അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം; ഓസ്‌ട്രേലിയയില്‍ അധ്യാപകര്‍ പണിമുടക്കിലേക്ക്

അമിത ജോലി ഭാരം, കുറഞ്ഞ ശമ്പളം; ഓസ്‌ട്രേലിയയില്‍ അധ്യാപകര്‍ പണിമുടക്കിലേക്ക്

സിഡ്‌നി: ഓസ്‌ട്രേലിയയിലെ ന്യൂ സൗത്ത് വെയില്‍സ് സംസ്ഥാനത്ത് പൊതുവിദ്യാലയങ്ങളിലെ അധ്യാപകര്‍ പണിമുടക്കിനൊരുങ്ങുന്നു. ജീവനക്കാരുടെ കുറവും ശമ്പള വര്‍ധനയില്ലായ്മയും ചൂണ്ടിക്കാട്ടി ഡിസംബര്‍ ഏഴിനാണ് സ്‌കൂള്‍ അധ്യാപകര്‍ പണിമുടക്കുന്നത്. 10 വര്‍ഷത്തിനിടെ ആദ്യമായാണ് സംസ്ഥാനവ്യാപകമായി അധ്യാപകര്‍ പണിമുടക്കുന്നത്.

സ്‌കൂളുകളില്‍ ജീവനക്കാരുടെ കുറവും വേതനം വര്‍ധിക്കാത്തതുമാണ് പണിമുടക്കിലേക്കു നയിച്ചതെന്ന് ടീച്ചേഴ്‌സ് ഫെഡറേഷന്‍ പറയുന്നു. ഈ പോരായ്മകള്‍ അധികാരികളുടെ ശ്രദ്ധയില്‍പ്പെടുത്തുന്നതിനായി ടെലിവിഷന്‍, റേഡിയോ, പ്രിന്റ് പരസ്യങ്ങള്‍ എന്നിവ ഉള്‍പ്പെടുത്തി യൂണിയന്‍ പ്രചാരണവും നടത്തും.

അമിതമായ ജോലി ഭാരം, ജീവനക്കാരുടെ കുറവ്, കുറഞ്ഞ ശമ്പളം എന്നിവ ചൂണ്ടിക്കാട്ടിയുള്ള വിദ്യാഭ്യാസ വകുപ്പിന്റെ ആശങ്കകള്‍ പരിഗണിക്കാന്‍ ന്യൂ സൗത്ത് വെയില്‍സ് സര്‍ക്കാര്‍ വിസമ്മതിക്കുകയാണെന്ന് ഫെഡറേഷന്‍ പ്രസിഡന്റ് ആഞ്ചലോ ഗാവ്രിലാറ്റോസ് പറഞ്ഞു. ഇതൊരു നിസാരമായ തീരുമാനമല്ല. കഴിഞ്ഞ 18 മാസമായി സര്‍ക്കാരുമായി എല്ലാവിധ ഒത്തുതീര്‍പ്പു ചര്‍ച്ചകളും നടത്താന്‍ ശ്രമിച്ച് പരാജയപ്പെട്ട ശേഷമാണ് ഇത്തരമൊരു തീരുമാനത്തിലേക്കെത്തിയതെന്നും ആഞ്ചലോ ഗാവ്രിലാറ്റോസ് പറഞ്ഞു.

സംസ്ഥാനത്തെ പൊതു വിദ്യാലയങ്ങളില്‍ അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ അധ്യാപകരുടെ വലിയ കൊഴിഞ്ഞുപോക്കുണ്ടാകുമെന്ന മുന്നറിയിപ്പുമായി വിദ്യാഭ്യാസ വകുപ്പ് നേരത്തെ സര്‍ക്കാരിന് റിപ്പോര്‍ട്ട് നല്‍കിയിരുന്നു.


അധ്യാപകരായ ആലീസ് ല്യൂങ്, ജൂലി റോസ്, നതാലി ഹഡ്സണ്‍ എന്നിവര്‍

സര്‍ക്കാര്‍ അധ്യാപകര്‍ക്കിടയില്‍ ഈ വര്‍ഷം നടത്തിയ സര്‍വേയില്‍, 35 ശതമാനം പേര്‍ മാത്രമാണ് തങ്ങളുടെ ജോലി ഭംഗിയായി നിര്‍വഹിക്കാന്‍ സമയം ലഭിക്കുന്നുണ്ടെന്ന് വ്യക്തമാക്കിയത്. ചെയ്യുന്ന ജോലിക്ക് ന്യായമായ വേതനം ലഭിക്കുന്നുണ്ടെന്ന് 38 ശതമാനം പേരും പറഞ്ഞു.

അധ്യാപക ക്ഷാമം കാരണം വലിയ പ്രതിസന്ധിയാണുള്ളതെന്നും ക്ലാസുകള്‍ നടത്താനാവാത്ത സാഹചര്യമാണെന്നും കോണ്‍കോര്‍ഡ് ഹൈസ്‌കൂള്‍ പ്രധാന അധ്യാപിക ആലീസ് ല്യൂങ് പറഞ്ഞു. ക്ലാസ് എടുക്കാന്‍ അധ്യാപകരെ കിട്ടാത്ത നിരവധി സാഹചര്യങ്ങളുണ്ടായിട്ടുണ്ട്. പല ക്ലാസുകളും ലയിപ്പിക്കേണ്ടി വന്നിട്ടുണ്ട്. സ്ഥിതിഗതികള്‍ കൂടുതല്‍ മോശമായിക്കൊണ്ടിരിക്കുകയാണെന്ന് ആലീസ് ല്യൂങ് പറഞ്ഞു.

കടുത്ത ജോലി സമ്മര്‍ദത്തെത്തുടര്‍ന്ന് ഓരോ ആഴ്ചയും കൂടുതല്‍ അധ്യാപകര്‍ രാജിവെയ്ക്കുന്നതായി കൊഗറ ഹൈസ്‌കൂള്‍ പ്രിന്‍സിപ്പല്‍ ജൂലി റോസ് പറഞ്ഞു.

ജോലിഭാരം കൂടുമ്പോള്‍ ജീവിതത്തിന്റെ താളം തെറ്റുന്നു. അത് അധ്യാപകരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിക്കുന്നു. ഉച്ചഭക്ഷണം കഴിക്കാനുള്ള ഇടവേളകള്‍ പോലും ലഭിക്കുന്നില്ല. രാത്രികളിലും വാരാന്ത്യങ്ങളിലും അധിക ജോലി ചെയ്യേണ്ട അവസ്ഥയാണ്. അഞ്ചില്‍ ഒരു അധ്യാപകന്‍ തങ്ങളുടെ വിഷയത്തിനു പുറത്തുള്ള വിഷയങ്ങള്‍ കൂടി പഠിപ്പിക്കുന്നു. ഇതൊന്നും സംസ്ഥാന സര്‍ക്കാര്‍ ശ്രദ്ധിക്കുന്നതേയില്ല-ജൂലി റോസ് പറഞ്ഞു.

അധ്യാപകരുടെ ജോലിഭാരം കണ്ട് വിദ്യാര്‍ത്ഥികള്‍ പോലും അധ്യാപനം തങ്ങളുടെ കരിയറായി തെരഞ്ഞെടുക്കുന്നതില്‍നിന്നു പിന്മാറുന്നതായി അധ്യാപികയായ നതാലി ഹഡ്സണ്‍ പറയുന്നു.

സ്‌കൂളുകളില്‍ ഒഴിഞ്ഞുകിടക്കുന്ന സ്ഥിരം തസ്തികകളുടെ എണ്ണത്തില്‍ ജൂണ്‍ മുതല്‍ 80 ശതമാനം വര്‍ധനയുണ്ടായതായി ടീച്ചേഴ്സ് ഫെഡറേഷന്‍ പറയുന്നു. പ്രതിവര്‍ഷം അഞ്ചു മുതല്‍ 7.5 ശതമാനം വരെ ശമ്പള വര്‍ധനയാണ് അധ്യാപകരും പ്രിന്‍സിപ്പല്‍മാരും ആവശ്യപ്പെടുന്നത്.

ഓസ്ട്രേലിയന്‍ സ്‌കൂള്‍ റിസോഴ്സിംഗ് ടാസ്‌ക്ഫോഴ്സിന്റെ മുന്‍ മാനേജര്‍ ആദം റോറിസിന്റെ റിപ്പോര്‍ട്ട് അനുസരിച്ച് 2031-ഓടെ 11,000 അധ്യാപകരെയെങ്കിലും സംസ്ഥാനത്ത് റിക്രൂട്ട് ചെയ്യേണ്ടതുണ്ട്.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.