സിഡ്‌നി: കോവിഡിന്റെ ഒമിക്രോണ്‍ വകഭേദം ഭീതിപടര്‍ത്തുന്ന സാഹചര്യത്തില്‍ രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം രണ്ടാഴ്ചത്തേക്ക് നീട്ടി ഓസ്‌ട്രേലിയന്‍ ഫെഡറല്‍ സര്‍ക്കാര്‍. അഞ്ച് ഒമിക്രോണ്‍ കേസുകളാണ് ഓസ്‌ട്രേലിയയില്‍ ഇതുവരെ സ്ഥിരീകരിച്ചത്.
ഡിസംബര്‍ ഒന്നു മുതല്‍ രാജ്യാന്തര വിദ്യാര്‍ഥികള്‍ക്കും തൊഴിലാളികള്‍ക്കും ഫാമിലി വിസയുള്ളവര്‍ക്കുമായി അതിര്‍ത്തികള്‍ തുറക്കാന്‍ ഓസ്‌ട്രേലിയ തീരുമാനിച്ചിരുന്നു. ഒമിക്രോണ്‍ വകഭേദം ലോകമെങ്ങും പടരുന്നതോടെ തീരുമാനം നീട്ടിവയ്ക്കുകയായിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഡിസംബര്‍ ഒന്നു മുതല്‍ തീരുമാനം നടപ്പാക്കാനാകില്ലെന്നു പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍ അറിയിച്ചു. ദേശീയ കാബിനറ്റിന്റെ അടിയന്തര സുരക്ഷാ യോഗത്തിന് ശേഷമാണ് പ്രധാനമന്ത്രി ഇക്കാര്യം പ്രഖ്യാപിച്ചത്.
ഇതോടെ രാജ്യാന്തര അതിര്‍ത്തികള്‍ തുറക്കുന്നത് കുറഞ്ഞത് ഡിസംബര്‍ 15 വരെ വൈകുമെന്നുറപ്പായി. ആരോഗ്യമേഖലയിലെ വിദഗ്ധരുടെ നിര്‍ദേശപ്രകാരമാണ് അടിയന്തര തീരുമാനമെന്നും ഇതു താല്‍ക്കാലികം മാത്രമാണെന്നും സ്‌കോട്ട് മോറിസന്‍ പ്രതികരിച്ചു.
ഒമിക്രോണ്‍ വൈറസിനെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും ഡെല്‍റ്റ വൈറസിനേക്കാള്‍ കൂടുതല്‍ ഭീഷണി ഉയര്‍ത്തുന്നുണ്ടോ എന്ന് മനസിലാക്കാനുമാണ് അതിര്‍ത്തി തുറക്കല്‍ നീട്ടിവയ്ക്കുന്നതെന്ന് പ്രധാനമന്ത്രി സ്‌കോട്ട് മോറിസന്‍ അറിയിച്ചു.
രോഗം എത്രത്തോളം രൂക്ഷമാകാം, വാക്‌സിന്റെ ഫലപ്രാപ്തി, എത്രത്തോളം പകരാം തുടങ്ങിയ കാര്യങ്ങള്‍ മനസിലാക്കാന്‍ ഈ കാലാവധി സഹായിക്കുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയില്‍ വ്യക്തമാക്കി.
അതേസമയം വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ ഓസ്‌ട്രേലിയന്‍ പൗരന്മാര്‍ക്കും സ്ഥിര താമസക്കാര്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും രാജ്യത്തേക്കു പ്രവേശനമുണ്ട്. ന്യൂസിലന്‍ഡില്‍നിന്നും സിംഗപ്പൂരില്‍നിന്നുമുള്ള വാക്‌സിനേഷന്‍ പൂര്‍ത്തിയാക്കിയ യാത്രക്കാര്‍ക്കും 'ഗ്രീന്‍ ലെയിന്‍' യാത്ര അനുവദിച്ചിട്ടുണ്ട്.
ഞായറാഴ്ച ദക്ഷിണാഫ്രിക്കയില്‍നിന്ന് സിഡ്‌നിയിലെത്തിയ രണ്ടു യാത്രക്കാര്‍ക്കാണ് ആദ്യം രോഗം കണ്ടെത്തിയത്. രണ്ടു പേരും വാക്‌സിന്‍ സ്വീകരിച്ചവരാണ്. ഇവര്‍ സിഡ്‌നിയിലെ ഹോട്ടലില്‍ ക്വാറന്റീനിലാണ്. തിങ്കളാഴ്ച ദക്ഷിണാഫ്രിക്കയില്‍നിന്ന് സിഡ്‌നിയിലെത്തിയ രണ്ടു പേര്‍ക്കും ജൊഹന്നാസ് ബര്‍ഗില്‍നിന്ന് രാജ്യത്തെത്തിയ ദക്ഷിണാഫ്രിക്കന്‍ പൗരനും ഒമിക്രോണ്‍ സ്ഥിരീകരിച്ചു. നോര്‍തേണ്‍ ടെറിട്ടറിയില്‍ വച്ചാണ് ഒരാള്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.
ഒമ്പത് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നുള്ള വിമാനങ്ങള്‍ നിര്‍ത്തിവയ്ക്കാനും ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ വിലക്കാനും കഴിഞ്ഞ ദിവസം സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ജപ്പാനില്‍നിന്നും ദക്ഷിണകൊറിയയില്‍നിന്നുമുള്ള വിനോദസഞ്ചാരികളെ ഡിസംബര്‍ ഒന്നു മുതല്‍ അനുവദിക്കാനുള്ള തീരുമാനവും സര്‍ക്കാര്‍ നീട്ടി.
കഴിഞ്ഞ 20 മാസമായി ഓസ്‌ട്രേലിയന്‍ പൗരന്മാരല്ലാത്തവരെ രാജ്യത്തേക്കു സ്വീകരിക്കുന്നില്ല. ഇതേതുടര്‍ന്നു രാജ്യത്ത് കടുത്ത തൊഴിലാളി ക്ഷാമം അനുഭവപ്പെടുന്നുണ്ട്. വിനോദ സഞ്ചാര മേഖലയിലെ വരുമാനവും കുത്തനെ കുറഞ്ഞു. അതിര്‍ത്തികള്‍ തുറക്കാനുള്ള തീരുമാനം ജപ്പാനും ദക്ഷിണ കൊറിയയും നീട്ടിവച്ചിരിക്കുകയാണ്.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.