തിരുവനന്തപുരം: മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിക്കും രമേശ് ചെന്നിത്തലയ്ക്കും എതിരെ കോണ്‍ഗ്രസില്‍ പടയൊരുക്കം. യുഡിഎഫ് യോഗം ബഹിഷ്‌കരിച്ച ഇരുവര്‍ക്കുമെതിരെ കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി സതീശനും ഹൈക്കമാന്‍ഡിനെ സമീപിക്കും. സമ്മര്‍ദത്തിന് വഴങ്ങില്ലെന്നും യുഡിഎഫ് യോഗം ബഹിഷ്‌കരിച്ചതിന് ന്യായികരണമില്ലെന്നും കെപിസിസി നേതൃത്വം വ്യക്തമാക്കുന്നു.
തിരുവനന്തപുരത്ത് ഉണ്ടായിട്ടും രാജ്യസഭ തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യാന്‍ എത്തിയിട്ടും മുന്നണി യോഗത്തിന് എത്താതിരുന്നത് മനപൂര്‍വമാണ്. പാര്‍ട്ടിക്കുള്ളിലെ ആഭ്യന്തര പ്രശ്നങ്ങള്‍ ഒരു കാലത്തും മുന്നണിയിലേക്ക് വലിച്ചിഴച്ചിരുന്നില്ല. എന്നാലിപ്പോള്‍ അതും സംഭവിച്ചു. യുഡിഎഫിന്റെയും പാര്‍ട്ടിയുടെയും പ്രവര്‍ത്തനത്തെ ഇരു നേതാക്കളും പിന്നോട്ടു വലിക്കുന്നതായും കെപിസിസി നേതൃത്വത്തിന് പരാതിയുണ്ട്.
നിയമ സഭയിലെ പ്രതിപക്ഷത്തിന്റെ മികച്ച പ്രവര്‍ത്തനത്തിന്റെ തിളക്കം ഇല്ലാതാക്കാന്‍ ഈ നേതാക്കള്‍ ശ്രമിക്കുകയാണ്. ഘടക കക്ഷികള്‍ക്കിടയിലും പാര്‍ട്ടി അണികളിലും ഇത് ആശയ കുഴപ്പം ഉണ്ടാക്കുന്നുവെന്നും സംസ്ഥാന കോണ്‍ഗ്രസ് നേതൃത്വം ചൂണ്ടിക്കാണിക്കുന്നു.
എന്നാല്‍ തങ്ങളുടെ എതിര്‍പ്പ് അവഗണിച്ച് പുനസംഘടനയുമായി പാര്‍ട്ടി നേതൃത്വം മുന്നോട്ടു പോകുന്നതിലാണ് ഉമ്മന്‍ ചാണ്ടിക്കും ചെന്നിത്തലക്കും അതൃപ്തി. ഇക്കാര്യം അവര്‍ ഹൈക്കമാന്‍ഡിനെ അറിയിച്ചിരുന്നു. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധിയെ നേരിട്ടു കണ്ടാണ് ഉമ്മന്‍ ചാണ്ടി അതൃപ്തി അറിയിച്ചത്. എന്നാല്‍ നടപടികളുമായി മുന്നോട്ടു പോകാനാണ് കെപിസിസി നേതൃത്വത്തിന്റെ തീരുമാനം.
വാർത്തകൾക്ക് 📺 പിന്നിലെ സത്യമറിയാനും വേഗത്തിൽ⌚ അറിയാനും ഞങ്ങളുടെ വാട്ട്സാപ്പ് ചാനലിൽ അംഗമാകൂ 📲
https://whatsapp.com/channel/0029VaAscUeA89MdGiBAUc26
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ സീ ന്യൂസ് ലൈവിന്റെത് അല്ല. അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക.