വത്തിക്കാന്‍ സിറ്റി: ജീവിത പരീക്ഷണങ്ങള്‍ക്കിടയിലും ഉയര്‍ത്തിപ്പിടിച്ച ശിരസ്സുമായി കര്‍ത്താവിന്റെ വരവിനായൊരുങ്ങാന്‍ കഴിയണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. 'അന്ത്യനാളിലെ കര്‍ത്താവിന്റെ വരവില്‍ പങ്കു ചേരാനുള്ള ക്ഷണം പ്രത്യാശയോടെയും ആഹ്ലാദത്തോടെയും മുന്‍കൂട്ടി സ്വീകരിക്കേണ്ട അവസരം കൂടിയാണിത്'- ആഗമനകാലത്തെ ആദ്യ ഞായറാഴ്ചയിലെ ദിവ്യബലി സന്ദേശത്തില്‍ മാര്‍പാപ്പ പറഞ്ഞു.
ദൈനംദിന വെല്ലുവിളികളും കഷ്ടപ്പാടുകളും നമ്മെ വലയം ചെയ്യുമ്പോഴും വീണ്ടെടുപ്പിനായുള്ള വിളിയില്‍ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതുണ്ട്. ഉറക്കത്തിനു കീഴടങ്ങാതെ 'എല്ലാ സമയത്തും ജാഗരൂകരായിരിക്കുകയും പ്രാര്‍ത്ഥിക്കുകയും ചെയ്യുക' എന്ന യേശുവിന്റെ വാക്കുകള്‍ ഓര്‍മ്മിക്കണം. ഈ ജാഗ്രത ക്രിസ്ത്യന്‍ ജീവിതത്തിന്റെ ഒരു പ്രധാന വശമാണ്- മാര്‍പാപ്പ അഭിപ്രായപ്പെട്ടു.
സദാ ജാഗ്രത പാലിക്കുകയും ജീവിതത്തിലെ ശരിയായ പ്രധാന കാര്യങ്ങളില്‍ നിന്ന് ശ്രദ്ധ വ്യതിചലിക്കാതിരിക്കുകയും വേണം. ജാഗ്രത എന്നാല്‍ ആത്മീയ ചലനാത്മകതയാണ്;പ്രാര്‍ത്ഥനയില്‍ തീവ്രതയില്ലാത്ത മടിയന്മാരും 'ഉറങ്ങുന്ന ക്രിസ്ത്യാനികളും' ആകാതെ ഹൃദയങ്ങളെ സൂക്ഷിക്കുക എന്നതാണ്. നാം നിസ്സംഗതയില്‍ വീണുകൂടാ. നമുക്ക് സുഖപ്രദമായത് ഒഴികെ എല്ലാത്തിനോടുമുള്ള നിസ്സംഗത ആശാസ്യമല്ല.
അനുദിന ജീവിതത്തെ വെറും പതിവു ക്രമങ്ങളിലൊതുക്കാതെയുള്ള ജാഗ്രതയാണാവശ്യം. ലൗകിക ഉത്കണ്ഠകളില്‍ മാത്രം മുഴുകാനുള്ളതല്ല ജീവിതം. അലസതയിലേക്കു ജീവിതം നിപതിക്കാതിരിക്കാനും ദുഷ്പ്രവണതകള്‍ക്ക് കീഴടങ്ങാതിരിക്കാനും ആത്മാവിനെ ഭാരപ്പെടുത്തണമെന്ന് പാപ്പ പറഞ്ഞു. നമുക്ക് ചുറ്റുമുള്ളവരുടെ ചുമലില്‍ തൂങ്ങുന്ന ഭാരങ്ങള്‍ കാണാനും ആവശ്യമെങ്കില്‍ പങ്കു വയ്ക്കാനും മനസ്സിരുത്തണം. ഉദാസീനരാകാതിരിക്കാന്‍ ഇതെല്ലാം നമ്മെ സഹായിക്കും. ആത്മാവിനെ കുടുക്കുകയും അതിന്റെ സന്തോഷം കവര്‍ന്നെടുക്കുകയും ചെയ്യുന്ന നിഷേധാത്മകതയാണ് ഈ ഉദാസീനത. സദൃശവാക്യങ്ങളുടെ പുസ്തകം പറയുന്നതുപോലെ, 'നിങ്ങളുടെ ഹൃദയത്തെ എല്ലാ ജാഗ്രതയോടെയും കാത്തുസൂക്ഷിക്കുക, അതില്‍ ജീവന്റെ ഉറവിടങ്ങളുണ്ട്'.
'ജാഗ്രതയുള്ളവരായിരിക്കുന്നതിന്റെ രഹസ്യം പ്രാര്‍ത്ഥനയാണ്'. പ്രാര്‍ത്ഥന എപ്പോഴും നമ്മുടെ ഹൃദയത്തിലെ വിളക്ക് ജ്വലിപ്പിക്കുന്നു;നമ്മെ ദൈവത്തിലേക്ക് തിരികെ കൊണ്ടുവരുന്നു. ആത്മാവിനെ ഉറക്കത്തില്‍ നിന്ന് ഉണര്‍ത്തുകയും പ്രധാന കാര്യങ്ങളിലും അസ്തിത്വത്തിന്റെ ഉദ്ദേശ്യത്തിലും ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇടയാക്കുകയും ചെയ്യുന്നു പ്രാര്‍ത്ഥന. ഒരിക്കലും പ്രാര്‍ത്ഥനയെ അവഗണിക്കരുത്. അത് സംഭവിക്കാതിരിക്കാന്‍ നമുക്ക് ഹൃദയത്തില്‍ പ്രാര്‍ത്ഥനയെ കുടിയിരുത്താം;ദൈവത്തോട് ഹ്രസ്വമായ അര്‍ത്ഥനകള്‍ ആവര്‍ത്തിക്കുക. ആഗമനകാലത്ത് പകല്‍ മുഴുവന്‍ 'കര്‍ത്താവായ യേശുവേ' എന്ന് പറയുന്നത് നാം ശീലമാക്കണം. ഈ വചനം മൂന്ന് തവണ ആവര്‍ത്തിക്കാന്‍ സെന്റ് പീറ്റേഴ്സ് സ്‌ക്വയറില്‍ സന്നിഹിതരായിരുന്ന എല്ലാവരേയും മാര്‍പാപ്പ ക്ഷണിച്ചു.
'ജാഗ്രതയുള്ള ഹൃദയത്തോടെ കര്‍ത്താവിനെ കാത്തിരുന്ന പരിശുദ്ധ അമ്മ, ആഗമന കാലത്തുടനീളം സവിശേഷ രീതിയില്‍ നമ്മെ അനുഗമിക്കട്ടെ' എന്ന പ്രാര്‍ത്ഥന ഉരുവിട്ടായിരുന്നു വചന സന്ദേശത്തിന്റെ ഉപസംഹാരം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.