പാലവും പരിസര പ്രദേശങ്ങളും. മലയാളത്തിലെ പ്രശസ്ത സരസകവിയും ഓട്ടംതുള്ളലിന്റെ ഉപജ്ഞാതാവുമായ കുഞ്ചന്‍ നമ്പ്യാരുടെ ജന്മസ്ഥലമാണ് കിള്ളിക്കുറിശ്ശിമംഗലം. കുഞ്ചന്‍ നമ്പ്യാരുടെ ഓര്‍മ്മക്കായി സ്ഥാപിച്ച കുഞ്ചന്‍ സ്മാരക വായനശാല എന്ന ഒരു വായനശാലയും നമ്പ്യാരുടെ സ്മരണകളെ ദീപ്തമാക്കുന്നതാണ് കിള്ളിക്കുറിശ്ശിമംഗലത്തെ കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകവും ഒറ്റപ്പാലത്തെത്തുന്നവർക്ക് കാണാൻ സാധിക്കും.


കുഞ്ചന്‍ നമ്പ്യാര്‍ സ്മാരകം സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് പ്രത്യേകിച്ചു വിദേശീയര്‍ക്ക് ഇവിടത്തെ അധ്യാപകരും വിദ്യാര്‍ഥികളും തുള്ളലിനെ കുറിച്ച്‌ ആവശ്യമായ വിവരണങ്ങള്‍ നല്‍കുകയും അവര്‍ക്കായി പരിപാടികള്‍ അവതരിപ്പിക്കുകയും ചെയ്യാറുണ്ട്.

മലയാളികള്‍ക്ക് തറവാട് അല്ലെല്‍ മന എന്നൊക്കെ പറയുമ്പോള്‍ ആദ്യം മനസ്സിലേക്കു ഓടി വരുന്നത് ഒട്ടേറെ സിനിമകളില്‍ തറവാടായി അഭിനയിച്ചിട്ടുള്ള വരിക്കാശ്ശേരി മനയാണ്. മലയാള സിനിമകളുടെ പ്രിയപ്പെട്ട ലൊക്കേഷന്‍ കൂടിയായ വരിക്കാശ്ശേരി മന ഒറ്റപാലത്തിനു സമീപം മനിശ്ശേരി എന്ന ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്നു.


ഒറ്റപ്പാലത്ത് നിന്നും ഷൊര്‍ണൂര്‍ക്ക് പോകുന്ന സംസ്ഥാന പാതയോട് ചേര്‍ന്നുള്ള ഒരു ചെറുഗ്രാമം ആണ് മനിശ്ശേരി. അവിടെ നിന്നും തെക്കുഭാഗത്തേക്ക് ഭാരതപ്പുഴയിലെക്കുള്ള റോഡിനോട് ചേര്‍ന്നാണ് വിഖ്യാതമായ വരിക്കാശ്ശേരി മന. രഞ്ജിത്, ഐ.വി.ശശി, മോഹന്‍ലാല്‍ ടീമിന്റെ സൂപ്പര്‍ഹിറ്റ് ചിത്രമായ ദേവാസുരത്തിലൂടെയാണ് മനയുടെ പ്രൗഢി സിനിമാ ലോകം അറിഞ്ഞു തുടങ്ങിയത്.

പിന്നീട് ഹിറ്റായ നരസിംഹം, ആറാം തമ്പുരാന്‍, ചന്ദ്രോത്സവം, രാവണപ്രഭു, മാടമ്പി തുടങ്ങിയ ചിത്രങ്ങളിലും ഈ മന തന്റെ സജീവ സാന്നിധ്യമറിയിച്ചിട്ടുണ്ട്. സിനിമക്കാര്‍ക്കിടയില്‍ വന്‍പ്രചാരം ലഭിച്ച മനയെക്കുറിച്ചറിഞ്ഞ് തമിഴ്, തെലുങ്ക്, ഹിന്ദി സിനിമാക്കാരും ഇവിടേക്ക് വരാറുണ്ട്.

സഞ്ചാരികള്‍ക്ക് വരിക്കാശ്ശേരി മനയിലേക്ക് പ്രവേശിക്കാവുന്നതാണ്. ഇതിനായി 20 രൂപയുടെ പാസ്സ് എടുത്താല്‍ മാത്രം മതി. പക്ഷെ സിനിമാ ഷൂട്ടിംഗ് ഉള്ള ദിവസങ്ങളില്‍ ഇവിടേക്ക് മറ്റുള്ളവര്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ല.
അനങ്ങന്‍ മലയിലെ ഇക്കോ ടൂറിസമാണ് ഒറ്റപ്പാലത്തിന് മറ്റൊരു പ്രത്യേകത. പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലത്തിനും ചെര്‍പ്പുളശ്ശേരിയ്ക്കും ഇടയിലായി അങ്ങനടി എന്ന ഗ്രാമമുണ്ട്. ഈ ഗ്രാമത്തിന്റെ ഒരു ഭാഗമാണ് തലയെടുപ്പോടെ ഉയര്‍ന്നു നില്‍ക്കുന്ന ഏക ശീല അനങ്ങന്‍ മല.