ദക്ഷിണാഫ്രിക്കയില്‍ കണ്ട കൊറോണ വേരിയന്റ് ഇസ്രായേലിലും; രാജ്യം അടിയന്തരാവസ്ഥയുടെ വക്കിലെന്ന് പ്രധാനമന്ത്രി

 ദക്ഷിണാഫ്രിക്കയില്‍ കണ്ട കൊറോണ വേരിയന്റ് ഇസ്രായേലിലും; രാജ്യം അടിയന്തരാവസ്ഥയുടെ വക്കിലെന്ന് പ്രധാനമന്ത്രി

ജറുസലേം:വാക്‌സിന്‍ പ്രതിരോധശേഷിയുള്ള കൊറോണ വൈറസ് ദക്ഷിണാഫ്രിക്കയില്‍ നിന്ന് ഇസ്രായേലിലേക്കും കടന്നതായി സൂചന. ഇതേത്തുടര്‍ന്ന് മിക്ക ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കും ഇസ്രായേല്‍ യാത്രാ നിരോധനം ഏര്‍പ്പെടുത്തിയതായി പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അറിയിച്ചു.

ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളെയാണ് ഇതു വരെ 'റെഡ് 'ലിസ്റ്റില്‍ പെടുത്തിയരുന്നത്.ഏതു രാജ്യത്തു നിന്നു മടങ്ങിവരുന്ന ഇസ്രായേലി പൗരന്മാര്‍ക്കും പുതിയ സാഹചര്യത്തില്‍ ഒരാഴ്ച പ്രത്യേക സംവിധാനങ്ങളുള്ള ദേശീയ ഹോട്ടലില്‍ ഐസൊലേഷന്‍ നിര്‍ബന്ധിതമാക്കി. രണ്ട് നെഗറ്റീവ് പരിശോധനാ ഫലങ്ങള്‍ കിട്ടിയാലേ ഇവരെ പുറത്തുവിടൂ.

'രാജ്യം നിലവില്‍ ഒരു അടിയന്തരാവസ്ഥയുടെ വക്കിലാണ്,' പ്രധാനമന്ത്രി പറഞ്ഞു.സ്‌കൂളുകള്‍ക്ക് 'ഹനുക്ക' അവധിക്കാലമാണിത്. വാക്‌സിനേഷന്‍ കിട്ടാത്ത ധാരാളം കുട്ടികള്‍ പുറത്തിറങ്ങുന്ന വേളയില്‍ പുതിയ വൈറസ് വേരിയന്റ് കണ്ടെത്തിയത് സങ്കീര്‍ണ്ണ സാഹചര്യമുണ്ടാക്കുന്നു.
ഇതിനകം തന്നെ വാക്‌സിന്‍ ബൂസ്റ്റര്‍ ഷോട്ട് സ്വീകരിച്ച വ്യക്തി ഉള്‍പ്പെടെ കുറച്ച് കേസുകള്‍ ഇസ്രായേലില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ടെന്ന് ബെന്നറ്റ് പറഞ്ഞു.

'ഇതിനര്‍ത്ഥം പുതിയ വേരിയന്റിനെതിരെ വാക്‌സിനുകള്‍ ഫലപ്രദമല്ലെന്നല്ല. ഒരു പരിധിവരെ അവ ഫലപ്രദമാണെന്ന് കരുതാം,' യാത്രാ ശാസനകള്‍ പ്രഖ്യാപിക്കുന്നതിന് മുമ്പ് ഇസ്രായേലി ആരോഗ്യ വിദഗ്ധരെ കണ്ട ബെന്നറ്റ് പറഞ്ഞു.വടക്കേ ആഫ്രിക്കയിലേത് ഒഴികെയുള്ള എല്ലാ ആഫ്രിക്കന്‍ രാജ്യങ്ങളെയും ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ 'റെഡ് ലിസ്റ്റില്‍' ആണ് ഇസ്രായേല്‍ ചേര്‍ത്തിരിക്കുന്നത്.

സാധ്യമായ അധിക നടപടികളെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ ഇസ്രായേലിന്റെ കൊറോണ വൈറസ് വിദഗ്ധരുടെ പാനല്‍ ശനിയാഴ്ച രാത്രി വീണ്ടും യോഗം ചേരുമെങ്കിലും, ദേശീയ ലോക്ക്ഡൗണ്‍ ഇപ്പോള്‍ പരിഗണിക്കുന്നില്ലെന്ന് ബെന്നറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.ഇസ്രായേലില്‍ 1.3 ദശലക്ഷം കോവിഡ് 19 കേസുകളും ഇതു മൂലമുള്ള 8,000-ത്തിലധികം മരണങ്ങളും രേഖപ്പെടുത്തിയിട്ടുണ്ട്. 9.4 ദശലക്ഷമുള്ള ഇസ്രായേലിലെ ജനസംഖ്യയുടെ 43 ശതമാനം പേരും പ്രതിരോധ കുത്തിവയ്‌പ്പെടുത്തു.

യൂറോപ്യന്‍ യൂണ്യന്‍ രാജ്യങ്ങളും ബ്രിട്ടനും ഉള്‍പ്പെടെ പുതിയ വേരിയന്റിനോട് ജാഗ്രതയോടെയാണ് പ്രതികരിക്കുന്നത്. അതേസമയം യാത്രാ നിയന്ത്രണങ്ങള്‍ തിടുക്കത്തില്‍ ചുമത്തുന്നതിനെതിരെ ലോകാരോഗ്യ സംഘടന രാജ്യങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കി.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.