ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി

ഒമിക്രോണ്‍: ലോകരാജ്യങ്ങളുടെ നിയന്ത്രണം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി

കേപ്ടൗണ്‍: കോവിഡിന്റെ ഏറ്റവും പുതിയ വകഭേദമായ 'ഒമിക്രോണ്‍' ദക്ഷിണാഫ്രിക്കയില്‍ കണ്ടെത്തിയതിന് പിന്നാലെ രാജ്യത്തു നിന്നുള്ള യാത്രക്കാര്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനുള്ള വിവിധ രാജ്യങ്ങളുടെ തീരുമാനം നീതിരഹിതമെന്ന് ദക്ഷിണാഫ്രിക്കന്‍ ആരോഗ്യമന്ത്രി ജോ ഫാഹ്‌ല. പുതിയ വകഭേദം കൂടുതല്‍ അപകടകാരിയാണെന്നും വാക്സിനുകളുടെ സംരക്ഷണ ശക്തി കുറയ്ക്കും എന്നുള്ളതിനും തെളിവുകള്‍ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ബി.1.1.529 എന്ന് പേരിട്ടിരിക്കുന്ന പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍ സ്ഥിരീകരിച്ചതിന് പിന്നാലെ, ലോകാരോഗ്യ സംഘടനയുടെ മുന്‍കരുതല്‍ പ്രഖ്യാപനം വന്ന് മണിക്കൂറുകള്‍ക്കുള്ളിലാണ് പല രാജ്യങ്ങളും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. യുഎസ്, യുകെ, ഓസ്‌ട്രേലിയ, കാനഡ, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, നെതര്‍ലന്‍ഡ് തുടങ്ങി നിരവധി രാജ്യങ്ങള്‍ ഇതിനോടകം ദക്ഷിണാഫ്രിക്കയില്‍ നിന്നുള്ള വിമാന സര്‍വീസുകള്‍ നിര്‍ത്തലാക്കിയതായി അറിയിച്ചുകഴിഞ്ഞു. ഇത്തരത്തിലുള്ള ചില രാജ്യങ്ങളുടെ പ്രതികരണം ലോകാരോഗ്യ സംഘടനയുടെ മാര്‍ഗനിര്‍ദേശപ്രകാരമുള്ള മാനദണ്ഡങ്ങള്‍ക്ക് വിരുദ്ധമാണെന്ന് ജോ ഫാഹ്‌ല പ്രതികരിച്ചു.

യാത്രക്കാര്‍ രാജ്യത്ത് പ്രവേശിക്കുമ്പോള്‍ കൂടുതല്‍ മുന്‍കരുതലുകള്‍ പാലിക്കണമെന്ന് ഇന്ത്യയും അറിയിച്ചിരുന്നു.

ദക്ഷിണാഫ്രിക്കയ്ക്ക് പുറമേ ബ്രസീല്‍, ബംഗ്ലാദേശ്, ബോട്‌സ്വാന, ചൈന, മൗറീഷ്യസ്, ന്യൂസിലന്‍ഡ്, സിംബാബ്വെ, സിംഗപ്പൂര്‍, ഇസ്രായേല്‍, ഹോങ്കോങ്, യുകെ ഉള്‍പ്പെടെയുള്ള രാജ്യങ്ങളാണ് ഇന്ത്യയിലെത്തുമ്പോള്‍ കര്‍ശന മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കേണ്ടത്.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് കോവിഡ് ബാധിതരായ 22 പേരില്‍ പുതിയ വകഭേദം കണ്ടെത്തിയതായും ഇത് മുന്‍ വകഭേദങ്ങളെ അപേക്ഷിച്ച് കൂടുതല്‍ മ്യൂട്ടേഷനുകള്‍ പ്രകടമാക്കിയിട്ടുണ്ടെന്നും ദക്ഷിണാഫ്രിക്കന്‍ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ കമ്യൂണിക്കബിള്‍ ഡിസീസസ് സ്ഥിരീകരിച്ചത്. പുതിയ വകഭേദം ദക്ഷിണാഫ്രിക്കയില്‍നിന്നും ബോട്സ്വാനയിലേക്കും ഹോങ്കോങ്ങിലേക്കും പോയ യാത്രക്കാരിലും കണ്ടെത്തിയിരുന്നു. രാജ്യത്തെ ഏറ്റവും ജനസംഖ്യയുള്ള പ്രവിശ്യയായ ഗൗട്ടെങ്ങില്‍ യുവാക്കള്‍ക്കിടയില്‍ അതിവേഗം വ്യാപിക്കുകയാണ് പുതിയ കോവിഡ് വകഭേദം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.