യു.എസ് ജനപ്രതിനിധികളുടെ തായ് വാന്‍ സന്ദര്‍ശനത്തില്‍ കനത്ത രോഷ പ്രകടനവുമായി ചൈന

യു.എസ് ജനപ്രതിനിധികളുടെ തായ് വാന്‍ സന്ദര്‍ശനത്തില്‍ കനത്ത രോഷ പ്രകടനവുമായി ചൈന


തായ്പേയ്: രണ്ടാം തവണയും അമേരിക്കന്‍ ജനപ്രതിനിധികള്‍ തായ് വാനില്‍ സന്ദര്‍ശനം നടത്തിയതില്‍ രോഷ പ്രകടനവുമായി ബീജിംഗ്. തായ് വാനെ സ്വാതന്ത്ര രാജ്യമായി അംഗീകരിച്ചുകൊണ്ടുള്ള അമേരിക്കയുടെ നയതന്ത്ര നടപടികളാണ്് കമ്യൂണിസ്റ്റ് ചൈനയെ ചൊടിപ്പിച്ചത്.അടുത്തു തന്നെ നടക്കാനിരിക്കുന്ന ഓണ്‍ലൈന്‍ 'ഡെമോക്രസി സമ്മിറ്റി'ലേക്ക് തായ് വാനു ക്ഷണം നല്‍കാനുള്ള യുഎസ് പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിലും രോഷാകുലരാണു ചൈന. 'തായ്വാന്‍ സ്വാതന്ത്ര്യ വാദികള്‍ക്കു' വേദി നല്‍കുന്നത് നിര്‍ത്താന്‍ യു.എസിനോട് ചൈന അഭ്യര്‍ത്ഥിച്ചു.

തായ്വാന്‍ കടലിടുക്കില്‍ നിരന്തരപ്രകോപനം നടത്തുന്ന ചൈനയ്ക്കെതിരെ അമേരിക്ക നിലയുറപ്പിച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ പുതിയ നീക്കങ്ങള്‍ പ്രതിഷേധാര്‍ഹമാണെന്നാണ് ചൈന പറയുന്നത്.ജനപ്രതിനിധി സംഘത്തിന്റെ സന്ദര്‍ശന വേളയില്‍ തായ് വാന്‍ കടലിടുക്കില്‍ സുശക്ത സൈനിക പട്രോളിംഗ് നടത്തിയും ചൈന പ്രതിഷേധം പ്രകടിപ്പിച്ചു.

പൊടുന്നനെ ആസൂത്രണം ചെയ്ത പരിപാടിയുടെ ഭാഗമായി എലിസ്സാ സ്ലോട്ട്സ്‌കിന്‍, മാര്‍ക് താകാനോ എന്നിവരുടെ നേതൃത്വത്തില്‍ അഞ്ചു പേരടങ്ങുന്ന യു എസ്. ജനപ്രതിനിധി സംഘമാണ് മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായ തായ് വാനിലെത്തിയത്. അമേരിക്കയുമായി തായ് വാന്‍ വ്യാപാരരംഗത്ത് മികച്ച മുന്നേറ്റമാണ് ഉണ്ടാക്കിയതെന്നും അമേരിക്കയില്‍ തായ് വാന്റെ ഔദ്യോഗിക സ്ഥാനപതി കാര്യാലയം തുറക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പുരോഗമിക്കുന്നതായും ജനപ്രതിനിധികള്‍ പറഞ്ഞു.

കൊറോണ കാലത്തെ സാമ്പത്തിക ഞെരുക്കത്തില്‍ നിന്നും തായ് വാനെ വാണിജ്യ മേഖലയിലും ആരോഗ്യമേഖലയിലും സഹായിക്കുക എന്നതാണ് സുപ്രധാന ദൗത്യമെന്നും അമേരിക്കന്‍ പ്രതിനിധികള്‍ അറിയിച്ചു.പസഫിക്കിലെ അമേരിക്കയുടെ നിലവിലെ വാണിജ്യ ബന്ധങ്ങളുടെ ചുവടു പിടിച്ച് തായ് വാനെ ജപ്പാനുമായും ദക്ഷിണ കൊറിയയുമായി ബന്ധപ്പെടുത്തിയുള്ള നീക്കമാണ് അമേരിക്ക നടത്തുന്നത്. അതേസമയം, ചൈന പ്രദേശത്തിന്റെ ഭാഗമാണ് തായ് വാനെന്നും ഏക ചൈനാ വാദം പ്രതിരോധിക്കാനുള്ള തായ് വാന്റെ നീക്കത്തിനു പിന്തുണ നല്‍കുന്ന അമേരിക്കയുടെ കളി വിജയിക്കില്ലെന്നും ചൈന പ്രതികരിച്ചു.

'ജനാധിപത്യ ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ തായ് വാനെ അമേരിക്ക ക്ഷണിച്ചതിനെ ചൈന ശക്തമായി എതിര്‍ക്കുന്നു,'- ചൈനയുടെ വിദേശകാര്യ വക്താവ് ഷാവോ ലിജിയാന്‍ പറഞ്ഞതായി റേഡിയോ ഫ്രീ ഏഷ്യ റിപ്പോര്‍ട്ട് ചെയ്തു.'തീയില്‍ കളിക്കുന്നവര്‍ സ്വയം ചാരമാകു'മെന്നും ഷാവോ കൂട്ടിച്ചേര്‍ത്തു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.