ന്യൂഡല്‍ഹി: 'ഫോബ്സ് ഇന്ത്യ ഡബ്ല്യു-പവര്‍ 2021 'പട്ടികയില്‍ ഇടം നേടി ഇന്ത്യയിലെ ശക്തരായ സ്ത്രീകളുടെ ഗണത്തില്‍ വന്നു ചേര്‍ന്ന  ഒഡിഷയില്‍ നിന്നുള്ള മട്ടില്‍ഡ കുളുവെന്ന ഗ്രമീണ വനിതയ്ക്ക് സാമൂഹിക മാധ്യമങ്ങള്‍ വഴി ലോകമെങ്ങും നിന്ന് അഭിനന്ദന പ്രവാഹം. ഈ ദിവസങ്ങളില്‍ മട്ടില്‍ഡ കുളുവിനെ വല്ലാതെ തിരയുന്നുണ്ട് സൈബര്‍ ലോകം.
ആമസോണ്‍ പ്രൈം വീഡിയോ ഇന്ത്യയുടെ ഒറിജിനല്‍സ് മേധാവി അപര്‍ണ പുരോഹിത്, മുന്‍ എസ് ബി ഐ മേധാവിയും  സെയില്‍സ് ഫോഴ്‌സ് ഇന്ത്യയുടെ ചെയര്‍ പേഴ്‌സണും സി.ഇ.ഒയുമായ അരുന്ധതി ഭട്ടാചാര്യ, ജനപ്രിയ അഭിനേതാക്കളായ സന്യ മല്‍ഹോത്ര, രസിക ദുഗല്‍ എന്നീ പ്രഗല്‍ഭ വനിതകള്‍ ഇടംപിടിച്ച പട്ടികയില്‍ കൂടുതല്‍ ശ്രദ്ധയാകര്‍ഷിച്ചത് ആരോഗ്യ പ്രവര്‍ത്തകയായ കുളു എന്ന 45 കാരി തന്നെ. ഗ്രാമീണര്‍ക്കിടയിലെ കൊറോണ മുന്‍നിര പോരാളിയാണിവര്‍. അളക്കാനാവാത്ത പ്രവര്‍ത്തനമാണ് ആരോഗ്യ മേഖലയില്‍ കുളു നടത്തിയതെന്ന് ഫോബ്സ് വിലയിരുത്തി. 
കഴിഞ്ഞ 15 വര്‍ഷമായി സുന്ദര്‍ഗഡ് ജില്ലയിലെ ബരാഗോണ്‍ ഗര്‍ഗദ്ബഹല്‍ ഗ്രാമത്തില്‍ ജോലി ചെയ്യുന്നു മട്ടില്‍ഡ കുളു. 4500 രൂപ മാത്രം മാസവേതനം കൈപ്പറ്റുന്ന ആശാ വര്‍ക്കറായ കുളു ഗ്രാമീണരുടെ ആരോഗ്യസംരക്ഷണം കൂടുതല്‍ ശക്തമാക്കുന്നതില്‍ വഹിച്ച നിര്‍ണ്ണായക  പങ്ക് ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. നല്ല മെഡിക്കല്‍ ആരോഗ്യ സംരക്ഷണത്തിന്റെ പ്രാധാന്യം മനസ്സിലാക്കാന്‍ ഗ്രാമവാസികളെ സഹായിച്ചു അവര്‍ . കൂടുതലും ഗോത്രവര്‍ഗക്കാരായ ഗ്രാമീണരെ രോഗം വരുമ്പോള്‍ മന്ത്രവാദം വെടിഞ്ഞ് ഡോക്ടര്‍മാരെ സന്ദര്‍ശിക്കാന്‍ അവര്‍ പ്രേരിപ്പിച്ചു. 
രോഗികള്‍ക്ക് അനുയോജ്യമായ ചികിത്സാ മാര്‍ഗങ്ങള്‍ ഉറപ്പാക്കുന്നതിനു പുറമേ വീടുതോറുമുള്ള സന്ദര്‍ശന വേളയില്‍ ജാതീയതയ്ക്കും തൊട്ടുകൂടായ്മയ്ക്കും എതിരെ ബോധവത്കരണം നല്‍കിവരുന്ന മട്ടില്‍ഡയ്ക്ക് ഇതിന്റെയെല്ലാം പേരില്‍ നേരിടേണ്ടിവന്ന എതിര്‍പ്പുകളും ഭീഷണിയും ചില്ലറയായിരുന്നില്ല. മുന്‍കാലങ്ങളില്‍ വളരെ ബുദ്ധിമുട്ടായിരുന്നു തന്റെ പ്രവര്‍ത്തനമെന്ന് കുളു പറയുന്നു. കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് കാര്യങ്ങള്‍ മോശമായിരുന്നു. ഇപ്പോള്‍ കാര്യങ്ങള്‍ മികച്ചതാണ്. ആളുകള്‍ കൂടുതല്‍ മനസ്സിലാക്കുന്നവരും അന്ധവിശ്വാസം കുറഞ്ഞവരുമായി മാറിയിരിക്കുന്നു. പഴയ തലമുറ ഇപ്പോഴും തൊട്ടുകൂടായ്മ ആചരിക്കുന്നു. പക്ഷേ അത് തന്നെ അലട്ടുന്നില്ല-ഫോബ്‌സിനോട് കുളു വ്യക്തമാക്കി.
ആരോഗ്യ പരിപാലന വികസനം, ചെക്കപ്പുകളും സര്‍വേകളും ഉള്‍പ്പെടെയുള്ള നിരവധി മാര്‍ഗങ്ങളില്‍ ഗ്രാമീണരെ സഹായിക്കുന്ന ആക്ടിവിസ്റ്റുകളാണ് ആശാ വര്‍ക്കര്‍മാര്‍. മട്ടില്‍ഡ കുളു കരസ്ഥമാക്കിയ അംഗീകാരം മുഴുവന്‍ ആശാ വര്‍ക്കര്‍മാര്‍ക്കും ഉത്തേജകമാണെന്ന് അഭിനന്ദന സന്ദേശത്തില്‍ ഒഡിഷ മുഖ്യമന്ത്രി നവീന്‍ പട്‌നായിക്ക് പറഞ്ഞു.
 
                        വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ്  ചാനലിൽ  അംഗമാകൂ  📲 
                            
                                https://whatsapp.com/channel/0029VaAscUeA89MdGiBAUc26
                            
                        
                     
                    ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.