പെറുവിലെ ഉത്ഖനനത്തില്‍ എണ്ണൂറു വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി പുരാവസ്തു ഗവേഷകര്‍

 പെറുവിലെ ഉത്ഖനനത്തില്‍ എണ്ണൂറു വര്‍ഷം പഴക്കമുള്ള മമ്മി കണ്ടെത്തി പുരാവസ്തു ഗവേഷകര്‍

ലിമ: പെറുവിന്റെ മധ്യതീരത്ത് നടത്തിയ ഉത്ഖനനത്തില്‍ ഏകദേശം 800 വര്‍ഷം പഴക്കമുള്ള ഒരു മമ്മി കണ്ടെത്തി. 1400-കളില്‍ ഇന്‍ക സാമ്രാജ്യത്തിന്റെ ഉദയത്തിനുമുമ്പ്, തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ തീരത്തിനും പര്‍വതങ്ങള്‍ക്കും ഇടയില്‍ വികസിച്ച സംസ്‌കാരത്തില്‍ നിന്നുള്ള വ്യക്തിയുടേതാണ് 'മമ്മിഫൈ' ചെയ്ത ഈ ശരീരമെന്നാണ് വദഗ്ധ നിഗമനം.

തെക്കേ അമേരിക്കന്‍ രാജ്യത്തിന്റെ തലസ്ഥാന നഗരമായ ലിമയുടെ കിഴക്ക് ഭാഗത്ത് കണ്ടെത്തിയ മമ്മിയുടെ ലിംഗഭേദം ഇതുവരെ അറിവായിട്ടില്ല. അതേസമയം, രാജ്യത്തെ ഉയര്‍ന്ന ആന്‍ഡിയന്‍ പ്രദേശത്ത് താമസിച്ചിരുന്ന ഒരാളുടെ ശരീര അവശിഷ്ടമാണിതെന്ന് പുരാവസ്തു ഗവേഷകനായ പീറ്റര്‍ വാന്‍ ഡാലെന്‍ ലൂണ പറഞ്ഞു.

'മമ്മിയുടെ ശരീരം മുഴുവന്‍ കയറുകൊണ്ട് കെട്ടിയിരിക്കുകയാണ്. കൈകളാല്‍ മുഖം മറയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇത് പ്രാദേശിക ശവസംസ്‌കാര രീതിയുടെ ഭാഗമായിരിക്കാം.റേഡിയോ കാര്‍ബണ്‍ ഡേറ്റിംഗ് വഴി കൂടുതല്‍ കൃത്യമായ കാലഗണന സാധ്യമാകും.' പീറ്റര്‍ വാന്‍ ഡാലെന്‍ ലൂണ അഭിപ്രായപ്പെട്ടു.

ലിമയുടെ പ്രാന്തപ്രദേശത്തുള്ള ഒരു ഭൂഗര്‍ഭ അറയില്‍ നിന്നാണ് മമ്മി കണ്ടെത്തിയത്. ശവകുടീരത്തിനുള്ളില്‍ സെറാമിക്‌സ്, പച്ചക്കറി അവശിഷ്ടങ്ങള്‍, കല്ല് കൊണ്ടുള്ള ഉപകരണങ്ങള്‍ എന്നിവയും ഉണ്ടായിരുന്നു. ഇന്‍ക സാമ്രാജ്യത്തിന് മുമ്പും ശേഷവും വികസിച്ച സംസ്‌കാരങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പുരാവസ്തുക്കള്‍ കണ്ടെടുത്തിട്ടുണ്ട് ഈ മേഖലയില്‍ നിന്ന്. തെക്കേ അമേരിക്കയുടെ ദക്ഷിണ ഭാഗത്തുള്ള തെക്കന്‍ ഇക്വഡോര്‍, കൊളംബിയ മുതല്‍ മധ്യ ചിലി വരെ ഇന്‍ക സാമ്രാജ്യം ആധിപത്യം സ്ഥാപിച്ചിരുന്നു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.