കെ റെയിലും അട്ടപ്പാടി ശിശു മരണവും: സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം

കെ റെയിലും അട്ടപ്പാടി ശിശു മരണവും: സര്‍ക്കാരിനെതിരെ പ്രതിഷേധം കടുപ്പിക്കാന്‍ യുഡിഎഫ് തീരുമാനം


തിരുവനന്തപുരം: വിവിധ വിവാദ വിഷയങ്ങളില്‍ സര്‍ക്കാരിനെതിരെ പ്രതിഷേധം ശക്തമാക്കി യുഡിഎഫ്. സംസ്ഥാന സര്‍ക്കാരിന്റെ കെ റെയില്‍ പദ്ധതിയ്ക്കെതിരെ സംസ്ഥാന വ്യാപകമായ സമരം നടത്താന്‍ ഇന്ന് ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ തീരുമാനമായി. കെ റെയില്‍ കടന്നുപോകുന്ന സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് സമരം നടത്തും. ഡിസംബര്‍ 18ന് സെക്രട്ടേറിയറ്റിലേക്കും വിവിധ ജില്ലാ കളക്ടറേറ്റുകളിലേക്കും മാര്‍ച്ച് നടത്തും.

അട്ടപ്പാടിയില്‍ തുടര്‍കഥയാകുന്ന ശിശു മരണത്തിലും സര്‍ക്കാരിന്റെ പിടിപ്പുകേട് തുറന്നു കാട്ടാനൊരുങ്ങുകയാണ് യുഡിഎഫ്. ഈ വിഷയത്തിലും മുന്നണി സമരം നടത്തും. ഡിസംബര്‍ ആറിന് യുഡിഎഫ് നേതാക്കള്‍ അട്ടപ്പാടി സന്ദര്‍ശിക്കും. നവജാതശിശു വിദഗ്ദ്ധന്‍ ഇല്ലാത്തതുകൊണ്ടും വിദഗ്ദ്ധ ചികിത്സയ്ക്ക് സൗകര്യമില്ലാത്തതും കാരണം ഗര്‍ഭിണികളും നവജാത ശിശുക്കളും ഉള്‍പ്പടെ ചികിത്സയ്ക്ക് ചുരമിരങ്ങേണ്ട അവസ്ഥയാണ് അട്ടപ്പാടിയിലുളളത്.

കമ്മ്യൂണിറ്റി കിച്ചണ്‍ പദ്ധതി പേരിന് മാത്രമായതിനാല്‍ ഇവിടെ സ്ത്രീകളില്‍ പോഷകാഹാര കുറവ് വലുതായുണ്ട്. ഇത് ഗര്‍ഭിണികള്‍ക്കും നവജാത ശിശുക്കള്‍ക്കും പ്രതിസന്ധി സൃഷ്ടിക്കുന്നുമുണ്ട്. ഇതിനെല്ലാം എതിരെയാണ് മുന്നണി സമരം. ഇതിനിടെ ഇന്നു ചേര്‍ന്ന യുഡിഎഫ് യോഗത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും പങ്കെടുത്തില്ല എന്നതും ശ്രദ്ധേയമായി.



വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.