ലണ്ടന്‍: ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ തീവ്ര കൊറോണ വൈറസിനെ ലോകാരോഗ്യ സംഘടന ഒമിക്രോണ്‍ എന്ന് നാമകരണം ചെയ്തു. അതിവേഗ ഘടനാ മാറ്റവും തീവ്ര വ്യാപന ശേഷിയുമുള്ള ഒമിക്രോണിനെ ഏറ്റവും ആശങ്കപ്പെടുത്തുന്ന വക ഭേദം എന്നാണ് ലോകാരോഗ്യ സംഘടന വിശേഷിപ്പിക്കുന്നത്.
യഥാര്‍ത്ഥ കൊറോണ വൈറസില്‍ നിന്ന് ഏറെ മാറ്റം സംഭവിച്ച ഒമിക്രോണ്‍ രോഗമുക്തരായവരിലേക്ക് വീണ്ടും പകരാന്‍ സാധ്യത കൂടുതലാണ്. ആഫ്രിക്കന്‍ രാജ്യങ്ങള്‍ക്കും ഹോങ്കോങ്ങിനും പിന്നാലെ യൂറോപ്പിലും ഒമിക്രോണിന്റെ സാന്നിധ്യം സ്ഥിരീകരിച്ചു.
ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയ കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീതിയുയര്‍ത്തിയതോടെ അതിര്‍ത്തികളടച്ചിരിക്കുകയാണ് ലോക രാജ്യങ്ങള്‍. അടിയന്തര സാഹചര്യം ചര്‍ച്ച ചെയ്യാന്‍ ലോകാരോഗ്യ സംഘടന(ഡബ്ല്യു.എച്ച്.ഒ.) യോഗം ചേര്‍ന്നു. പുതിയ വകഭേദത്തെ പ്രതിരോധിക്കാനുള്ള നടപടികള്‍ ചര്‍ച്ച ചെയ്തു. ദക്ഷിണാഫ്രിക്കയുടെ ആകെ ജനസംഖ്യയുടെ 24 ശതമാനത്തിനു മാത്രമേ വാക്‌സിന്‍ ലഭിച്ചിട്ടുള്ളൂ. ഇതു വകഭേദം വേഗത്തില്‍ വ്യാപിക്കാന്‍ കാരണമാകുമെന്ന് ആരോഗ്യവിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു.
ദക്ഷിണാഫ്രിക്ക, ബോട്സ്വാന, നമീബിയ, സിംബാബ്വെ, എസ്വറ്റിനി, ലെസൂത്തു രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യൂറോപ്യന്‍ യൂണിയനും യു.എസ്, ബ്രിട്ടന്‍, സിങ്കപ്പൂര്‍, ജപ്പാന്‍, നെതര്‍ലന്‍ഡ്‌സ്, കാനഡ എന്നീ രാജ്യങ്ങളും വിലക്കേര്‍പ്പെടുത്തി. വൈറസിന്റെ തീവ്രത ആശങ്കപ്പെടുത്തുന്നതാണെന്ന് ലോകാരോഗ്യ സംഘടനയും പ്രഖ്യാപിച്ചു. ഈ രാജ്യങ്ങളെയും മൊസാംബിക്കിനെയും സിങ്കപ്പൂര്‍, ഇറ്റലി, ഇസ്രയേല്‍ രാജ്യങ്ങള്‍ സഞ്ചാര വിലക്കിന്റെ ചുവന്ന പട്ടികയില്‍ ഉള്‍പ്പെടുത്തി. 12 മണിക്കൂറിലേറെ ഈ രാജ്യങ്ങളില്‍ തങ്ങുന്നവര്‍ രാജ്യത്തെത്തിച്ചേരുന്നത് ചെക്ക് റിപ്പബ്ലിക്കും വിലക്കി.
യൂറോപ്പിലെ ആദ്യകേസ് ബെല്‍ജിയത്തില്‍ റിപ്പോര്‍ട്ടു ചെയ്തു. തിങ്കളാഴ്ച കോവിഡ് സ്ഥിരീകരിച്ച രോഗിക്കാണിത്. അടിയന്തര നടപടി സ്വീകരിക്കുമെന്നും മേഖലയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തുന്ന കാര്യം പരിഗണനയിലാണെന്നും യൂറോപ്യന്‍ യൂണിയന്‍ മേധാവി ഉര്‍സുല ഫണ്‍ ഡെര്‍ലെയ്ന്‍ പ്രതികരിച്ചു.
ഇതോടെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനവും അനിശ്ചിതത്വത്തിലായി. നിലവില്‍ ദക്ഷിണാഫ്രിക്കയിലുള്ള ഇന്ത്യന്‍ എ ടീം പര്യടനം ഉപേക്ഷിച്ചേക്കും. ഹോളണ്ട് ടീം പര്യടനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കയില്‍ നിന്ന് മടങ്ങി. ഒമിക്രോണിന്റെ വരവോടെ ലോകമെമ്പാടുമുള്ള ഓഹരി വിപണികളിലും വന്‍ ഇടിവാണ് രേഖപ്പെടുത്തുന്നത്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.