‘ഒമിക്രോൺ’; പുതിയ കോവിഡ് വകഭേദത്തിന്റെ പേരിന് പിന്നിലെ കഥ

‘ഒമിക്രോൺ’; പുതിയ കോവിഡ് വകഭേദത്തിന്റെ പേരിന് പിന്നിലെ കഥ

ജനീവ∙ കൊറോണ വൈറസിന്റെ പുതിയ വകഭേദത്തിന് ‘ഒമിക്രോൺ’ എന്നു പേരിട്ടതിനു വിശദീകരണവുമായി ലോകാരോഗ്യ സംഘടന. വെള്ളിയാഴ്ച ചേർന്ന അടിയന്തര യോഗത്തിലായിരുന്നു തീരുമാനം. ഗ്രീക്ക് അക്ഷരമാലാക്രമത്തിലെ അക്ഷരങ്ങളുടെ പേരാണ് കോവിഡിന്റെ ഓരോ വകഭേദത്തിനും നൽകി വരുന്നത്.

​എന്നാൽ ഇത്തവണ അക്ഷരമാലയിലെ ‘നു’, ‘ഷി’ എന്നീ അക്ഷരങ്ങള്‍ ഒഴിവാക്കിയാണ് ‘ഒമിക്രോണിലേക്ക്’ എത്തിയത്. ‘ഒരു പ്രദേശത്തെ അപമാനിക്കുന്നത് ഒഴിവാക്കാനാണ് രണ്ട് അക്ഷരങ്ങളെ വിട്ടുകളഞ്ഞതെന്നാണ് അധികൃതർ രാജ്യാന്തര മാധ്യമമായ ദ് ടെലിഗ്രാഫിനു നൽകിയ വിശദീകരണം.

‘ഗ്രീക്ക് അക്ഷരമാലയിലെ നു, ഷി, എന്നീ അക്ഷരങ്ങൾ ബോധപൂർവം ഒഴിവാക്കുകയായിരുന്നെന്നു ലോകോരാഗ്യ സംഘടനയിലെ ഉദ്യോഗസ്ഥൻ അറിയിച്ചു. ‘ന്യൂ’ എന്ന വാക്കുമായി ആശയക്കുഴപ്പം ഉണ്ടാകുന്നത് ഒഴിവാക്കാനാണ് നു എന്ന അക്ഷരം വിട്ടുകളഞ്ഞത്. ഒരു പ്രദേശത്തെ അപമാനിക്കുന്നതായി തോന്നിയതിനാലാണ് ഷി എന്ന അക്ഷരം ഒഴിവാക്കിയത്. എല്ലാ പകർച്ചവ്യാധികളിലും രാഷ്ട്രീയമുണ്ട്’– ദ് ടെലിഗ്രാഫ് സീനിയർ എഡിറ്റർ പോൾ നുക്കി ട്വിറ്ററിൽ കുറിച്ചു.

​ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ്ങിന്റെ പേരിലും ‘ഷി’ എന്ന അക്ഷരമുണ്ട്. അതുകൊണ്ടുതന്നെ ഇത് ഉപയോഗിച്ചാൽ കോവിഡ് വൈറസ് വകഭേദത്തിൽ വംശീയത കലരാനും ഇടയുണ്ടായിരുന്നു. ഗ്രീക്ക് അക്ഷരമാലയിലെ 15–ാം അക്ഷരമാണ് ഒമിക്രോൺ. ​ ഗ്രീക്ക് സംഖ്യാ വ്യവസ്ഥയിൽ ഇതിന്റെ മൂല്യം 70 ആണ്. ഫിനീഷ്യൻ അക്ഷരമായ അയിൻ-ഇൽനിന്നുമാണ് ഒമിക്രോൺ ഉദ്ഭവിച്ചിരിക്കുന്നത്.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.