'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ്

'ഹൃദയത്തില്‍ നിന്നുള്ള സമ്മാന' ദീപ്തിയുമായി ബൈഡന്‍ ദമ്പതികള്‍; പാരമ്പര്യം വിടാതെ ക്രിസ്മസിനു തയ്യാറെടുപ്പ്

വാഷിംഗ്ടണ്‍: പ്രഥമ വനിത ജില്‍ ബൈഡന്റെ നേതൃത്വത്തില്‍ വൈറ്റ് ഹൗസില്‍ ക്രിസ്മസിനായുള്ള തയ്യാറെടുപ്പ് പുരോഗമിക്കവേ പ്രസിഡന്റ് ജോ ബൈഡന്‍ വൈറ്റ് ഹൗസിലെ തന്റെ പ്രഥമ ക്രിസ്മസിന്റെ 'തീം' പ്രഖ്യാപിച്ചു : 'ഗിഫ്റ്റ്‌സ് ഫ്രം ദ് ഹാര്‍ട്ട് ' (ഹൃദയത്തില്‍ നിന്നുള്ള സമ്മാനങ്ങള്‍)

പ്രസിഡന്റ് നിര്‍ദ്ദേശിച്ച ക്രിസ്മസ് പ്രമേയവുമായി പൊരുത്തപ്പെടുന്ന അലങ്കാരങ്ങളാല്‍ വൈറ്റ് ഹൗസ് പാരമ്പര്യത്തിലൂന്നി പ്രൗഢഗംഭീരമാക്കാന്‍ പ്രഥമ വനിത ഏറെ സമയം നീക്കിവച്ചതായാണ് റിപ്പോര്‍ട്ട്. കൊറോണ മഹാമാരിയെ പ്രതിരോധിച്ച മുന്‍നിര തൊഴിലാളികളെ ആദരിക്കുന്ന ദൃശ്യങ്ങള്‍ വൈറ്റ് ഹൗസ് അലങ്കാരത്തില്‍ ഉള്‍ച്ചേര്‍ന്നിട്ടുണ്ട്. 18 അടി ഉയരമുള്ള ഫ്രേസര്‍ ഫിര്‍ മരമാണ് സമാധാനത്തിന്റെയും ഐക്യത്തിന്റെയും ദീപ്തി പ്രസരിപ്പിക്കുന്ന ഔദ്യോഗിക ക്രിസ്മസ് ട്രീ ആക്കിയിരിക്കുന്നത്.

മസാച്യുസെറ്റ്സിലെ നാന്റുകെറ്റില്‍ ബൈഡന്‍ കുടുംബം താങ്ക്‌സ് ഗിവിംഗ് ദിനങ്ങള്‍ ചെലവഴിക്കുന്നതിനിടെ ഓവല്‍ ഓഫീസ് സഹിതം അലങ്കരിക്കുന്ന തിരക്കിലായിരുന്നു നൂറിലധികം സന്നദ്ധപ്രവര്‍ത്തകര്‍. 41 ക്രിസ്മസ് ട്രീകളും 6,000 അടി നീളത്തില്‍ ബഹുവര്‍ണ്ണ റിബണുകളും 10,000 - ലധികം ആഭരണങ്ങളുമാണ് ഇതിനായി ഉപയോഗിക്കുന്നത്.

'വിശ്വാസവും, കുടുംബ ബന്ധവും, സൗഹൃദവും; കലയോടും പഠനത്തോടും പ്രകൃതിയോടുമുള്ള സ്‌നേഹം ; നന്ദിയും സേവനമനോഭാവവും സാമൂഹിക ജീവിതവും; ഐക്യവും സമാധാനവും - നാം പവിത്രമായി കരുതുന്ന ഇത്തരം മൂല്യങ്ങള്‍ നമ്മെ ഒന്നിപ്പിക്കുന്നു. ദൂരത്തെയും സമയത്തെയും ഒരു മഹാമാരിയുടെ പരിമിതികളെപ്പോലും മറികടക്കാന്‍ അവ നമ്മെ സഹായിക്കുകയും ചെയ്യുന്നു. നമ്മുടെ ജീവിതത്തിനാധാരമായ ഹൃദയ ചരടുകളെ ബന്ധിപ്പിക്കുന്ന സമ്മാനങ്ങളാണിവ; ഹൃദയത്തില്‍ നിന്നു തന്നെയുള്ള സമ്മാനങ്ങള്‍.'- വൈറ്റ് ഹൗസിലെ അവധിക്കാല സ്മാരക ഗൈഡ്ബുക്കില്‍ ബൈഡന്‍ ദമ്പതികള്‍ കുറിച്ചു.


വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.