സിഡ്‌നിയിലെ ജിമ്മില്‍ വെടിവയ്പ്പ്; ഒരാള്‍ക്കു പരുക്ക്; പിന്നില്‍ അധോലോക സംഘങ്ങളെന്നു സംശയം

സിഡ്‌നിയിലെ ജിമ്മില്‍ വെടിവയ്പ്പ്; ഒരാള്‍ക്കു പരുക്ക്; പിന്നില്‍ അധോലോക സംഘങ്ങളെന്നു സംശയം

സിഡ്നി: ഓസ്‌ട്രേലിയന്‍ നഗരമായ സിഡ്‌നിയിലെ ജിമ്മിലുണ്ടായ വെടിവയ്പ്പില്‍ ഒരാള്‍ക്കു ഗുരുതരമായി പരുക്കേറ്റു. പ്രോസ്പെക്റ്റിലുള്ള റോവുഡ് റോഡിലെ വേള്‍ഡ് ജിമ്മിലാണ് ഇന്നു രാവിലെ 8.40-ന് വെടിവയ്പ്പുണ്ടായത്. സംഭവത്തില്‍ കാലിന് പരുക്കേറ്റ മുരത് ഗുലാസി എന്നയാള്‍ വെസ്റ്റ്മീഡ് ആശുപത്രിയില്‍ ചികിത്സയിലാണ്. പ്രതികള്‍ക്കു വേണ്ടിയുള്ള അന്വേഷണം ന്യൂ സൗത്ത വെയില്‍സ് പോലീസ് അറിയിച്ചു.

ജിമ്മിലുണ്ടായ ആക്രമണം ആശങ്കാജനകമാണെന്ന് സൂപ്രണ്ട് സ്റ്റീവ് എഗ്ഗിന്‍ടണ്‍ പറഞ്ഞു. ജമ്മിനോട് അനുബന്ധിച്ച് കുഞ്ഞുങ്ങളെ പരിപാലിക്കുന്ന ഒരു ക്രഷും പ്രവര്‍ത്തിക്കുന്നുണ്ട്. ഇതാണ് കൂടുതല്‍ ആശങ്കയ്ക്കിടയാക്കിയത്. പരുക്കേറ്റ മുരത് ഗുലാസി ചോദ്യം ചെയ്യലില്‍ പോലീസ് ഉദ്യോഗസ്ഥരുമായി സഹകരിക്കുന്നില്ലെന്ന് എഗ്ഗിന്‍ടണ്‍ പറഞ്ഞു.

സംഭവം നടന്ന സ്ഥലത്തിന് സമീപം കത്തി നശിച്ച ഒരു കാര്‍ കണ്ടെത്തി. പ്രത്യേക ലക്ഷ്യത്തോടെയാണ് ആക്രമണം നടത്തിയതെന്ന് വ്യക്തമായിട്ടുണ്ട്.

അധോലോക സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയുടെ ഭാഗമാണോ വെടിവയ്‌പ്പെന്ന് സംശയം ഉയര്‍ന്നിട്ടുണ്ട്. അലാമെദ്ദീന്‍, ഹംസി ക്രിമിനല്‍ സംഘങ്ങള്‍ക്ക് സംഭവവുമായി ബന്ധമുണ്ടോയെന്ന് പോലീസ് അന്വേഷണം ആരംഭിച്ചു.

പ്രതികള്‍ നിരവധി തവണയാണ് ജിമ്മിലേക്കു വെടിയുതിര്‍ത്തത്. സംഭവസമയത്ത് കുട്ടികള്‍ ഉള്‍പ്പെടെയുള്ളവര്‍ അവിടെയുണ്ടായിരുന്നു.

ജിമ്മിലേക്കു നിറയൊഴിക്കുന്നതിന്റെ ശബ്ദം അടുത്തുള്ള ഫാക്ടറിയിലെ ജീവനക്കാരും കേട്ടു. വെടിവയ്പ്പുണ്ടായ ഉടനെ എല്ലാവരും പുറത്തേക്ക് ഓടുന്നത് കണ്ടതായി ഫാക്ടറിയിലെ ജീവനക്കാരനായ ഷോണ്‍ മൈല്‍സ് പറഞ്ഞു. വാഗണ്‍ കാര്‍ പാഞ്ഞു പോകുന്നതും കണ്ടു.

പരുക്കേറ്റ് ചികിത്സയിലുള്ള മുരത് ഗുലാസിക്ക് അലാമെദ്ദീന്‍ ക്രിമിനല്‍ സംഘവുമായി ബന്ധമുണ്ടെന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.