ഒമിക്രോണ്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവ‍ർക്ക് കേരളത്തില്‍ ക്വാറന്‍റീനില്ല

ഒമിക്രോണ്‍ ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവ‍ർക്ക് കേരളത്തില്‍ ക്വാറന്‍റീനില്ല

ദുബായ്: ഒമിക്രോണ്‍ വൈറസ് വ്യാപന പശ്ചാത്തലത്തില്‍ യാത്ര മാർഗനിർദ്ദേശങ്ങള്‍ ഇന്ത്യ പുതുക്കിയെങ്കിലും നിലവില്‍ ഒമിക്രോണ്‍ വൈറസ് റിപ്പോർട്ട് ചെയ്യാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്നവർക്ക് കേരളത്തില്‍ 7 ദിവസത്തെ നിർബന്ധിത ക്വാറന്‍റീനില്ല. ഡിസംബർ ഒന്നുമുതലാണ് ഇന്ത്യയുടെ ആരോഗ്യമന്ത്രാലയം പുറത്തിറക്കിയ മാർഗനിർദ്ദേശങ്ങള്‍ പ്രാബല്യത്തില്‍ വരുന്നത്.

ഒമിക്രോണ്‍ വൈറസ് സ്ഥിരീകരിച്ച രാജ്യങ്ങളെ ഹൈ റിസ്ക് പട്ടികയിലാണ് കേന്ദ്രസർക്കാർ ഉള്‍പ്പെടുത്തിയിട്ടുളളത്. ഇവിടെ നിന്നുമെത്തുന്ന യാത്രാക്കാർക്കുളള നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്നുള്‍പ്പടെ രാജ്യത്തേക്ക് എത്തുന്ന യാത്രാക്കാർ എയർ സുവിധയില്‍ 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പടെ നല്‍കണം. യാത്രയ്ക്ക് 72 മണിക്കൂറിനുളളിലെടുത്ത ആർ ടി പിസിആർ റിപ്പോർട്ട് സമർപ്പിക്കുകയും വേണം.

വിമാനത്താവളങ്ങളിലെത്തിയാല്‍ പിസിആർ പരിശോധന നടത്തുകയും വേണം. കേരളത്തിലെ വിവിധ വിമാനത്താവളങ്ങളില്‍ ഇടക്കാലത്ത് ഇത് നിർത്തിയിരുന്നു. എന്നാല്‍ വീണ്ടും ഇതിനായുളള സൗകര്യങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം ഹൈ റിസ്ക് രാജ്യങ്ങളില്‍ നിന്നുമെത്തുന്നവരാണെങ്കില്‍ 7 ദിവസം നിർബന്ധിത ക്വാറന്റീനാണ്.എട്ടാം ദിവസം വീണ്ടും പിസിആർ പരിശോധന നടത്തണം. തുടർന്നുളള ഏഴ് ദിവസങ്ങളില്‍ ആരോഗ്യനിരീക്ഷണവും വേണം. കോവിഡ് പോസിറ്റീവാണെങ്കില്‍ ആരോഗ്യപ്രവർത്തകരുടെ നിർദ്ദേശങ്ങള്‍ക്ക് അനുസരിച്ച് പ്രവർത്തിക്കണം.

യുഎഇയില്‍ നിന്നും ഇന്ത്യയിലേക്കുളള യാത്രാ മാർഗനിർദ്ദേശങ്ങള്‍

1. 14 ദിവസത്തെ യാത്രാ വിവരങ്ങള്‍ ഉള്‍പ്പടെയുളള വിവരങ്ങളും, 72 മണിക്കൂറിനുളളിലെ കോവിഡ് നെഗറ്റീവ് പരിശോധനാഫലവും എയർ സുവിധ പോർട്ടില്‍ നല്‍കണം.

2. അഞ്ച് വയസിനുതാഴെയുളള കുട്ടികള്‍ക്ക് യാത്രയ്ക്ക് മുന്‍പോ ശേഷമോ ഉളള കോവിഡ് പിസിആർ പരിശോധന നിർബന്ധമല്ല. അതേസമയം അസുഖ ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ ക്വാറന്‍റീന്‍ ഉള്‍പ്പടെയുളള മുന്‍കരുതലുകള്‍ സ്വീകരിക്കണം

3.യാത്രാക്കാരുടെ കൈവശം നെഗറ്റീവ് പിസിആർ പരിശോധനാഫലമുണ്ടെന്ന് എയലൈനുകള്‍ ഉറപ്പാക്കണം

4. വിമാനത്താവളത്തിലെത്തുന്ന മുറയ്ക്ക്, റിസ്കില്ലാത്ത രാജ്യങ്ങളില്‍ നിന്നുമെത്തുന്ന യാത്രാക്കാരില്‍ 5 ശതമാനത്തെ കോവിഡ് പിസിആർ പരിശോധനയ്ക്ക് വിധേയരാക്കും.

5. പരിശോധനയില്‍ നെഗറ്റീവാണെങ്കിലും 14 ദിവസം സ്വയം നിരീക്ഷണം ഉചിതം

6. പരിശോധനയില്‍ കോവിഡ് പോസിറ്റീവാണെങ്കില്‍ തുടർ ചികിത്സ തേടണം.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.