ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്: അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; പ്രവേശന വിലക്കുമായി ലോക രാഷ്ട്രങ്ങള്‍

ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക്:  അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; പ്രവേശന വിലക്കുമായി ലോക രാഷ്ട്രങ്ങള്‍

ജനീവ: കോവിഡിന്റെ അത്യുഗ്ര ശേഷിയുള്ള വകഭേദമായ ഒമിക്രോണ്‍ കൂടുതല്‍ രാജ്യങ്ങളിലേക്ക് പടരുന്നു. യൂറോപ്യന്‍ രാജ്യങ്ങളായ ജര്‍മ്മനി, ബെല്‍ജിയം, ആഫ്രിക്കന്‍ രാജ്യങ്ങളായ ദക്ഷിണാഫ്രിക്ക, ബോട്സ്വാന, ഏഷ്യന്‍ രാജ്യങ്ങളായ ഹോങ്കോങ്, ഇസ്രായേല്‍ എന്നിവിടങ്ങളിലാണ് പുതിയ വൈറസ് വകഭേദം സ്ഥിരീകരിച്ചത്.

ദക്ഷിണാഫ്രിക്കയില്‍ മാത്രം ഇതിനോടകം 100 ലേറെ പേര്‍ക്ക് പുതിയ വൈറസ് ബാധ സ്ഥിരീകരിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഒമിക്രോണ്‍ എന്നു പേരിട്ട പുതിയ വൈറസ് വകഭേദം അതീവ അപകടകാരിയാണെന്നാണ് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നല്‍കിയിട്ടുള്ളത്. അതിതീവ്ര വ്യാപനശേഷിയുള്ള വകഭേദമാണ് ഇതെന്നും ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് വൈറസിന്റെ പുതിയ വകഭേദം സ്ഥിരീകരിച്ച പശ്ചാത്തലത്തില്‍ രാജ്യാന്തര വിമാനയാത്രാ നിയന്ത്രണം നീക്കിയത് പുനപരിശോധിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോഡി നിര്‍ദേശിച്ചു. ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ ഡല്‍ഹിയില്‍ ചേര്‍ന്ന ഉന്നത തല യോഗത്തിലാണ് നിര്‍ദേശം.

വൈറസിന്റെ പുതിയ വകഭേദം നേരിടാന്‍ മുന്‍കരുതല്‍ ശക്തിപ്പെടുത്തണമെന്നും ജാഗ്രത കര്‍ശനമാക്കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചു. ഡിസംബര്‍ 15 മുതല്‍ രാജ്യാന്തര വിമാന യാത്രകള്‍ക്ക് ഇളവുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.

വിദേശത്തു നിന്ന് എത്തുന്നവര്‍ക്ക് പരിശോധനയും നിരീക്ഷണവും കര്‍ശനമാക്കണം. കേന്ദ്ര മാനദണ്ഡപ്രകാരമുള്ള ടെസ്റ്റുകള്‍ നടത്തിയെന്ന് ഉറപ്പാക്കണം. പ്രത്യേകിച്ചും പുതിയ വകഭേദം സ്ഥിരീകരിച്ച 'ഹൈ റിസ്‌ക്' രാജ്യങ്ങളില്‍ നിന്നും വരുന്ന യാത്രക്കാരെ കര്‍ശനമായി നിരീക്ഷിക്കണമെന്നും പ്രധാനമന്ത്രി ആവശ്യപ്പെട്ടു.

പുതിയ വൈറസ് വകഭേദം കണ്ടെത്തിയ സാഹചര്യത്തില്‍ ഈ രാജ്യങ്ങളില്‍ നിന്നും വരുന്നതോ, ഈ രാജ്യങ്ങള്‍ വഴി വരുന്നതോ ആയ അന്താരാഷ്ട്ര യാത്രക്കാരെ നിരന്തരം നിരീക്ഷിക്കണമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം സംസ്ഥാന സര്‍ക്കാരുകള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. വിമാനത്താവളങ്ങളില്‍ പരിശോധന കര്‍ശനമാക്കാനും നിര്‍ദേശമുണ്ട്.

നിരവധി തവണ ജനിതക വ്യതിയാനത്തിന് വിധേയമായ പുതിയ വകഭേദത്തിന് കോവിഡ് വാക്സിനുകളെ പ്രതിരോധിക്കാന്‍ കഴിഞ്ഞേക്കുമെന്ന മുന്നറിയിപ്പുകളാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.

പുതിയ വകഭേദം സ്ഥിരീകരിച്ച സാഹചര്യത്തില്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് അമേരിക്ക പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി. വൈറസ് വകഭേദം കണ്ടെത്തിയ രാജ്യങ്ങളിലേക്ക് യാത്ര ഒഴിവാക്കണം എന്ന് യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ചു. ആഫ്രിക്കയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, ജപ്പാന്‍, സിംഗപ്പൂര്‍ എന്നീ രാജ്യങ്ങള്‍ വിലക്കേര്‍പ്പെടുത്തി. ഇറ്റലി, സിംഗപ്പൂര്‍, ചെക്ക് റിപ്പബ്ലിക് തുടങ്ങിയ രാജ്യങ്ങള്‍ ഏഴ് ആഫ്രിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്ര നിരോധിച്ചു.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.