ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ട് : ഈജിപ്തിനു ശാപമോ ?

ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ട് :  ഈജിപ്തിനു  ശാപമോ ?

കെയ്‌റോ : സുഡാൻ, ഈജിപ്ത്, എത്യോപ്യ രാജ്യങ്ങൾ ബ്ലൂ നൈൽ നദിയിലെ എത്യോപ്യയുടെ വിവാദ ഡാമിനെക്കുറിച്ച് ചർച്ച പുനരാരംഭിച്ചു. തർക്കങ്ങൾ പരിഹരിച്ചില്ലെങ്കിൽ ഈജിപ്ത് ഈ ഡാം പൊട്ടിച്ചു കളഞ്ഞേക്കാം എന്ന് യുഎസ് പ്രസിഡണ്ട് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി, ഒരാഴ്ച കഴിഞ്ഞപ്പോളാണ് ചർച്ചകൾക്കു തുടക്കം കുറിക്കുന്നത്.

വീഡിയോ കോൺഫറൻസിലൂടെ നടക്കുന്ന, ഒരാഴ്ച നീണ്ടുനിൽക്കുന്ന ചർച്ചകൾ ഞായറാഴ്ച ആരംഭിച്ചു. മൂന്ന് രാജ്യങ്ങളിൽ നിന്നുള്ള ജലമന്ത്രിമാരും ആഫ്രിക്കൻ യൂണിയൻ, യൂറോപ്യൻ യൂണിയൻ, ലോക ബാങ്ക് എന്നിവയുടെ പ്രതിനിധികളും ഉൾപ്പെടുന്നു.


നൈൽ നദിയിൽ എത്യോപ്യയുടെ 4.6 ബില്യൺ ഡോളർ മെഗാ ഡാം നിർമാണവുമായി ബന്ധപ്പെട്ട് ആഫ്രിക്കൻ അയൽ രാജ്യങ്ങൾ തമ്മിലുള്ള സംഭാഷണം താൽക്കാലികമായി നിർത്തിവച്ചതിന് മൂന്ന് മാസത്തിന് ശേഷമാണ് ഇപ്പോൾ പുതിയ ചർച്ചകൾ നടക്കുന്നത്. 145 മീറ്റർ (475 അടി) ഉയരമുള്ള ഗ്രാൻഡ് എത്യോപ്യൻ നവോത്ഥാന അണക്കെട്ടിന്റെ ജലസംഭരണിയിൽ വെള്ളം നിറയ്ക്കുന്നതും അതിന്റെ പ്രവർത്തനങ്ങളെ സംബന്ധിച്ചും ഒരു കരാറിലെത്താൻ സുഡാൻ, ഈജിപ്ത്, എത്യോപ്യ എന്നീ രാജ്യങ്ങൾ നടത്തിയ മുൻ ചർച്ചകൾ പരാജയമായിരുന്നു.


ജലസേചനത്തിന്റെയും കുടിവെള്ളത്തിന്റെയും 97 ശതമാനവും നൈൽ നദിയെ ആശ്രയിക്കുന്ന ഈജിപ്ത് എത്യോപ്യയുടെ ഈ അണക്കെട്ടിനെ ഭീഷണിയായി കാണുന്നു. വെള്ളപ്പൊക്കം നിയന്ത്രിക്കാൻ ഡാം സഹായിക്കുമെന്ന് സുഡാൻ പ്രതീക്ഷിക്കുന്നു എന്നാൽ എത്യോപ്യ ഏകപക്ഷീയമായി അണക്കെട്ട് നിറച്ചാൽ ദശലക്ഷക്കണക്കിന് ആളുകൾക്ക് വലിയ അപകടമുണ്ടാകുമെന്ന് അവർ ഭയക്കുന്നു. എത്യോപ്യ ഈ ഡാം പദ്ധതി, വൈദ്യുതീകരണത്തിനും വികസനത്തിനും അത്യന്താപേക്ഷിതമാണെന്ന് കരുതുന്നു , ഒപ്പം മറ്റു രാജ്യങ്ങളിലേക്കുള്ള ‌ ജലപ്രവാഹത്തെ ബാധിക്കില്ലെന്നും അവർ വാദിക്കുന്നു.

74 ബില്യൺ ക്യുബിക് മീറ്റർ (2,600 ബില്യൺ ക്യുബിക് അടി) ആണ് ഡാമിന്റെ ജലസംഭരണ ശേഷി. ഇതിൽ ആദ്യ വർഷം പദ്ധതിയിട്ടിരുന്ന വെള്ളം ജൂലൈയിൽ തന്നെ ശേഖരിക്കാൻ കഴിഞ്ഞതായി എത്യോപ്യ പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം യുഎസ് പ്രസിഡണ്ട് ട്രംപ്, ഈജിപ്ത് ഈ മെഗാ ഡാം നശിപ്പിച്ചേക്കാമെന്ന് അഭിപ്രായപ്പെട്ടിരുന്നു, എത്യോപ്യ ഒരു യുദ്ധ ത്തിന് പ്രേരിപ്പിക്കുന്നതായും അദ്ദേഹം പറഞ്ഞു. നൈൽ നദിയിലെ വെള്ളം ലഭിക്കാതെ ഈജിപ്തിന് നിലനിൽക്കുവാൻ സാധ്യമല്ല. അങ്ങനെ വരുന്ന അവസരത്തിൽ ഈജിപ്ത് ഡാം തകർത്തു കളയും എന്നാണ് ട്രംപ് അർത്ഥമാക്കിയത്.

എത്യോപ്യയുടെ ഏകപക്ഷീയമായ നടപടികളെ നിരസിച്ചുകൊണ്ട് ഈജിപ്തും സുഡാനും തർക്കത്തിന് രാഷ്ട്രീയ പരിഹാരം കാണണമെന്ന് വളരെ നേരത്തെ തന്നെ ആവശ്യപ്പെടുന്നതാണ്.


എത്യോപ്യയുടെ ഉയർന്ന പ്രദേശങ്ങളിൽ നിന്ന് ഉത്ഭവിക്കുന്ന ബ്ലൂ നൈൽ, കിഴക്കൻ ആഫ്രിക്കയിൽ നിന്ന് സുഡാനീസ് തലസ്ഥാനമായ കാർട്ടൂമിൽ കൂടി ഒഴുകുന്ന വൈറ്റ് നൈലുമായി കൂടിച്ചേർന്നു നൈൽ നദി രൂപപ്പെടുന്നു, ഇത് ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ നദിയായി കണക്കാക്കപ്പെടുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.