പ്രസവവേദന മൂര്‍ഛിക്കുമ്പോഴും സൈക്കിളോടിച്ച് ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നല്‍കി; ന്യൂസിലന്‍ഡ് എം.പിക്ക് അഭിനന്ദനപ്രവാഹം

പ്രസവവേദന മൂര്‍ഛിക്കുമ്പോഴും സൈക്കിളോടിച്ച്   ആശുപത്രിയിലെത്തി കുഞ്ഞിന് ജന്മം നല്‍കി;  ന്യൂസിലന്‍ഡ് എം.പിക്ക് അഭിനന്ദനപ്രവാഹം

വെല്ലിങ്ടണ്‍: പ്രസവവേദന മൂര്‍ഛിക്കുമ്പോഴും വീട്ടിലെ സൈക്കിളെടുത്ത് ആശുപത്രിയിലേക്ക് സ്വയം ഓടിച്ചെത്തി കുഞ്ഞിനു ജന്മം കൊടുത്ത രാഷ്ട്രീയ നേതാവിന്റെ മനോധൈര്യമാണ് സമൂഹമാധ്യമങ്ങളില്‍ നിറയുന്നത്. ന്യൂസിലന്‍ഡ് പാര്‍ലമെന്റ് അംഗം ജൂലി ആന്‍ ജെന്റെറാണ് പ്രസവത്തിനായി സൈക്കിളില്‍ ആശുപത്രിയില്‍ എത്തിയത്. ജൂലി തന്നെയാണ് ഇക്കാര്യം സമൂഹ മാധ്യത്തിലൂടെ പങ്കുവെച്ചത്.

'ഇന്ന് പുലര്‍ച്ചെ 3.04ന് ഞങ്ങളുടെ കുടുംബത്തിലെ ഏറ്റവും പുതിയ അംഗം എത്തിയിരിക്കുന്നു. പ്രസവമടുത്ത സമയത്ത് സൈക്കിള്‍ ചവിട്ടാന്‍ ഉദ്ദേശിച്ചിരുന്നില്ല. പക്ഷെ അങ്ങനെ സംഭവിച്ചുപോയി. പുലര്‍ച്ചെ രണ്ടു മണിക്ക് ആശുപത്രിയിലേക്ക് പോകാനൊരുങ്ങിയപ്പോള്‍ തീവ്രമായ പ്രസവ വേദന അനുഭവപ്പെട്ടിരുന്നില്ല. എന്നാല്‍ ആശുപത്രിയില്‍ എത്തി 10 മിനിറ്റ് കഴിഞ്ഞപ്പോഴേക്കും വേദന വര്‍ധിച്ചിച്ചു. അതിശയകരമെന്ന് പറയട്ടെ ആരോഗ്യമുള്ള, സന്തോഷവതിയായ ഒരു കുഞ്ഞിനെ ഞങ്ങള്‍ക്ക് ലഭിച്ചു. അവളുടെ അച്ഛനെ പോലെ തന്നെ അവളും ഉറങ്ങുകയാണ്. മികച്ച ടീമില്‍ നിന്ന് മികച്ച പരിചരണവും പിന്തുണയും ലഭിച്ചതില്‍ അനുഗ്രഹീതമായി തോന്നുന്നു-ജൂലി ഫേസ്ബുക്കില്‍ കുറിച്ചു. തന്റെ സൈക്കിള്‍ യാത്രയുടേയും കുഞ്ഞിന്റേയുമെല്ലാം ചിത്രങ്ങളും എംപി പങ്കുവെച്ചിട്ടുമുണ്ട്.


ജൂലി ആന്‍ ജെന്റെര്‍ പ്രസവത്തിനായി ആശുപത്രിയിലേക്കു പോകുന്നു.

പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ജൂലിക്ക് നേരിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടു തുടങ്ങിയത്. പങ്കാളിയായ പീറ്റര്‍ നണ്‍സിനൊപ്പം കാര്‍ഗോ ബൈക്കില്‍ ഉടന്‍ ആശുപത്രിയിലേക്ക് പോകാനായിരുന്നു പദ്ധതി. എന്നാല്‍ ആശുപത്രിയിലേക്കുള്ള സാധനങ്ങളടങ്ങിയ വലിയ ബാഗ് ഉള്ളതിനാല്‍ രണ്ട് പേര്‍ക്ക് ഒരുമിച്ച് പോവാന്‍ ബുദ്ധിമുട്ടായി. പിന്നാലെയാണ് ജൂലി ഒറ്റയ്ക്ക് സൈക്കിളില്‍ ആശുപത്രിയിലേക്ക് പുറപ്പെട്ടത്. മറ്റൊരു സൈക്കിളില്‍ പീറ്ററും ജെന്റെറിനെ അനുഗമിച്ചു. ആശുപത്രിയില്‍ എത്തിയതിനു പിന്നാലെ പ്രസവവേദന മൂര്‍ഛിക്കുകയും ഒരു മണിക്കൂറിനകം പെണ്‍കുഞ്ഞിന് ജന്മം നല്‍കുകയും ചെയ്തു.

സൈക്കിള്‍ യാത്രയ്ക്കിടയിലും കടുത്ത വേദന അനുഭവപ്പെട്ടിരുന്നുവെന്നാണ് ജൂലി പറയുന്നത്. എന്നാല്‍ അത് സഹിക്കാന്‍ പറ്റുന്ന തരത്തിലായിരുന്നു. സൈക്കിള്‍ യാത്ര പദ്ധതിയിലുണ്ടായിരുന്നില്ല. എല്ലാം ശുഭമായി വന്നതില്‍ സന്തോഷമുണ്ടെന്നും ജൂലി പറഞ്ഞു.



ഗ്രീന്‍ പാര്‍ട്ടി അംഗമായ ജൂലി ആന്‍ ജെന്റെറിനും പങ്കാളിക്കും സ്വന്തമായി കാര്‍ ഇല്ല. സൈക്കിള്‍ ചവിട്ടി ആശുപത്രിയിലെത്തി ആദ്യ കുഞ്ഞിനെ പ്രസവിച്ചതിന് ജെന്റെര്‍ നേരത്തേയും വാര്‍ത്തകളിലിടം നേടിയിരുന്നു.

ഫെയ്‌സുബുക്കില്‍ ജൂലി പോസ്റ്റ് ചെയ്ത ഫോട്ടോയ്ക്ക് താഴെ നിരവധി അഭിനന്ദന കമന്റുകളാണ് വന്നിരിക്കുന്നത്. അതിശയകരം എന്നാണ് ചിലര്‍ പ്രതികരിച്ചിരിക്കുന്നത്. വേദനയ്ക്കിടയിലും ജൂലി കാണിച്ച മനോധൈര്യത്തേയും പ്രശംസിക്കുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.